ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാനൊരുങ്ങി ആസ്ട്രേലിയയും
അമേരിക്കക്ക് പിറകെ എംബസി ജറൂസലമിലേക്ക് മാറ്റാൻ തീരുമാനിച്ചെന്ന് സൂചന നല്‍കി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി. എതിര്‍പ്പുമായി ഫലസ്തീനും ഇന്തോനേഷ്യയും
അമേരിക്കക്കു പുറമെ ആസ്ട്രേലിയയും ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാനൊരുങ്ങുന്നു. ഇസ്രായേലിലെ എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയാണ് സൂചന നല്‍കിയത്. അതേസമയം, തീരുമാനത്തിനെതിരെ ഫലസ്തീനും ഇന്തോനേഷ്യയുമടക്കമുള്ള രാഷ്ട്രങ്ങള്‍ രംഗത്തുവന്നു.
പശ്ചിമേഷ്യൻ പ്രശ്നത്തിന് പരിഹാരം കാണാൻ ദ്വിരാഷ്ട്ര പരിഹാര ഫോർമുലയെ പിന്തുണക്കുന്നുവെന്നും എന്നാല്‍ എംബസി ജറൂസലേമിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ വാക്കുകള്‍.
ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് എംബസി തെൽഅവീവിൽനിന്ന് മാറ്റിയതിനു പിന്നാലെയാണ് ആസ്ട്രേലിയയുടെ നീക്കം. ഇസ്രായേലിലെ മുൻ ആസ്ട്രേലിയൻ അംബാസഡറും ഇന്ത്യൻ വംശജനുമായ ദേവ് ശർമയാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവെച്ചതെന്നും മോറിസൺ വ്യക്തമാക്കി. ഈയാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റിവ് ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയാണ് ശർമ.
ഫലസ്തീനെ വികസ്വര രാജ്യമായി പ്രഖ്യാപിക്കാന്‍ യു.എന്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ പിന്തുണക്കില്ലെന്നും ആസ്ട്രേലിയ അറിയിച്ചു. അതിനിടെ ആസ്ട്രേലിയയുടെ ഭാഗത്തു നിന്നുള്ളത് ദുഃഖകരമായ നടപടിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, നടപടി യു.എന്‍ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളെ തകര്‍ക്കുമെന്നും ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലിക്കി പ്രതികരിച്ചു. ഇന്തോനേഷ്യയില്‍ വിദേശകാര്യമന്ത്രിയുമായൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫലസ്തീന്‍ പ്രതിനിധി.
ഇന്തോനേഷ്യയും ആസ്ത്രേലിയന്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ചു. നീക്കത്തിൽനിന്ന് പിന്മാറിയില്ലെങ്കില്‍ ആസ്ട്രേലിയയുമായുള്ള വ്യാപാരപങ്കാളിത്തം ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുംഇന്തോനേഷ്യ നല്‍കിയിട്ടുണ്ട്
Adjust Story Font
16