ഡാന്യൂബിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍ പൊന്തിവന്ന നിധിക്കപ്പല്‍
ആഗസ്തില്‍ ഡാന്യൂബ് നദിയിലെ ജലനിരപ്പ് റെക്കോഡ് നിലയായ 0.61 മീറ്റര്‍ വരെ കുറഞ്ഞിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെപ്പോഴോ മുങ്ങിയ ചരക്കുകപ്പലാണ് വരള്‍ച്ചയുടെ ഫലമായി പുറത്തെത്തിയത്
ഡാന്യൂബ് നദിയിലെ ജലനിരപ്പ് മുന്‍പില്ലാത്തവിധം താഴ്ന്നപ്പോള്‍ നദീതീരത്ത് പൊന്തിവന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുങ്ങിയ ചരക്കു കപ്പല്‍. പതിനെട്ടാം നൂറ്റാണ്ടിലെപ്പോഴോ മുങ്ങിയ ചരക്കുകപ്പലാണ് വരള്‍ച്ചയുടെ ഫലമായി പുറത്തെത്തിയത്. 16- 17 നൂറ്റാണ്ടുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന ആയുധങ്ങളും നാണയങ്ങളും ഈ കപ്പലില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ദിവസങ്ങള്‍ നീണ്ട പര്യവേഷണങ്ങള്‍ക്കൊടുവില്‍ ഫെറന്‍സി മ്യൂസിയത്തിലെ ഗവേഷകരാണ് ഈ അപൂര്‍വ്വ നിധിശേഖരം കണ്ടെത്തിയത്. സ്വര്‍ണ നാണയങ്ങളും പൗരാണിക ആയുധങ്ങളും അടങ്ങുന്ന ഈ ശേഖരം കണ്ടെത്തിയത് അമേച്വര്‍ പുരാവസ്തു ഗവേഷകനാണ്. പിന്നീട് ഫെറന്‍സി മ്യൂസിയത്തിന്റെ ഗവേഷകര്‍ വിശദമായ പര്യവേഷണം നടത്തുകയായിരുന്നു.
രണ്ടായിരത്തോളം നാണയങ്ങള്‍ കപ്പലില്‍ നിന്നും ഇതുവരെ കണ്ടെത്തി കഴിഞ്ഞു. ഹാബ്‌സ്ബര്‍ഗ് രാജവംശത്തിലെ ഏക വനിതാ ഭരണാധികാരിയായിരുന്ന മരിയ തെരേസയുടെ കാലത്തുള്ള 1743ലെ നാണയങ്ങള്‍ വരെ ഇവിടെ നിന്നും കണ്ടെത്തി. 17-18 നൂറ്റാണ്ടുകളില്‍ ഹംഗറിയില്‍ പ്രചാരത്തിലുണ്ടായിരുന്ന 22 കാരറ്റ് സ്വര്‍ണ്ണ നാണയങ്ങളും കപ്പലില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
കുറച്ചുമാസങ്ങളായി കഠിനമായ വരള്‍ച്ചയെ തുടര്‍ന്ന് ഹംഗറിയിലെ നദികളുടെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണ്. ആഗസ്തില്‍ ഡാന്യൂബ് നദിയിലെ ജലനിരപ്പ് റെക്കോഡ് നിലയായ 0.61 മീറ്റര്‍ വരെ കുറഞ്ഞിരുന്നു. ജലനിരപ്പ് കുറഞ്ഞത് ഇതുവഴിയുള്ള കപ്പല്‍ ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. കിഴക്കന്‍ - പടിഞ്ഞാറന്‍ യൂറോപ്പിനെ ബന്ധിപ്പിക്കുന്ന സുപ്രധാന കപ്പല്‍ പാതയാണ് ഡാന്യൂബ് നദി വഴിയുള്ളത്. ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് രണ്ട് ആഴ്ചയോളമായി പല വമ്പന്‍ ചരക്കുകപ്പലുകളും ബുഡാപെസ്റ്റില്‍ പിടിച്ചിട്ടിരിക്കുകയാണ്.
Adjust Story Font
16