Quantcast

ലങ്കന്‍ പ്രതിസന്ധി രക്തകലുഷിതമായേക്കാം എന്ന് സ്പീക്കറുടെ മുന്നറിയിപ്പ്

‘പ്രശ്നങ്ങൾ പാർലമെന്റിന് അകത്തുതന്നെ പരിഹരിക്കണം. വിഷയം തെരുവിലേക്ക് ഇറക്കിയാൽ രക്തകലുഷിതമായ ദിവസങ്ങളിലേക്കാകും ഇനി രാജ്യം പോവുക’

MediaOne Logo

Web Desk

  • Published:

    30 Oct 2018 6:51 AM GMT

ലങ്കന്‍ പ്രതിസന്ധി രക്തകലുഷിതമായേക്കാം എന്ന് സ്പീക്കറുടെ മുന്നറിയിപ്പ്
X

ശ്രീലങ്കയിൽ ഉടലെടുത്ത രാഷ്ട്രീയ അനിശ്ചിതത്വം ഉടൻ പരിഹരിച്ചില്ലെങ്കിൽ രക്തകലുഷിതമായ ദിനങ്ങളിലേക്ക് വഴിമാറിയേക്കുമെന്ന് മുന്നറിയിപ്പ്. ശ്രീലങ്ക പ്രസിഡന്റിന്റെ അനുയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി പാർലമെന്റ് സ്പീക്കർ കാരു ജയസൂര്യ രംഗത്തെത്തിയത്. കേസിൽ പെട്രോളിയം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ അർജുന രണതുംഗയെ അറസ്റ്റ് ചെയ്തു. ശ്രീലങ്കയില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രിയായി അധികാരമേറ്റ രജപക്സെയും രംഗത്തുവന്നു.

പ്രസിഡന്റ് മൈത്രിപാല സിരിസേന തീരുമാനം പുനപ്പരിശോധിക്കണമെന്ന് പാർലമെന്റ് സ്പീക്കർ കാരു ജയസൂര്യ ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പാർലമെന്റിന് അകത്തുതന്നെ പരിഹരിക്കണം. അല്ലാതെ വിഷയം തെരുവിലേക്ക് ഇറക്കിയാൽ രക്തകലുഷിതമായ ദിവസങ്ങളിലേക്കാകും ഇനി രാജ്യം പോവുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പ്രസിഡന്റിന്റെ അനുയായിയെ വെടിവെക്കാൻ ഉത്തരവിട്ടതിന് പെട്രോളിയം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ അർജുന രണതുംഗ അറസ്റ്റിലായി. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു. രംണതുംഗയുടെ അംഗരക്ഷകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

ശ്രീലങ്കയില്‍ പ്രവശ്യ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റ മഹീന്ദ രജപക്സെ പറഞ്ഞിരുന്നു. രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാന വകുപ്പുകളിലേക്കുള്ള മന്ത്രിമാരെ ഉടന്‍ നിയമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മന്ത്രിസഭയും പാർലമെന്റും പ്രസിഡന്റ് മൈത്രിപാല സിരിസേന പിരിച്ചുവിട്ടതിനെ തുടർന്നാണ് ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമായത്. മഹീന്ദ രജപക്സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും പ്രധാനമന്ത്രിയായിരുന്ന റിനിൽ വിക്രമസിംഗെ ഓഫീസ് ഒഴിയാൻ തയ്യാറാകാതെയും വന്നതോടെ പ്രശ്നം രൂക്ഷമായി. അടിയന്തരമായി പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് യു.എസ് ശ്രീലങ്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് കൊളംബോ നഗരം.

TAGS :

Next Story