Quantcast

ചോര മണക്കുന്ന സ്കൂള്‍ ബാഗും തൂക്കി അവര്‍ ക്ലാസുകളിലെത്തി!സഹപാഠികളില്ലാത്ത ഒഴിഞ്ഞ ഇരിപ്പിടങ്ങളെ നോക്കി അവര്‍ തേങ്ങി

2015ല്‍ ആരംഭിച്ച യമന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ 5,000 കുട്ടികള്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായി യൂനിസെഫ് പറയുന്നു.

MediaOne Logo

Web Desk

  • Published:

    1 Nov 2018 7:23 AM GMT

ചോര മണക്കുന്ന സ്കൂള്‍ ബാഗും തൂക്കി അവര്‍ ക്ലാസുകളിലെത്തി!സഹപാഠികളില്ലാത്ത ഒഴിഞ്ഞ ഇരിപ്പിടങ്ങളെ നോക്കി അവര്‍ തേങ്ങി
X

യമനിലെ ദഹ്യാന്‍, സആദയിലുള്ള അല്‍ ഫലാഹ് പ്രൈമറി സ്കൂളില്‍ കുറച്ച് മാസം മുമ്പ് വരെ ഏതൊരു സ്കൂളും പോലെ തന്നെയായിരുന്നു. ഗ്രൌണ്ടിലൂടെ കൂട്ടുകാര്‍ക്കൊപ്പം തോളില്‍ കയ്യിട്ടു കൂട്ടം കൂട്ടമായി നടന്നകലുന്ന കൂട്ടുകാര്‍. നിറമുള്ള ബാഗുകള്‍, പുസ്തകങ്ങള്‍, എല്ലാവരും യൂനിഫോം ധരിച്ച്, വരാന്തയിലൂടെ നടന്നു നീങ്ങുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും, ഗ്രൌണ്ടില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഫുട്ബോള്‍ കളിക്കാരായ ക്രിസ്റ്റ്യാനോയെയും, മെസ്സിയെയും നെയ്മറെയും അവരുടെ കിക്കുകളെയും അനുകരിക്കുന്നവര്‍. അങ്ങനെ പലതും.

പക്ഷെ കഴിഞ്ഞ ഞായറാഴ്ച്ച സ്കൂളിലെ ബെല്‍ മുഴങ്ങിയപ്പോള്‍ ഊന്നുകാലുമേന്തി വേച്ച് വേച്ച് നടക്കുന്ന, ശരീരത്തില്‍ വിവിധയിടങ്ങളിലായി മുറിവേറ്റ് തളര്‍ന്ന വിദ്യാര്‍ത്ഥികളെയാണ് കാണാന്‍ കഴിഞ്ഞത്. സ്കൂളിലെ ചുമരില്‍ ഇങ്ങനെ എഴുതി വെച്ചിരുന്നു. സന്തോഷം നിറയുന്ന ഇടങ്ങള്‍ കൂടിയാണ് സ്കൂളുകള്‍ എന്ന്. പക്ഷെ കുറച്ച് വര്‍ഷങ്ങളായി സംഘര്‍ഷഭരിതമാണ് യെമനിന്‍റെ കുഞ്ഞുമനസ്സുകളും.

ആഗസ്റ്റ് ഒമ്പതിനു നടന്ന ആക്രമണം നേരിട്ടുകണ്ട ഹസ്സന്‍ ഹനാഷ് എന്ന 12 കാരന്‍ പറയുന്നു. ഞാന്‍ സ്കൂള്‍ ബസിന് പുറകിലായി അല്പം ദൂരെ മാറി നില്‍ക്കുകയായിരുന്നു. പൊടുന്നനെയാണ് യു.എസ് നിര്‍മിത മിസൈല്‍ സ്കൂള്‍ ബസിന് മുകളില്‍ പതിക്കുന്നത്. ബസ് കത്തിയമര്‍ന്നു. എല്ലാവരും മരിച്ചു കാണും. എനിക്കും സാരമായി പരിക്കേറ്റു. മുറിവെല്ലാം ഉണങ്ങി തുടങ്ങിയിട്ടുണ്ട്. പക്ഷെ ആ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല. എനിക്കിപ്പോഴും അറിയില്ല അവരെന്തിനാണ് മിസൈല്‍ വിട്ടത് എന്ന്.

ആഗസ്റ്റ് ഒമ്പതിന് നടന്ന മിസൈല്‍ ആക്രമണത്തില്‍ 42 ആണ്‍കുട്ടികള്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. 2015ല്‍ ആരംഭിച്ച യമന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ 5,000 കുട്ടികള്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായി യൂനിസെഫ് പറയുന്നു. ഗുരുതരമായ പോഷകാഹാര കുറവ് മൂലം നാല് ലക്ഷം കുട്ടികള്‍ ജീവന്‍ നിലനിറുത്തുന്നതിനായി പോരാടുകയാണെന്നും ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2015 മാര്‍ച്ചില്‍ യമനിലെ ആഭ്യന്തര കലഹത്തില്‍ സൗദി അറേബ്യ ഇടപെട്ടു തുടങ്ങിയതിനുശേഷം രണ്ട് ദശലക്ഷം യമനി കുട്ടികളുടെ വിദ്യാഭ്യാസമാണ് മുടങ്ങിയിരിക്കുന്നത്.

TAGS :

Next Story