തൊഴിലാളികൾക്ക് വേണ്ടി കുടിയേറ്റ നിയമം മയപ്പെടുത്തി ജപ്പാൻ; ജോലി ചെയ്യാൻ ഇനി രണ്ട് തരം വിസ
തൊഴിലാളികൾക്ക് വേണ്ടി കുടിയേറ്റനിയമം ജപ്പാൻ മയപ്പെടുത്തുന്നു. ജപ്പാനിൽ ജോലിചെയ്യാൻ വരുന്നവർക്ക് രണ്ട് തരം വിസയാകും ഇനി അനുവദിക്കുക. വ്യാവസായിക മേഖലകളിൽ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബിൽ.
രണ്ട് തരം വിസകളാണ് ഇനി ജപ്പാനിലേക്കെത്താൻ ലഭിക്കുക. ഒരു വിസയിൽ അഞ്ച് വർഷം വരെ ജപ്പാനിൽ ജോലി ചെയ്യാം. കുടുംബത്തെയും കൂടെ കൂട്ടാം. ജോലിയിൽ അൽപ്പമെങ്കിലും പരിചയം ഉള്ളവർക്കും ജാപ്പനീസ് ഭാഷ സംസാരിക്കുന്നവർക്കും ഈ വിസക്ക് യോഗ്യത നേടാം. ജോലിയിൽ നല്ല പ്രാഗത്ഭ്യം ഉള്ളവർക്കേ അടുത്ത വിസ നേടാൻ യോഗ്യത ലഭിക്കൂ. താമസ വിസക്ക് ഭാവിയിൽ അപേക്ഷിക്കുകയും ചെയ്യാം. ജപ്പാന്‍റെ ഭാവിയെ മുന്നിൽകണ്ടുള്ള തീരുമാനമെന്ന് ബിൽ പാസാക്കികൊണ്ട് പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു.
വിദേശികൾക്ക് ജപ്പാനിൽ ജോലി ചെയ്യാൻ കടുത്ത നിയന്ത്രണങ്ങളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. പുതിയ നിയമം അനുസരിച്ച് ഇത് കൂടുതൽ മയപ്പെടും. പാർലമെന്‍റിലും പാസാക്കാൻ സാധിച്ചാലേ ബിൽ നിയമമാകൂ. ബില്ലിനോട് പ്രതിപക്ഷം എതിർപ്പ് അറിയിച്ചിട്ടുണ്ട്. കുടിയേറ്റം തടയുന്ന വികസിത രാജ്യങ്ങൾക്ക് സംഭവിക്കുന്നത് എന്ത് എന്നതിന്‍റെ കൃത്യമായ ഉദാഹരണമാണ് ജപ്പാൻ. രാജ്യത്തെ ജനനനിരക്ക് 1.4 ആയി കുറഞ്ഞു. ശരാശര ആയുർ ദൈർഘ്യം 85.5 ആണ്. സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു. പാടശേഖരങ്ങളിൽ പോലും പണിയെടുക്കുന്നത് വൃദ്ധരാണ്. നിലവിൽ നിർമാണം, കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് പ്രതിസന്ധി കൂടുതൽ. നിലവിൽ ഇവിടെ ജോലി ചെയ്യുന്ന പലരും 14 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടി വരുന്നുണ്ട്.
Adjust Story Font
16