‘നാണംകെട്ട വഞ്ചന’ ഓങ് സാന്‍ സൂ ചിയുടെ ബഹുമതി ആംനസ്റ്റി റദ്ദാക്കി
സൂ ചിയെ പ്രത്യാശയുടേയും ധീരതയുടേയും മനുഷ്യാവകാശം സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ പോരാട്ടത്തിന്റേയും പ്രതീകമായി ഇനി കാണാനാവില്ലെന്ന്
റോഹിംഗ്യ മുസ്‍ലിംകള്‍ക്കെതിരായ മ്യാന്‍മര്‍ സൈന്യത്തിന്റെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് മ്യാന്‍മര്‍ പരമോന്നത നേതാവും സമാധാന നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സൂ ചിക്ക് നല്‍കിയ പരമോന്നത ബഹുമതി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പിന്‍വലിച്ചു. സൈനിക ഭരണകൂടത്തിന്റെ വീട്ടുതടങ്കലില്‍ കഴിയവേ 2009ല്‍ സൂ ചിക്ക് നല്‍കിയ അംബാസഡര്‍ ഓഫ് കോണ്‍ഷ്യന്‍സ് പുരസ്‌കാരമാണ് ആംനസ്റ്റി പിന്‍വലിച്ചത് പുരസ്‌കാരമെത്തിയത്. സൂ ചിയെ പ്രത്യാശയുടേയും ധീരതയുടേയും മനുഷ്യാവകാശം സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ പോരാട്ടത്തിന്റേയും പ്രതീകമായി ഇനി കാണാനാവില്ലെന്ന് ആംനസ്റ്റി ചീഫ് കുമി നായ്ഡു, സൂ ചിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
സൈന്യത്തിന്റേയും ബുദ്ധിസ്റ്റ് തീവ്രവാദികളുടേയും ആക്രമണങ്ങളെ തുടര്‍ന്ന് 7,20,000 റോഹിംഗ്യകളാണ് മ്യാന്‍മറിലെ റാഖിന്‍ പ്രവിശ്യയില്‍ നിന്നടക്കം അയല്‍രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്തത് എന്നാണ് യുഎന്നിന്റെ കണക്ക്. നിരവധി കൂട്ടക്കൊല ചെയ്യപ്പെടുകയും സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗത്തിന് ഇരകളാക്കപ്പെടുകയും ചെയ്തു. റോംഹിഗ്യകളുടെ കൂട്ടക്കൊലയെ വംശഹത്യയായി തന്നെയാണ് യുഎന്‍ പരിഗണിച്ചിട്ടുള്ളത്.
രോഹിംഗ്യകള്‍ക്കെതിരെ നടന്നുവരുന്ന പട്ടാള നടപടികളെ തീവ്രവാദികള്‍ക്കും ഭീകരപ്രവര്‍ത്തകര്‍ക്കും എതിരായ പോരാട്ടം എന്നു പറഞ്ഞ് സൂ ചി ന്യായീകരിക്കുന്നു. രോഹിംഗ്യകള്‍ അനുഭവിക്കുന്ന പീഢനങ്ങളും യാതനകളും ലോകശ്രദ്ധയിലേക്കു കൊണ്ടുവന്ന രാജ്യാന്തര മാധ്യമങ്ങളെയും രോഹിംഗ്യകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന യു.എന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളെയും മ്യാന്‍മറിന്റെ ശത്രുക്കളായും അവര്‍ കാണുന്നു. മ്യാന്‍മറിലെ മനുഷ്യാവകാശസ്ഥിതി അന്വേഷിക്കാന്‍ നിയോഗിതയായ യു.എന്‍ പ്രത്യേക പ്രതിനിധി യാംഗീ ലീയെ കഴിഞ്ഞ മാസം രാജ്യത്തു പ്രവേശിക്കാന്‍ പോലും അനുവദിക്കുകയുണ്ടായില്ല. അവരുടെ വിലയിരുത്തലുകള്‍ പക്ഷപാതപരമാണെന്നായിരുന്നു അതിനു പറഞ്ഞ കാരണം.
രോഹിന്‍ഗ്യകള്‍ മുഖ്യമായി താമസിക്കുന്ന രാഖിന്‍ പ്രവിശ്യയില്‍ ഒരിടത്തു ഒട്ടേറെ പേരുടെ മൃതദേഹങ്ങള്‍ ഒന്നിച്ചു കുഴിച്ചുമൂടിയതായി കണ്ടെത്തുകയും അതു ലോകശ്രദ്ധയിലെത്തിക്കുകയും ചെയ്തതു വാ ലോണ്‍ (31), ക്യാ സോ ഊ (28) എന്നീ റോയിട്ടര്‍ റിപ്പോര്‍ട്ടര്‍മാരായിരുന്നു. ഇരുവരെയും പൊലീസ് അത്താഴത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയത്രേ. അതിനുശേഷം അവരെപ്പറ്റി ഒരു വിവരമുമില്ലാതായി. രാജ്യസുരക്ഷാ സംബന്ധമായ ഔദ്യോഗിക രഹസ്യരേഖകള്‍ അവരില്‍നിന്നു കണ്ടുകിട്ടിയെന്നും അതിനാല്‍ അവരെ അറസ്റ്റ് ചെയ്തുവെന്നുമാണ് പൊലീസ് പിന്നീട് അറിയിച്ചത്. കുറ്റം തെളിഞ്ഞാല്‍ 14 വര്‍ഷംവരെ ജയില്‍ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് അവരുടെ മേല്‍ ചുമത്തിയിട്ടുള്ളത്. റിപ്പോര്‍ട്ടര്‍മാരുടെ ഭാര്യമാര്‍ സൂ ചിക്കെതിരെ പ്രതിഷേധവും രൂക്ഷ വിമര്‍ശനവുമായി നടത്തിയ വാര്‍ത്താസമ്മേളനം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
15 വര്‍ഷം സൈനിക ഭരണകൂടത്തിന്റെ വീട്ടുതടങ്ങലില്‍ കഴിഞ്ഞ ഓങ് സാന്‍ സൂ ചി 90കള്‍ മുതല്‍ അന്താരാഷ്ട്രതലത്തില്‍ മനുഷ്യാവകാശ പോരാട്ടത്തിന്റെ ഏറ്റവും ഊര്‍ജ്ജസ്വലമായ പ്രതീകങ്ങളിലൊന്നായിരുന്നു. 2015ല്‍ സൂ ചിയുടെ എന്‍.എല്‍.ഡി (നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി) മ്യാന്‍മര്‍ പൊതുതിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് നേടിയത്.
Adjust Story Font
16