ശ്രീലങ്കയില്‍ പാർലമെന്റ് പിരിച്ചുവിട്ടതിനെതിരെ സുപ്രീംകോടതിയില്‍ ഹരജി
പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടി, പ്രധാന പ്രതിപക്ഷമായ തമിഴ് നാഷനൽ അലയൻസ്, ജനത വിമുക്തി പെരുമുന തുടങ്ങിയ കക്ഷികൾ അടക്കം 10 സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി പുതിയ തലങ്ങളിലേക്ക്. കാലാവധി തീരും മുൻപ് പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടിക്കെതിരെ ശ്രീലങ്കയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ സുപ്രീംകോടതിയില്‍ ഹരജി നല്‍കി.
പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടി, പ്രധാന പ്രതിപക്ഷമായ തമിഴ് നാഷനൽ അലയൻസ്, ജനത വിമുക്തി പെരുമുന തുടങ്ങിയ കക്ഷികൾ അടക്കം 10 സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രസിഡന്റിന്റെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഹരജിക്കാരില്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ അംഗം പ്രഫസര്‍ രത്ന ജീവന്‍ ഹൂലെയും ഉള്‍പ്പെടും.
20 മാസം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് കഴിഞ്ഞ 9ന് പാര്‍ലമെന്‍റ് പിരിച്ചു വിട്ട് ജനുവരി 5ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതിയ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയ്ക്ക് 14ന് സഭ ചേരുമ്പോൾ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഈ നടപടി. ഭരണഘടനയുടെ 19-ആം ഭേദഗതിപ്രകാരം നാലര വർഷത്തിനു മുൻപ് സഭ പിരിച്ചുവിടാൻ പ്രസിഡന്റിന് അധികാരമില്ലെന്നാണ് ഹരജിക്കാര്‍ പറയുന്നത്.
രജപക്സെയെ അട്ടിമറിച്ച് 2015ലാണ് മൈത്രിപാല സിരിസേന ശ്രീലങ്കന്‍ പ്രസിഡന്റായത്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയുടെ പിന്തുണയോടെയാണ് സിരിസേനയുടെ വിജയം. വിക്രസിംഗയുമായുള്ള ബന്ധം വഷളയതോടെ കഴിഞ്ഞ മാസം 26ന് അദ്ദേഹത്തെ പുറത്താക്കി രജപക്സെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചിരുന്നു.
Adjust Story Font
16