Quantcast

സായുധ കലാപകാരികളെ അടിച്ചമര്‍ത്താന്‍ ചാവേര്‍ പട രൂപീകരിക്കുമെന്ന് ഫിലിപ്പീന്‍സ്

അഞ്ച് പതിറ്റാണ്ടായി കമ്യൂണിസ്റ്റ് മിലീഷ്യകളായ ‘ന്യൂ പിപ്പിൾസ് ആർമി’ക്ക് എതിരെ പോരാടികൊണ്ടിരിക്കുകയാണ് ഫിലിപ്പിൻസ്

MediaOne Logo

Web Desk

  • Published:

    28 Nov 2018 2:55 PM GMT

സായുധ കലാപകാരികളെ അടിച്ചമര്‍ത്താന്‍ ചാവേര്‍ പട രൂപീകരിക്കുമെന്ന് ഫിലിപ്പീന്‍സ്
X

കലാപകാരികളെ നേരിടാൻ ചാവേർ പടയെ നിയമിക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ്. രാജ്യത്ത് കാലങ്ങളായി തുടരുന്ന കമ്യൂണിസ്റ്റ് സായുധ കലാപകാരികളെ ഇല്ലാതാക്കാനാണ് ചാവേർ പടയാളികളെ നിയോഗിക്കുമെന്ന പ്രസ്താവനയുമായി പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെർടെ രംഗത്ത് വന്നത്. എന്നാൽ പ്രസിഡന്റിനെതിരെ കടുത്ത പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നു. പ്രസിഡന്റിന്റെ നീക്കം പ്രശ്നബാധിത രാജ്യത്തെ കൂടുതൽ വഷളായ സ്ഥിതിയിലേക്ക് തള്ളിവിടുമെന്ന് അവർ പറഞ്ഞു.

അഞ്ച് പതിറ്റാണ്ടായി കമ്യൂണിസ്റ്റ് മിലീഷ്യകളായ ‘ന്യൂ പിപ്പിൾസ് ആർമി’ക്ക്(എൻ.പി.എ) എതിരെ പോരാടികൊണ്ടിരിക്കുകയാണ് ഫിലിപ്പിൻസ്. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള സായുധ കലാപമാണ് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്. വിമത വിഭാഗവുമായി സർക്കാറിന്റെ സാമാധാന ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കേ, കഴിഞ്ഞ വര്‍ഷം സെെനിക താവളത്തിനെതിരെ ആക്രമണമുണ്ടാവുകയും ചർച്ച വഴിമുട്ടുകയുമായിരുന്നു. എൻ.പി.എയുടെ സായുധ വിഭാഗമായ ‘സ്പാരോ യുണിറ്റി’നെതിരെ സെെന്യത്തിന് കീഴിൽ ‘ആന്റി-സ്പാരോ യുണിറ്റ്’ രൂപീകരിക്കുമെന്നാണ് പ്രസിഡന്റ് ഡുറ്റെർടെ പറഞ്ഞിരിക്കുന്നത്.

സമാധാന ചർച്ചയുടെ സമയം കഴിഞ്ഞിരിക്കുകയാണെന്നും, വിമതരെ അവരുടേതായ രീതി വെച്ച് കെെകാര്യം ചെയ്യുകയാണ് വേണ്ടതെന്നും ഡുറ്റെർടെ പറഞ്ഞു. എന്നാൽ തങ്ങൾക്ക് ഇപ്പോഴും സ്പാരോ യുണിറ്റ് ഉണ്ടെന്ന വാദം കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവായ ജോസ് മരിയ സിസൺ നിഷേധിച്ചു. സായുധ കലാപം ശക്തമായിരുന്ന 1970-80കളിലാണ് പാർട്ടിക്ക് സ്പാരോ വിങ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, പ്രസിഡന്റിന്റെ പ്രസ്താവനക്കെതിരെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നു. ഇരു ഭാഗങ്ങളും സായുധ ആക്രമണത്തിന് മുതിരുന്നത് പ്രശ്നബാധിത പ്രദേശങ്ങളിലെ സ്ഥിതി കൂടുതൽ വഷളാക്കാൻ ഇടവരുത്തുമെന്ന് അവർ പറഞ്ഞു. കമ്യണിസ്റ്റ് പാർട്ടിയേയും, 3,800 അംഗങ്ങളുള്ള ന്യൂ പീപ്പിൾസ് ആർമിയേയും തീവ്രവാദ സംഘടനയായി പ്രഖ്യപിച്ചിരിക്കുകയാണ് ഫിലിപ്പീൻസ്.

TAGS :

Next Story