Quantcast

ക്രിമിയയില്‍ മിസൈലുകള്‍ വിന്യസിക്കാന്‍ റഷ്യ; ‘യുദ്ധഭീഷണി’യെ  അപലപിച്ച് യുക്രൈന്‍

അത്യാധുനിക സൌകര്യങ്ങളുള്ള എസ്-400 ഉപരിതല മിസൈലുകളാണ് റഷ്യ ക്രിമിയയില്‍ വിന്യസിക്കുക. റഷ്യയുടെ മൂന്ന് ബറ്റാലിയന്‍ വിമാന വേധ മിസൈല്‍ ഇപ്പോള്‍ത്തന്നെ ഇവിടെയുണ്ട്. 

MediaOne Logo

Web Desk

  • Published:

    29 Nov 2018 3:28 AM GMT

ക്രിമിയയില്‍ മിസൈലുകള്‍ വിന്യസിക്കാന്‍ റഷ്യ; ‘യുദ്ധഭീഷണി’യെ  അപലപിച്ച് യുക്രൈന്‍
X

യുക്രൈനിന്റെ നാവിക കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് അയവില്ല. ക്രിമിയയില്‍ അത്യാധുനിക ഉപരിതല മിസൈലുകള്‍ ഉടന്‍ വിന്യസിക്കുമെന്ന് റഷ്യ വ്യക്തമാക്കി. റഷ്യന്‍ നടപടിയെ യുക്രൈന്‍ അപലിച്ചു. അതിനിടെ റഷ്യ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന 9 പേരെ കൂടി കോടതി റിമാന്‍ഡ് ചെയ്തു.

അത്യാധുനിക സൌകര്യങ്ങളുള്ള എസ്-400 ഉപരിതല മിസൈലുകളാണ് റഷ്യ ക്രിമിയയില്‍ വിന്യസിക്കുക. റഷ്യയുടെ മൂന്ന് ബറ്റാലിയന്‍ വിമാന വേധ മിസൈല്‍ ഇപ്പോള്‍ത്തന്നെ ഇവിടെയുണ്ട്. ഇതിന് പുറമെയാണ് പുതിയ മിസൈല്‍ വിന്യാസം. ഒരേ സമയം 300 ലക്ഷ്യത്തിലേക്ക് വരെ ആക്രമണം നടത്താന്‍ കഴിയുന്ന മിസൈലുകളാണ് എസ്-400. 250 മൈല്‍ അകലത്തിലുള്ള ലക്ഷ്യത്തിലേക്ക് വരെ ആക്രമണം നടത്താനും സാധിക്കും.

റഷ്യയുടെ നീക്കങ്ങള്‍ നല്ലതിനല്ലെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കി. അസോവ് സമുദ്രത്തിന്റെ നിയന്ത്രണം വരുതിയിലാക്കാനാണ് റഷ്യ ശ്രമിക്കുന്നത് എന്ന് യുക്രൈന്‍ ആരോപിച്ചു. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയതായി യുക്രൈന്‍ സുരക്ഷാവിഭാഗം വ്യക്തമാക്കി. അതിനിടെ അമേരിക്ക യുക്രൈന് സൈനിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. യുക്രൈനിന്റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി.

റഷ്യയുടെ സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ചു എന്നാരോപിച്ച് ഞായറാഴ്ചയാണ് മൂന്ന് കപ്പലുകളെയും 24 നാവികരെയും റഷ്യ കസ്റ്റഡിയിലെടുത്തത്. നാവികര്‍ക്കെതിരായ കുറ്റം തെളിഞ്ഞാല്‍ ആറ് വര്‍ഷം വരെ അവര്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. കപ്പലുകള്‍ യുക്രൈനിന് വിട്ടു കൊടുക്കണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യമുന്നയിച്ചുണ്ടെങ്കിലും റഷ്യ വഴങ്ങിയിട്ടില്ല. റഷ്യ മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണ് എന്നാണ് യുക്രൈനിന്റെ വാദം. ക്രിമിയയില്‍ റഷ്യ കൂടുതല്‍ മിസൈലുകള്‍ കൂടി സ്ഥാപിക്കുന്നതോടെ മേഖല കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story