Quantcast

ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം

വിവിധ ലോക നേതാക്കളുടെ വ്യത്യസ്ത ചര്‍ച്ചകള്‍ക്കും വരും ദിവസങ്ങളില്‍ അര്‍ജന്റീന വേദിയാകും. യു.എസ്-മെക്സിക്കോ-കാനഡ കരാറില്‍ ഒപ്പു വെക്കലും ജി20യിലെ അജണ്ടയിലൊന്നാണ്.

MediaOne Logo

Web Desk

  • Published:

    30 Nov 2018 2:48 AM GMT

ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം
X

ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. അര്‍ജന്റീനയിലെ ബേനസ് എയ്റിസില്‍ നടക്കുന്ന ഉച്ചകോടി നാളെ സമാപിക്കും. വിവിധ ലോക നേതാക്കളുടെ നിര്‍ണ്ണായക കൂടിക്കാഴ്ചകള്‍ക്കും ബേനസ് എയ്റിസ് സാക്ഷ്യം വഹിക്കും. 19 രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. രണ്ട് ദിവസം നീളുന്ന ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം ആഗോള സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കുക എന്നതാണ്. ഒപ്പം ആഗോള താപനമടക്കുള്ള വിവിധ വിഷയങ്ങളും ഉച്ചകോടിയുടെ പരിഗണനക്ക് വരും.

വിവിധ ലോക നേതാക്കളുടെ വ്യത്യസ്ത ചര്‍ച്ചകള്‍ക്കും വരും ദിവസങ്ങളില്‍ അര്‍ജന്റീന വേദിയാകും. യു.എസ്-മെക്സിക്കോ-കാനഡ കരാറില്‍ ഒപ്പു വെക്കലും ജി20യിലെ അജണ്ടയിലൊന്നാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് - ട്രംപ് കൂടിക്കാഴ്ചയും ലോകം ഉറ്റു നോക്കുന്ന ഒന്നാണ്. അതോടൊപ്പം ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബെ, ഡൊണാള്‍ഡ് ട്രംപ് എന്നിവരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ട്രംപ്- ഷീങ്പിങ്- മോദി ത്രിരാഷ്ട്ര ചര്‍ച്ചക്കും അര്‍ജന്റീന വേദിയാകുന്നുണ്ട്.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിശ്ചയിച്ച കൂടിക്കാഴ്ചയും ഏറെ പ്രധാനമാണ്. മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി തുര്‍ക്കിയില്‍ കൊല്ലപ്പെട്ട ശേഷം ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഒപ്പം മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപുമായും പ്രത്യേക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

അതേസമയം, ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ബേനസ് എയ്റിസ് നഗരം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തില്‍ നിന്നും തദ്ദേശവാസികളെ നേരത്തെ തന്നെ മാറ്റിതാമസിപ്പിച്ചിരുന്നു. ഒപ്പം നഗരത്തിലേക്കുള്ള ട്രെയിന്‍, വ്യോമ ഗതാഗത സംവിധാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

TAGS :

Next Story