Quantcast

മൂന്നാമത്തെ ടെസ്റ്റിലും കോവിഡ് പോസിറ്റീവ്: ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബൊല്‍സനാരോ ക്വാറന്‍റൈനിൽ തുടരും

ജൂലൈ 7 നാണ് 65 കാരനായ ബൊല്‍സനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്

MediaOne Logo

  • Published:

    23 July 2020 1:48 PM GMT

മൂന്നാമത്തെ ടെസ്റ്റിലും കോവിഡ് പോസിറ്റീവ്: ബ്രസീല്‍ പ്രസിഡന്‍റ്  ജെയിര്‍ ബൊല്‍സനാരോ ക്വാറന്‍റൈനിൽ തുടരും
X

മൂന്നാമത്തെ ടെസ്റ്റിലും ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബൊല്‍സനാരോയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. ജൂലൈ 7 നാണ് 65 കാരനായ ബൊല്‍സനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ രണ്ട് ടെസ്റ്റുകളിലും അദ്ദേഹം പോസിറ്റീവ് ആയി. അതുകൊണ്ട് രണ്ടാഴ്ചത്തേക്കു കൂടി അദ്ദേഹം ക്വാറന്‍റൈനിൽതന്നെ തുടരണം.

കോവിഡ്, ചെറിയൊരു പനിയും ജലദോഷവും വരുന്നതുപോലെയാണെന്നും പറഞ്ഞ് കോവിഡിനെ നിസാരമായി കണ്ട ഭരണാധികാരിയായിരുന്നു ജെയിര്‍ ബൊല്‍സൊണാരോ. കോവിഡ് വ്യാപനം ബ്രസീലില്‍ രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യത്ത് എല്ലാ നിയന്ത്രണങ്ങളും ബൊല്‍സൊണാരോ പിന്‍വലിച്ചിരുന്നു. സാമ്പത്തികവ്യവസ്ഥയെ തകര്‍ക്കുമെന്ന കാരണം പറഞ്ഞാണ് കുറച്ച് കാലത്തേക്ക് മാത്രം നടപ്പാക്കിയ ലോക്ക്ഡൗണ്‍ ബൊല്‍സൊണാരോ പിന്‍വലിച്ചത്. മാസ്ക് വയ്ക്കേണ്ട കാര്യമില്ലെന്നായിരുന്നു ബൊല്‍സൊണാരോയുടെ പക്ഷം. മാധ്യമങ്ങളാണ് കുപ്രചരണങ്ങള്‍ നടത്തുന്നതെന്നായിരുന്നു പ്രസിഡന്‍റിന്‍റെ ആരോപണം. മാസ്ക് ധരിക്കാതെ നിരവധി പൊതുചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു. ബ്രസീലിലെ ഊഷ്മളമായ കാലാവസ്ഥയില്‍ വൈറസ് വ്യാപിക്കില്ലെന്നും മഹാമാരി അവസാനിച്ചുവെന്നുമായിരുന്നു മാര്‍ച്ച് 18ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിന് ശേഷം ബ്രസീല്‍ കൂടുതല്‍ മോശമായ അവസ്ഥയിലേക്കാണ് പോയത്.

കടുത്ത പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ നാലാമത്തെ പരിശോധനയിലാണ് പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചത്. നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് രോഗം ഭേദമാകാന്‍ സാധാരണ രണ്ടാഴ്ചയാണ് എടുക്കാറ്. നിലവില്‍ മുഖാമുഖമുള്ള കൂടിക്കാഴ്ചകള്‍ ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ബൊല്‍സനാരോ യോഗങ്ങളും വാര്‍ത്താസമ്മേളനവും നടത്തുന്നത്. ബൊല്‍സനാരോയുടെ കാബിനറ്റിലെ നാലംഗങ്ങള്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് ബാധിതനായി ക്വാറന്‍റൈനിലിരിക്കെ ബൊല്‍സണാരോയെ ഒട്ടകപക്ഷി കൊത്തി പരിക്കേല്‍പ്പിച്ചത് വാര്‍ത്തയായിരുന്നു. എമുവിനോട് സാദ്യശ്യമുള്ള അമേരിക്കൻ ഒട്ടകപക്ഷി എന്ന് അറിയപ്പെടുന്ന റിയ ആണ് ബൊല്‍സണാരോയെ ആക്രമിച്ചത്. ഭക്ഷണം നല്‍കവെയാണ് പക്ഷി പ്രസിഡണ്ടിനെ കൊത്തി പരിക്കേല്‍പ്പിച്ചത്. തെക്കേ അമേരിക്കയില്‍ വസിക്കുന്ന, റിയ പക്ഷിക്ക് പറക്കാന്‍ സാധിക്കില്ല. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏഴാം തീയതി മുതല്‍ ബൊല്‍സണാരോ തന്‍റെ കൊട്ടാരത്തില്‍ ക്വാറന്‍റൈനിലായിരുന്നു.

TAGS :

Next Story