പ്രത്യേക പരിശീലനം ലഭിച്ച നായകള്‍ക്ക് കൊറോണ വൈറസിനെ തിരിച്ചറിയാനാകുമെന്ന് ഗവേഷകര്‍
പിസിആര്‍ ടെസ്റ്റിനേക്കാള്‍ വിശ്വസനീയമായ ഫലമാണ് ഇത് നല്‍കുന്നതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
പ്രത്യേക പരിശീലനം ലഭിച്ച നായകള്‍, കൊറോണ വൈറസിന്‍റെ സാന്നിധ്യം തിരിച്ചറിയുന്നതില്‍ വിജയിച്ചതായി അവകാശപ്പെട്ട് ഫിന്‍ലാന്‍ഡ്. ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഗവേഷകരാണ് നായകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത്. കോവിഡ് 19 രോഗനിര്‍ണയത്തിന് നായകളുടെ സഹായം തേടാമെന്നാണ് ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. പിസിആര്‍ ടെസ്റ്റ് പോലുളള നൂതന പരിശോധനാരീതികളുടെ സഹായത്തോടെയാണ് നിലവില്‍, മനുഷ്യരില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടുപിടിക്കുന്നത്. രോഗികളുടെ യൂറിന്‍ സാമ്പിളുകള്‍ ഉപയോഗിച്ച് കൊറോണ വൈറസിനെ തിരിച്ചറിയുന്നതിനുള്ള പരിശീലനമാണ് ഈ നായകള്‍ക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്നത്.
തങ്ങളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് തങ്ങള്‍ക്ക് ലഭിച്ച ഫലമെന്ന് ഗവേഷകര്‍ പറയുന്നു. നേരത്തെ നായകളെ ഉപയോഗിച്ച് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. എന്നാല്‍ അതിലും എത്രയോ എളുപ്പത്തിലാണ് കൊറോണ വൈറസിന്‍റെ സാന്നിധ്യം ഈ നായകള്‍ കണ്ടെത്തിയിരിക്കുന്നത് എന്നത് തങ്ങളെ പോലും അത്ഭുതപ്പെടുത്തിയെന്നും ഗവേഷകര്‍ പറഞ്ഞു.
കൊറോണ ഇല്ലാത്ത സാമ്പിളുകളുടെ കൂട്ടത്തില്‍ കോവിഡ് രോഗിയുടെ സാമ്പിള്‍ വച്ചാല്‍, അതില്‍ നിന്ന് എളുപ്പം വൈറസ് സാമ്പിള്‍ കണ്ടെത്തുന്നതിനുളള പരിശീലനമാണ് പട്ടികള്‍ക്ക് ലഭിച്ചത്. അഞ്ച് സാമ്പിളുകളില്‍ നാലും കൊറോണ രോഗികള്‍ അല്ലാത്തവരുടെ സാമ്പിളായിരുന്നുവെന്നും, പരിശീലനം ലഭിച്ച നായകള്‍ അഞ്ച് യൂറിന്‍ സാമ്പിളുകളില്‍ നിന്ന് കൃത്യമായി കോവിഡ് 19 രോഗിയുടെ യൂറിന്‍ കണ്ടെത്തിയെന്നും ഹെല്‍സിങ്കിയിലെ ഗവേഷകര്‍ വിശദീകരിക്കുന്നു. പിസിആര്‍ ടെസ്റ്റിനേക്കാള്‍ വിശ്വസനീയമായ ഫലമാണ് ഇത് നല്‍കുന്നതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. രോഗലക്ഷണമുള്ളവരില്‍ നിന്ന് പെട്ടെന്ന് തന്നെ രോഗികളെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായകളെ ഉപയോഗപ്പെടുത്താനായാല്‍ അത് വലിയ നേട്ടമാകുമെന്നും ഈ ഗവേഷകര്‍ അവകാശപ്പെടുന്നു.
Adjust Story Font
16