ഉയ്ഗൂര്‍ വംശഹത്യ; ചൈനയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം
യൂറോപ്യൻ യൂണിയൻ, യു.കെ, യു.എസ്, കാനഡ എന്നിവ സംയുക്തമായാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.
സിൻജിയാങ് പ്രവിശ്യയിലെ മുസ്ലീം ന്യൂനപക്ഷമായ ഉയ്ഗൂറുകൾക്കെതിരെയുള്ള വംശഹത്യയുടെ പേരില്‍ ചൈനീസ് ഭരണകൂടത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ, യു.കെ, യു.എസ്, കാനഡ എന്നിവ സംയുക്തമായാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഉയ്ഗൂറുകൾക്ക് അടിസ്ഥാന മൗലികാവകാശങ്ങൾ വരെ ചൈന നിഷേധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സിൻജിയാങ് പ്രവിശ്യയിലെ ബന്ധപ്പെട്ട വകുപ്പ് തലവൻമാർ, പാർട്ടി മേധാവികൾ എന്നിവരാണ് നടപടികള്‍ നേരിടേണ്ടിവരിക. പൊതുസുരക്ഷാ ബ്യൂറോ ഡയറക്ടർ ചെൻ മിൻഗുവോ, കമ്യൂണിസ്റ്റ് പാർട്ടി സ്റ്റാന്‍റിങ് കമ്മിറ്റി അംഗം വാങ് മിങ്ങാഷൻ, ഉപമേധാവി സു ഹായിലൂൻ, പ്രൊഡക്ഷൻ ആന്‍റ് കൺസ്ട്രക്ഷൻ കോപ്സിലെ വാങ് ജുൻഷെങ് എന്നിവര്‍ക്കും ഉയ്ഗൂർ ക്യാമ്പുകളുടെ നടത്തിപ്പ് ചുമതലയുള്ള സിൻജിയാങ് പ്രൊഡക്ഷൻ ആന്‍റ് കൺസ്ട്രക്ഷൻ കോർപ്സ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയ്ക്കുമെതിരെയാണ് ഉപരോധം.
സിൻജിയാങ് പ്രവിശ്യയിൽ നിയമവിരുദ്ധമായി നിർമിച്ച തടവറകളിൽ 10 ലക്ഷത്തിലേറെ ഉയ്ഗൂറുകളെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടുത്ത പീഡന മുറകളും ലൈംഗിക ചൂഷണവും വംശഹത്യയുമാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നത്. അന്യപ്രവിശ്യകളിലേക്ക് തൊഴിലിനെന്ന പേരിൽ നിർബന്ധിതമായി ആളുകളെ കയറ്റി അയക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
1989ലെ ടിയാനെൻമൻ സ്ക്വയർ കുരുതിക്കു ശേഷം ആദ്യമായാണ് യൂറോപ്യൻ യൂണിയൻ ചൈനയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തുന്നത്. അതേസമയം, പ്രതിഷേധ സൂചകമായി യൂറോപ്യന്‍ ഉദ്യോഗസ്ഥർക്കെതിരെ ചൈനയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപിലെ 10 പേർക്കും നാല് സ്ഥാപനങ്ങൾക്കും ചൈനയിലേക്ക് പ്രവേശിക്കുന്നതിനും വ്യവസായം നടത്തുന്നതിനുമാണ് വിലക്ക്.
Adjust Story Font
16