Quantcast

സൂയസ് കനാൽ പ്രതിസന്ധി; പുലിവാലു പിടിച്ചത് ക്യാപ്റ്റൻ മർവ!

മർവയാണ് എവർ ഗിവണിന്റെ ക്യാപ്റ്റൻ എന്ന വ്യാജ വാർത്ത ചില മാധ്യമങ്ങൾ പങ്കുവച്ചതോടെയാണ് പൊല്ലാപ്പുകൾ ആരംഭിച്ചത്

MediaOne Logo

Web Desk

  • Published:

    4 April 2021 4:01 AM GMT

സൂയസ് കനാൽ പ്രതിസന്ധി; പുലിവാലു പിടിച്ചത് ക്യാപ്റ്റൻ മർവ!
X

സൂയസ് കനാലിൽ കൂറ്റൻ കണ്ടെയ്‌നർ കപ്പലായ എവർ ഗിവൺ കുടുങ്ങിയതായിരുന്നു കഴിഞ്ഞയാഴ്ച ലോകത്തെ ഏറ്റവും വലിയ വാർത്ത. ആറു ദിവസത്തെ പരിശ്രമത്തിന് ഒടുവിലാണ് എവർഗ്രീൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ നീക്കാനായത്. എന്നാൽ പ്രതിസന്ധിയുടെ പേരിൽ സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപം നേരിട്ട ഒരാളുണ്ട്, ഈജിപ്തിൽ. രാജ്യത്തെ ആദ്യ വനിതാ ഷിപ്പ് ക്യാപ്റ്റനായ മർവ എൽസെലഹ്ദർ.

മർവയാണ് എവർ ഗിവണിന്റെ ക്യാപ്റ്റൻ എന്ന വ്യാജ വാർത്ത ചില മാധ്യമങ്ങൾ പങ്കുവച്ചതോടെയാണ് പൊല്ലാപ്പുകൾ ആരംഭിച്ചത്. അറബ് ലോകത്തെ ചില പ്രധാന വെബ്‌സൈറ്റുകൾ കൂടി വാർത്ത ഏറ്റെടുത്തതോടെ ഈജിപ്തിലെ സാമൂഹിക മാധ്യമങ്ങളിൽ മർവ ഹോട്ട് ടോപികായി.

വാർത്തകൾ കണ്ട് താൻ സ്തബ്ധയായിപ്പോയി എന്ന് 29കാരിയായ മർവ ബിബിസിയോട് പ്രതികരിച്ചു. 'എന്തു ചെയ്യണമെന്ന് തനിക്ക് ആദ്യഘട്ടത്തിൽ ഐഡിയ ഉണ്ടായിരുന്നില്ല. ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടതാണെന്ന് തോന്നി. കാരണം ഈ മേഖലയിൽ ഈജിപ്തിൽ നിന്നുള്ള വനിതയാണ് ഞാൻ. എന്നാൽ ടാർഗറ്റ് ചെയ്യപ്പെടുകയാണോ എന്നുറപ്പുണ്ടായിരുന്നില്ല' - അവർ പറഞ്ഞു.

സൂയസിൽ എവർഗിവൺ കുടുങ്ങിയ വേളയിൽ ഐഡ ഫോർ കപ്പലിലെ സാരഥിയായി അലക്‌സാണ്ട്രിയയിലായിരുന്നു മർവ. ഈജിപ്ഷ്യൻ മാരിടൈം സേഫ്റ്റി അതോറിറ്റിയുടെ കപ്പലാണിത്.

അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ കണക്കു പ്രകാരം രണ്ടു ശതമാനം സ്ത്രീകൾ മാത്രമാണ് പുരുഷാധിപത്യം നിലനിൽക്കുന്ന ഷിപ്പിങ് മേഖലയിൽ ജോലി ചെയ്യുന്നത്. ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഇവിടെയെത്തിയത് എന്ന് അവർ പറയുന്നു. 'കടലിൽ പെൺകുട്ടികൾ ജോലി ചെയ്യുന്നത് ഇപ്പോഴും സമൂഹം അംഗീകരിക്കുന്നില്ല. എന്നാൽ ഇഷ്ടപ്പെട്ടതിന്റെ പിറകെ പോകുമ്പോൾ നിങ്ങൾക്ക് എല്ലാവരുടെയും അംഗീകാരം കിട്ടും' - അവർ വ്യക്തമാക്കി.

ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

അതിനിടെ, കനാലില്‍ കപ്പല്‍ കുടുങ്ങിയതിന് നഷ്ടപരിഹാരമായി ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ഈജിപ്ത് ആവശ്യപ്പെട്ടിട്ടുള്ളത്. കനാലിലെ കപ്പല്‍ സ്തംഭനം കാരണമായുണ്ടായ വരുമാന നഷ്ടം, രക്ഷാപ്രവര്‍ത്തനവും ഡ്രെഡ്ജിങ്ങും നടത്തുമ്പോള്‍ കനാലിനുണ്ടായ പരിക്കുകള്‍, രക്ഷാപ്രവര്‍ത്തകരുടെയും ഉപകരണങ്ങളുടെയും ചെലവുകള്‍ തുടങ്ങിയ ചേര്‍ത്തുള്ള ഏകദേശ തുകയാണ് ഇതെന്നും അത് ഈജിപ്തിന്റെ അവകാശമാണെന്നും സൂയസ് കനാല്‍ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഉസാമ റബി പറഞ്ഞു.

ആറു ദിവസത്തോളം സൂയസ് കനാലിലെ ഗതാഗതം പൂര്‍ണമായി സ്തംഭിക്കാനിടയാക്കിയ അപകടത്തില്‍ കപ്പലിനും കാര്‍ഗോയ്ക്കും കാര്യമായ പരിക്ക് പറ്റിയിരുന്നില്ല. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച 11 ടഗ് ബോട്ടുകളുടെയും രണ്ട് ഡ്രെഡ്ജറുകളുടെയും ചെലവുകള്‍, സൂയസ് കനാല്‍ അതോറിറ്റി ആവശ്യപ്പെട്ട നഷ്ടപരിഹാരം, കനാല്‍ മുടങ്ങിയതു കാരണം ചരക്കുനീക്കം തടസ്സപ്പെട്ട മറ്റ് ഷിപ്പിങ് കമ്പനികള്‍ ആവശ്യപ്പെട്ടേക്കാവുന്ന നഷ്ടപരിഹാരം തുടങ്ങിയവ കൂട്ടുമ്പോള്‍ ഭീമമായ സംഖ്യയാണ് എവര്‍ ഗിവണ്‍ ഉടമ നല്‍കേണ്ടി വരിക.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story