ഇറാൻ ആണവകരാർ പുനരുജ്ജീവിപ്പിക്കൽ; സുപ്രധാന ഉച്ചകോടി ഇന്ന് വിയന്നയിൽ
രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നിർണായക ഉച്ചകോടി നടക്കുന്നത്
രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നിർണായക ഉച്ചകോടി ഇന്ന്. വിയന്നയിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ഇറാനുമായി ചർച്ച നടത്തുക. ഉപരോധം പിൻവലിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
ലോക വൻശക്തികൾ വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് 2015ൽ ഇറാനുമായി ആണവ കരാർ ഒപ്പുവെച്ചത്. എന്നാൽ 2018ൽ ആണവ കരാറിൽ നിന്ന് ട്രംപ് ഭരണകൂടം പിൻവാങ്ങിയതോടെ പ്രതിസന്ധി സങ്കീർണമായി. ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ ചേരുന്ന ഉച്ചകോടി എത്രകണ്ട് വിജയിക്കും എന്ന് താൽപര്യപൂർവം ഉറ്റുനോക്കുകയാണ് ലോകം. അതേ സമയം ചർച്ചകളിൽ തങ്ങൾക്ക് കൂടി ഇടം ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഗൾഫ് രാജ്യങ്ങൾ.
ചൈന, ഫ്രാൻസ്, ജർമനി, റഷ്യ, യു.കെ എന്നിവയും ഇറാനും തമ്മിലാണ് ഉന്നത തല ചർച്ച. യു.എസും പങ്കാളിയാകുമെങ്കിലും ഇറാനൊപ്പം ചർച്ചക്കുണ്ടാകില്ല. ഇനി യു.എസുമായി നേരിട്ടോ അല്ലാതെയോ ചർച്ചക്കില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗൾഫ് മേഖലയിലെ ആയുധ പന്തയം കുറക്കാനും സംഘർഷം ലഘൂകരിക്കാനും പുതിയ ചർച്ച വഴിയൊരുക്കുമെന്നാണ് മേഖലയുടെ പ്രതീക്ഷ.
Adjust Story Font
16