Quantcast

എവർ ഗിവൺ പ്രതിസന്ധി നിയമയുദ്ധത്തിലേക്ക്; സൂയസ് കനാൽ അതോറിറ്റിക്കെതിരെ ഇൻഷുറൻസ് കമ്പനി കോടതിയിൽ

നഷ്ടപരിഹാരം സംബന്ധിച്ച തർക്കം കോടതി കയറുകയാണെങ്കിൽ കപ്പൽ വിട്ടുനൽകാൻ ഏറെ സമയമെടുക്കുമെന്ന് സൂയസ് കനാൽ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഉസാമ റാബി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

MediaOne Logo

André

  • Published:

    24 April 2021 4:12 AM GMT

എവർ ഗിവൺ പ്രതിസന്ധി നിയമയുദ്ധത്തിലേക്ക്;  സൂയസ് കനാൽ അതോറിറ്റിക്കെതിരെ  ഇൻഷുറൻസ് കമ്പനി കോടതിയിൽ
X

സൂയസ് കനാൽ അതോറിറ്റി തടഞ്ഞുവച്ചിരിക്കുന്ന എവർ ഗിവൺ ചരക്കുകപ്പൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കപ്പലിന്റെ ഇൻഷുറൻസ് കമ്പനിയായ യു.കെ ക്ലബ്ബ് ഈജിപ്തിൽ നിയമനടപടി ആരംഭിച്ചു. ഈജിപ്തിലെ കോടതികളുടെ ഇടപെടൽ കൂടി ഉണ്ടെങ്കിലേ ഒരു മാസത്തോളമായി തുടരുന്ന പ്രശ്‌നം പരിഹരിക്കാൻ കഴിയൂ എന്നും കപ്പൽ തടഞ്ഞുവെക്കാൻ ആവശ്യമായ തെളിവുകൾ സൂയസ് കനാൽ അതോറ്റിയുടെ കൈവശമില്ല എന്നും കമ്പനി പറഞ്ഞു.

'കാർഗോ തടഞ്ഞുവെക്കലിന്റെ സാധുതയടക്കമുള്ള വിവിധ കാര്യങ്ങൾ പരിഗണിച്ചാണ് ഹരജി നൽകിയിരിക്കുന്നത്. സൂയസ് കനാൽ അതോറിറ്റിയുടെ അവകാശവാദത്തെ സാധൂകരിക്കുന്ന തെളിവുകൾ ഇല്ല താനും'
- യു.കെ ക്ലബ്ബ് വാർത്താകുറിപ്പിൽ പറയുന്നു. മെയ് നാലിനാണ് കേസിൽ കോടതി വാദം കേൾക്കുക.
ഒരാഴ്ചയോളം സൂയസ് കനാലിൽ കുറുകെ കുടുങ്ങിക്കിടക്കുകയും 400 ഓളം കപ്പലുകളുടെ ഗതാഗതം സ്തംഭിക്കാൻ ഇടയാക്കുകയും ചെയ്ത സംഭവത്തിൽ എവർ ഗിവൺ കപ്പലിന്റെ ജപ്പാൻകാരനായ ഉടമ 916 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് സൂയസ് കനാൽ അതോറിറ്റിയുടെ നിലപാട്. നിലവിൽ കനാലിന്റെ ഭാഗമായ ഗ്രേറ്റ് ബിറ്റർ തടാകത്തിൽ പിടിച്ചിട്ടിരിക്കുന്ന കപ്പൽ, നഷ്ടപരിഹാരം നൽകിയാൽ മാത്രമേ വിട്ടുനൽകുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്. കപ്പലിലെ 25 ഇന്ത്യൻ ജീവനക്കാരിൽ രണ്ടു പേരെ ഈയിടെ നാട്ടിൽ പോകാൻ അനുവദിച്ചിരുന്നു.
എവർ ഗിവൺ അപകടം കാരണമായുണ്ടായ നഷ്ടങ്ങൾക്ക് ഒരു ബില്യൺ ഡോളർ (7332 കോടി രൂപ) നഷ്ടപരിഹാരം വേണമെന്നാണ് സൂയസ് കനാൽ അതോറിറ്റി ആദ്യം ആവശ്യപ്പെട്ടത്. കനാലിലെ സ്തംഭനം കാരണമായുണ്ടായ വരുമാന നഷ്ടം, പ്രതിച്ഛായാ നഷ്ടം, രക്ഷാപ്രവർത്തനവും ഡ്രെഡ്ജിങ്ങും നടത്തുമ്പോൾ കനാലിനുണ്ടായ പരിക്കുകൾ, രക്ഷാപ്രവർത്തകരുടെയും ഉപകരണങ്ങളുടെയും ചെലവുകൾ തുടങ്ങിയ ചേർത്തുള്ള ഏകദേശ തുകയാണ് ഇതെന്നും അത് ഈജിപ്തിന്റെ അവകാശമാണെന്നും അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഉസാമ റാബി പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളിൽ നഷ്ടം നികത്തുന്നതിനായി കപ്പലിന്റെ ഗതാഗതത്തിൽ പങ്കാളികളായ എല്ലാ കക്ഷികളും സഹകരിച്ച് ചെലവ് പങ്കിടണമെന്ന 'ജനറൽ ആവറേജ്' നടപ്പാക്കണമെന്നായിരുന്നു കപ്പലുടമയുടെ നിലപാട്. 400 മീറ്റർ നീളമുള്ള കപ്പൽ അപകടത്തിൽപ്പെട്ടത് ജീവനക്കാരുടെ അശ്രദ്ധ കൊണ്ടല്ലെന്ന് ഷിപ്പിങ് കമ്പനിയായ എവർഗ്രീൻ മറൈൻസ് അവകാശപ്പെട്ടിരുന്നു. ഇക്കാര്യം തന്നെയാവും യു.കെ ക്ലബ്ബ് കോടതിയിൽ വാദിക്കുക. നഷ്ടപരിഹാരം സംബന്ധിച്ച തർക്കം കോടതി കയറുകയാണെങ്കിൽ കപ്പൽ വിട്ടുനൽകാൻ ഏറെ സമയമെടുക്കുമെന്ന് ഉസാമ റാബി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഗ്രേറ്റ് ബിറ്റർ തടാകത്തിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിന് കാർഗോയടക്കം 3.5 ബില്യൺ ഡോളർ മൂല്യമുണ്ടെന്നാണ് ഏകദേശ ധാരണ.


TAGS :

Next Story