ഫലപ്രദമല്ല; പതഞ്ജലി സമ്മാനിച്ച കൊറോണില്‍ കിറ്റുകളുടെ വിതരണം നിര്‍ത്തിവെച്ച് നേപ്പാള്‍
കോവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് നല്‍കിയ കിറ്റുകൾ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനാലാണ് നടപടി
പതഞ്ജലി സമ്മാനിച്ച കൊറോണില്‍ കിറ്റുകളുടെ വിതരണം നേപ്പാളിൽ നിര്‍ത്തിവെച്ചു. നേപ്പാൾ ആയുര്‍വേദ, ബദല്‍ മരുന്നുകളുടെ വകുപ്പാണ് തിങ്കളാഴ്ച രാംദേവിന്റെ കൊറോണില്‍ കിറ്റുകളുടെ വിതരണം നിര്‍ത്തിവെച്ചത്. കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് നല്‍കിയ കിറ്റുകൾ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനാലാണ് നടപടി.
കോവിഡിനെ നേരിടാന്‍ ഫലപ്രദമാണെന്ന് അവകാശപ്പെട്ട് 1,500 കിറ്റുകൾ വാങ്ങുമ്പോള്‍ ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ആയുര്‍വേദ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. പതഞ്ജലിയുടെ കൊറോണില്‍ കിറ്റുകൾക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പ്രസ്താവനകള്‍ നേപ്പാള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ഫലപ്രാപ്തി തെളിയിക്കാന്‍ രാംദേവിനെ വെല്ലുവിളിക്കുകയും ചെയ്തു.
നേരത്തെ കൊറോണില്‍ കിറ്റുകളുടെ വിതരണം ഭൂട്ടാനും നിര്‍ത്തിവെച്ചിരുന്നു. ഭൂട്ടാന്റെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായിരുന്നു കിറ്റുകളുടെ വിതരണം നിർത്തിവെച്ചത്. ഇതിന് പിന്നാലെയാണ് നേപ്പാളിന്റെയും നടപടി. കൊറോണില്‍ കിറ്റുകൾ കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമല്ലെന്ന് കണ്ടാണ് ഭൂട്ടാനിലും വിതരണം നിർത്തിവെച്ചത്.
Adjust Story Font
16