ഗസ്സയിലെ പത്രപ്രവർത്തകരുടെ അക്കൗണ്ടുകൾ തടഞ്ഞ് വാട്സ്ആപ്പ്
ഇസ്രായേലും ഹമാസും തമ്മിലെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ വാട്സ്ആപ്പ് തടഞ്ഞു. ആശയവിനിമയ സംവിധാനങ്ങൾ പരിമിതമായ ഗസ്സ മുനമ്പിൽ മാധ്യമപ്രവർത്തകർ ഏറെ ആശ്രയിച്ചിരുന്നത് വാട്സ്ആപ്പ് ആയിരുന്നു. ഗസ്സയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ പതിനേഴ് പത്രപ്രവർത്തകരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തടഞ്ഞിരിക്കുകയാണെന്നു വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് അറിയിച്ചു. ഇന്നലെ വരെ തങ്ങളുടെ ഗസ്സയിലെ നാല് മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ തടഞ്ഞതായി അൽ ജസീറയും സ്ഥിരീകരിച്ചു.
ഫലസ്തീനിലെ ഇസ്രായേൽ അതിക്രമങ്ങൾ സംബന്ധിച്ച വാർത്തകളും ചിത്രങ്ങളും ഫേസ്‌ബുക്ക് നീക്കുന്നതായ പരാതി നിലനിൽക്കെയാണ് ഫേസ്ബുക് ഉടമസ്ഥതയിലുള്ള വാട്സാപ്പിന്റെ പുതിയ നീക്കം. ഹമാസിന്റെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവെക്കുന്ന വാട്സ്ആപ്പ് ഗ്രൂപുകളിൽ തങ്ങൾ അംഗങ്ങളായിരുന്നുവെന്ന് എ.പി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരിൽ ഭൂരിഭാഗം പേരും പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ ആണ് തന്റെ വാട്സ്ആപ്പ് അക്കൗണ്ട് തടഞ്ഞതെന്ന് അൽ ജസീറയുടെ ചീഫ് കറസ്‌പോണ്ടന്റ് വാഇൽ അൽ ദഹദൂ പറഞ്ഞു. വെടിനിർത്തൽ നിലവിൽ വന്ന വെള്ളിയാഴ്ച പുലർച്ചെ തന്റെ അക്കൗണ്ട് അനിശ്ചിതകാലത്തേക്ക് തടയുകയാണെന്ന് കാണിച്ച് സന്ദേശം ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ചാനലിന്റെ ഖത്തറിലുള്ള മാനേജ്‌മെന്റ് യു.എസിലെ വാട്സ്ആപ്പ് അധികൃതരുമായി നടത്തിയ ആശയവിനിമയങ്ങൾക്ക് ശേഷം അൽ ജസീറ മാധ്യമ പ്രവർത്തകരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ മൂന്ന് ദിവസത്തിന് ശേഷം വീണ്ടും സജീവമായി. എന്നാൽ ഇതിൽ നിന്നും പഴയ സന്ദേശങ്ങൾ നീക്കം ചെയ്തിരുന്നു.
Adjust Story Font
16