എകെ ശശീന്ദ്രന്റെ മന്ത്രി പദവിക്ക് വഴി തെളിയുന്നു
എകെ ശശീന്ദ്രന്റെ മന്ത്രി പദവിക്ക് വഴി തെളിയുന്നു
എന്‍സിപി നേതാക്കള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായും കോടിയേരി ബാലകൃഷ്ണനുമായും കാനം രാജേന്ദ്രനുമായും കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തിനകം..
എകെ ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശത്തിന് വഴി തെളിയുന്നു. ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി നേതാക്കള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായും കോടിയേരി ബാലകൃഷ്ണനുമായും കാനം രാജേന്ദ്രനുമായും കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തിനകം തീരുമാനമെടുക്കാമെന്ന് വൈക്കം വിശ്വന്‍ എന്‍സിപി നേതൃത്വത്തിന് ഉറപ്പ് നല്‍കി. എല്‍ഡിഎഫ് വിഷയം ഉടന്‍ ചര്‍ച്ച ചെയ്യും.
ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകൂലമായ സാഹചര്യത്തില്‍ മന്ത്രിസഭയിലേക്ക് മടങ്ങിവരാമെന്ന് മുഖ്യമന്ത്രി ഇന്നലെ വക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് എന്‍സിപി നേതാക്കള്‍ എല്‍ഡിഎഫ് കണ്‍വീനറെ കണ്ടത്. ഉച്ചയ്ക്ക് രണ്ടരയോടെ കോട്ടയത്തെ സിപിഎം ജില്ല കമ്മിറ്റി ഓഫീസില്‍ എത്തിയ നേതാക്കള്‍ ഇക്കാര്യം വൈക്കം വിശ്വനെ നേരിട്ട് അറിയിച്ചു. കേന്ദ്ര നേതൃത്വം അടക്കം ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ച് കഴിഞ്ഞുവെന്നും പീതാമ്പരന്‍ മാസ്റ്റര്‍ കൂടികാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ശശീന്ദ്രനെ തിരികെ എടുക്കണമെന്ന കാര്യം എന്‍സിപി ആവശ്യപ്പെട്ടെന്നും ഇക്കാര്യം മുന്നണിയിലെ മറ്റ് ഘടകകളുമായി ചര്‍ച്ച ചെയ്യുമെന്നും എല്‍ഡിഎഫ് കണ്‍വീനറും അറിയിച്ചു.
അതേസമയം ശശീന്ദ്രന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എന്‍സിപി തന്നെയാണെന്ന് കോടിയേരിയും അറിയിച്ചു. കോടിയേരിയുമായും എന്‍സിപി നേതാക്കള്‍ കൂടികാഴ്ച നടത്തി. തോമസ് ചാണ്ടി വിഷയത്തില്‍ മുന്നണിയില്‍ ഇടഞ്ഞ് നിന്ന സിപിഐയ്ക്കും ശശീന്ദ്രന്റെ കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. കാനം രാജേന്ദ്രന്റെ പിന്തുണയും എന്‍സിപി നേതാക്കള്‍ നേരിട്ട് കണ്ട് ഉറപ്പാക്കിയിട്ടുണ്ട്. അടുത്ത എല്‍ഡിഎഫില്‍ വിഷയത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.
Adjust Story Font
16