കോംട്രസ്റ്റ് ഫാക്ടറി പൈതൃകസ്മാരകമായി സംരക്ഷിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ
കോംട്രസ്റ്റ് ഫാക്ടറി പൈതൃകസ്മാരകമായി സംരക്ഷിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ
ഇതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. ഫാക്ടറി പൊളിച്ച് മാറ്റരുതെന്നും തറികള്‍ എടുത്തുമാറ്റുന്നത് തടയണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്
കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി പൈതൃക സ്മാരകമായി സംരക്ഷിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ. ചരിത്രമ്യൂസിയമായി സംരക്ഷിക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്.
ഫാക്ടറി പൊളിച്ച് മാറ്റരുതെന്നും തറികള്‍ എടുത്തുമാറ്റുന്നത് തടയണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പരിശോധനയുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
നൂറുവര്‍ഷത്തിലേറെ പഴക്കമുളളതാണ് കോംട്രസ്റ്റിലെ കെട്ടിടങ്ങളും തറികളുമെല്ലാം. കേരളത്തിലെ പഴയകാല നെയ്ത്ത് വ്യവസായത്തെ കുറിച്ച് അവബോധമുണ്ടാക്കാന്‍ ഇത് ചരിത്രമ്യൂസിയമായി സംരക്ഷിക്കണമെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ പറയുന്നത്.
ഫാക്ടറി പൊളിച്ച് വില്ക്കാനുളള നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. കേരളത്തിന്‍റെ നെയ്ത്ത് വ്യവസായ ചരിത്രം പറയുന്ന സ്ഥാപനമെന്നാണ് കോംട്രസ്റ്റിനെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
കോമണ്‍വെല്‍ത്ത് ഫാക്ടറി നിലനില്‍ക്കുന്ന 1.63 ഏക്കര്‍ മാനേജ്മെന്‍റ് സ്വകാര്യകന്പനിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും തറിയെടുത്തുമാറ്റാനുളള കന്പനിയുടെ നീക്കം തൊഴിലാളികള്‍ ഇടപ്പെട്ട് തടഞ്ഞു. തറികള്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നത് പൈതൃകത്തിന് കോട്ടം വരുത്തുമെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതോടെ കോംട്രസ്റ്റ് ഫാക്ടറി പുരാവസ്തു വകുപ്പ് ഏറ്റെടുക്കാനുളള നീക്കത്തിന് വേഗമേറുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.
Adjust Story Font
16