കൊല്ലപ്പെടുമെന്ന് ഒരു പെണ്ണ് പറഞ്ഞിട്ടും മിണ്ടാത്ത 'മതേതര കേരളം നമ്പര്‍1'..!
കൊല്ലപ്പെടുമെന്ന് ഒരു പെണ്ണ് പറഞ്ഞിട്ടും മിണ്ടാത്ത 'മതേതര കേരളം നമ്പര്‍1'..!
ഒരു പൌരന് ഭരണഘടന ഉറപ്പുവരുത്തുന്ന മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന കേരളം എങ്ങിനെ നമ്പര്‍ വണ്‍ ആകും എന്നാണ് 'മതേതര കേരളം നമ്പര്‍1' ക്യാമ്പയിന്‍ ഉന്നയിക്കുന്ന ചോദ്യം..
അച്ഛന്‍ ഉപദ്രവിക്കുകയാണെന്നും കൊല്ലപ്പെട്ടേക്കുമെന്ന് ഭയമുണ്ടെന്നുമുള്ള ഹാദിയയുടെ വീഡിയോ ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാല്‍ വീഡിയോ പുറത്തുവന്ന് ഒരു ദിവസം പിന്നിട്ടിട്ടും കേരള സര്‍ക്കാറിന്റെയോ മനുഷ്യാവകാശ കമ്മീഷന്റെയോ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു പ്രതികരണവുമുണ്ടായില്ല. ഇതോടെ സര്‍ക്കാര്‍ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. 'കേരളം നമ്പര്‍ വണ്‍' എന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങളെ പൊളിച്ചെഴുതുന്നതാണ് 'മതേതര കേരളം നമ്പര്‍1' എന്ന പുതിയ ക്യാമ്പയിന്‍.
ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളിയായ കരീം ഗ്രാഫി കക്കോവ് വരച്ച ഹാദിയയുടെ പേരോടുകൂടിയ കാലിഗ്രഫി ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഖത്തറില്‍ തന്നെ ഡിസൈനറായി ജോലി ചെയ്യുന്ന ലുഖ്മാനുല്‍ ഹക്കീം ഈ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ ഫ്രെയിം ആക്കി മാറ്റുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരിക്കണക്കിന് പേരാണ് പ്രൊഫൈല്‍ ചിത്രത്തോടൊപ്പം ഈ ഫ്രെയിം സെറ്റ് ചെയ്തുകൊണ്ട് ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
കേരളത്തിനെതിരായ സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്ക് മറുപടിയായി ദേശീയ മാധ്യമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പരസ്യമാണ് കേരളം നമ്പര്‍ വണ്‍ എന്ന പ്രചാരണത്തിന് തുടക്കമിട്ടിരുന്നത്. ഇത് പിന്നീട് സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ചിരുന്നു. എന്നാല്‍, അച്ഛന്‍ ഉപദ്രവിക്കുന്നതായും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ താൻ കൊല്ലപ്പെട്ടേക്കാമെന്നും 25വയസുള്ള മെഡിക്കല്‍ ബിരുദധാരിയായ ഒരു സ്ത്രീ സമൂഹത്തോട് വിളിച്ചു പറഞ്ഞത് ഇതേ കേരളത്തിലാണ്. എന്നാല്‍ സര്‍ക്കാറോ മനുഷ്യാവകാശ കമ്മീഷനോ ഈ വിഷയത്തില്‍ ഇതുവരെ യാതൊരുവിധ ഇടപെടലുകളും നടത്തിയില്ല. ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ കേരളം എങ്ങിനെ നമ്പര്‍ വണ്‍ ആകും എന്നാണ് 'മതേതര കേരളം നമ്പര്‍1' ക്യാമ്പയിന്‍ ഉന്നയിക്കുന്ന ചോദ്യം.
കഴിഞ്ഞ അഞ്ചുമാസക്കാലമായി മനുഷ്യാവകാശ ലംഘനം നേരിടുന്ന ഹാദിയ വീട്ടുതടങ്കലിലാണ്. ഹാദിയയെ വീട്ടുതടങ്കലില്‍ മരുന്ന് കുത്തിവെച്ച് അബോധാവസ്ഥയിലാക്കിയിരിക്കുകയാണെന്ന് ഒരാഴ്ച മുമ്പ് തന്നെ പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അച്ഛന്‍ ഉപദ്രവിക്കുന്നതായും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ താൻ കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ പറയുന്ന വീഡിയോ ഇന്നലെ രാഹുല്‍ ഈശ്വര്‍ പുറത്തു വിടുകയും ചെയ്തിരുന്നു.
വീഡിയോ പുറത്തുവന്നതോടെ ആഭ്യന്തരവകുപ്പ് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത്, ഹാദിയയെ മോചിപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഷഫിന്‍ ജഹാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഹൈക്കോടതി വിധിക്കെതിരായ ഷെഫിന്‍ ജഹാന്റെ ഹരജി സുപ്രിം കോടതി ഈ മാസം 30ന് പരിഗണിക്കാനിരിക്കയാണ്. ദോഹയിലെ ലിയോ ബര്‍ണറ്റ് എന്ന അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കരീം ഗ്രാഫി ഹാദിയ വിഷയത്തിലുള്‍പ്പെടെ നിരവധി സാമൂഹിക പ്രശ്നങ്ങളില്‍ ഇതിനു മുമ്പും കാലിഗ്രാഫിയിലൂടെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
Adjust Story Font
16