Quantcast

'എല്‍.ഡി.എഫ് സര്‍ക്കാരില്‍ തൃപ്തര്‍, പ്രസ്ഥാനം മുന്നോട്ടുവെച്ച മുഖ്യ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടു'; എ.പി. അബ്ദുൽ ഹക്കീം അസ്ഹരി

കഴിഞ്ഞ സര്‍ക്കാര്‍ വളരെ ഊഷ്മള ബന്ധമാണ് പ്രസ്ഥാനത്തോട് നിലനിര്‍ത്തിയിരുന്നതെന്നും ഭരണതുടര്‍ച്ചയുണ്ടാകുന്നത് പൊതുവികസനത്തിന് ഗുണപരമായിട്ടാണ് മനസ്സിലാക്കുന്നതെന്നും എ.പി. അബ്ദുൽ ഹക്കീം അസ്ഹരി

MediaOne Logo

Web Desk

  • Published:

    27 March 2021 4:36 PM GMT

എല്‍.ഡി.എഫ് സര്‍ക്കാരില്‍ തൃപ്തര്‍, പ്രസ്ഥാനം മുന്നോട്ടുവെച്ച മുഖ്യ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടു; എ.പി. അബ്ദുൽ ഹക്കീം അസ്ഹരി
X

നിലവിലെ എല്‍.ഡി.എഫ് സര്‍ക്കാരില്‍ തൃപ്തരാണെന്നും പ്രസ്ഥാനം മുന്നോട്ടുവെച്ച മുഖ്യ കാര്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടെന്നും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. ഇപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ വളരെ ഊഷ്മള ബന്ധമാണ് പ്രസ്ഥാനത്തോട് നിലനിര്‍ത്തിയിരുന്നതെന്നും ഭരണതുടര്‍ച്ചയുണ്ടാകുന്നത് പൊതുവികസനത്തിന് ഗുണപരമായിട്ടാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഹമ്മദലി കിനാലൂർ മർകസ് മീഡിയ മിഷന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് അബ്ദുൽ ഹക്കീം അസ്ഹരി ഇങ്ങനെ പറഞ്ഞത്.

കേരളത്തിലെ നിലവിലെ പ്രതിപക്ഷ, ഭരണ കക്ഷികളിലെ ജനങ്ങള്‍ നിലവിലെ ഫോര്‍മുല മാറിയിട്ട് ഒരു പുതിയ ഫോര്‍മുല വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അത് പക്ഷേ വര്‍ഗ്ഗീയാധിഷ്ടിതമായ ഒരു കക്ഷിയെ അല്ലെന്നും അദ്ദേഹം പറഞ്ഞു.

ये भी पà¥�ें- ഭരണത്തുടര്‍ച്ചയുണ്ടാകുന്നത് ഗുണം ചെയ്യും,​ മുസ്​ലിം ലീഗിനെ കൊണ്ട്​ സമുദായത്തിന്​​ നേട്ടമൊന്നുമില്ല: എ.പി. അബ്ദുൽ ഹകീം അസ്ഹരി

മുസ്​ലിം സമുദായത്തിന്‍റെ സ്വന്തമായ വകുപ്പുകൾ മുസ്​ലിം ലീഗ്​ കൈകാര്യം ചെയ്യുന്നത്​ ദോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം​ എല്ലാ രാഷ്​ട്രീയ പാർട്ടികളോടും പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അബ്ദുൽ ഹകീം അസ്ഹരി മുസ്‍ലിം ലീഗില്‍ നിന്ന് സമുദായത്തിന്​ പ്രത്യേകിച്ച്​ ഒരു ഗുണവും കിട്ടുന്നില്ലെന്നും തുറന്നടിച്ചു.

കേരളത്തിലെ എല്ലാ പാര്‍ട്ടികളിലും മുസ്‍ലിം പ്രാതിനിധ്യമുണ്ടാകണമെന്നും പല പാര്‍ട്ടികളിലുമുള്ള മുസ്‍ലിം നേതൃത്വം ദുർബലമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പാര്‍ട്ടികളിലും മുസ്‍ലിം നേതൃത്വം ഉയര്‍ന്നു വരണമെന്നും മറ്റു സമുദായങ്ങള്‍ മറ്റു പാര്‍ട്ടികളില്‍ മന്ത്രി സ്ഥാനങ്ങളില്‍ വരുന്ന രീതിയിലേക്ക് മറ്റു പാര്‍ട്ടികളിലെ മുസ്‍ലിം നേതൃത്വം മാറണമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. മുഹമ്മദ് അബ്ദുല്‍ഹക്കീം അസ്ഹരി കാന്തപുരത്തിന്‍റെ വാക്കുകള്‍:

രാഷ്ട്രീയ പ്രബുദ്ധത മുസ്‍ലിംകളില്‍ കൂടുതലാണ്. വോട്ട് ചെയ്യുന്ന ആളുകളുടെ ശതമാനം കൂടുതലാണ്. വോട്ടേഴ്സ് ലിസ്റ്റില്‍ മുസ്‍ലിംകള്‍ മറ്റു ദലിത് പിന്നാക്ക വിഭാഗക്കാരേക്കാള്‍ മുന്നിലാണ് എന്നാണ് അവസാനം യു.പിയിലേക്ക് നടത്തിയ പര്യടനത്തില്‍ നിന്നും മനസ്സിലായത്. വോട്ടിംഗ് സാമുദായികമായ വികേന്ദ്രീകിത രീതിയാണ് ആ സംസ്ഥാനങ്ങളില്‍ ഒക്കെയുള്ളത്. മുഖ്യധാര പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മുസ്‍ലിംകള്‍ കുറവാണ്. ലീഡര്‍ഷിപ്പ് ട്രെയിനിങ് ആണ് യഥാര്‍ത്ഥത്തില്‍ ആവശ്യം.

കേരളത്തില്‍ പറയുകയാണെങ്കില്‍ സാമുദായിക പാര്‍ട്ടികളുടെ എണ്ണം കൂടുതലാണ്. അത് കൊണ്ട് തന്നെ വിഭാഗീയതയാണ് വരുന്നത്. എല്ലാ പാര്‍ട്ടികളിലും മുസ്‍ലിം പ്രാതിനിധ്യമുണ്ടാകണം. പല പാര്‍ട്ടികളിലുമുള്ള മുസ്‍ലിം നേതൃത്വം ദുർബലമാണ്. ഉള്ളവര്‍ തന്നെ മറ്റുള്ളവരെ ഉയര്‍ത്തികൊണ്ടു വരാന്‍ കഴിയാത്തവരോ കഴിഞ്ഞാല്‍ ശ്രമിക്കാത്തവരോ ആണ്. അപ്പോള്‍ എല്ലാ പാര്‍ട്ടികളിലും മുസ്‍ലിം നേതൃത്വം വരണം. കേരളത്തില്‍ ഏത് പാര്‍ട്ടി നോക്കിയാലും, ഒരു മന്ത്രി വരികയാണെങ്കില്‍ അത് ഒരു സമുദായത്തിന്നായിരിക്കും. അതവരുടെ കുറ്റമല്ല, ആ ക്വാളിറ്റിയിലേക്ക് നാം ഉയരണം.

മുസ്‍ലിം ലീഗ് എന്നത് മൊത്തം മുസ്‍ലിം സമുദായത്തിന്‍റെ സംഘടനയാണെന്ന ധാരണ എല്ലാ പാര്‍ട്ടിക്കാര്‍ക്കുമുണ്ട്. മുസ്‍ലിം ലീഗിന് കൊടുത്താല്‍ മുസ്‍ലിംകള്‍ക്ക് എല്ലാം കിട്ടിയെന്ന ധാരണയുണ്ട്. മുസ്‍ലിം സമുദായത്തിന്‍റെ മുഴുവന്‍ വകുപ്പും മുസ്‍ലിം ലീഗ് കൈകാര്യം ചെയ്യുന്നത് തന്നെ ദോഷമാണെന്ന് എല്ലാ പാര്‍ട്ടിക്കാരോടും ഞങ്ങള്‍ പറയുന്നതാണ്. കാരണം അത് പക്ഷപാതപരം ആണത്. സുന്നികളെ രണ്ടായി വിഭജിക്കുന്നതിലും മുസ്‍ലിംകളെ പല ഗ്രൂപ്പുകളായി മാറ്റിനിര്‍ത്തുന്നതിലും ഒരു മുഖ്യപങ്കുവഹിക്കുന്ന പാര്‍ട്ടിയാണ് മുസ്‍ലിം ലീഗ്. അവര് മതപരമായ ഹജ്ജ്, വഖഫ് എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ തീര്‍ച്ചയായും പക്ഷപാതിത്വമുണ്ടാകും. യു.ഡി.എഫിലാണെങ്കില്‍ കോണ്‍ഗ്രസ് അത് ഏറ്റെടുക്കുകയാണ് വേണ്ടത്. അത് കൊണ്ട് ഏത് പാര്‍ട്ടിക്കാരായാലും മുസ്‍ലിംകള്‍ മുസ്‍ലിം ലീഗുകാര്‍ എന്നത് ഈക്വല്‍ അല്ല. മുസ്‍ലിം ലീഗ് ഇവിടെ മറ്റു പാര്‍ട്ടികളെ പോലെ ഒരു പാര്‍ട്ടി മാത്രമാണ്. മുസ്‍ലിംകള്‍ ഭൂരിഭാഗവും ഒരു പാര്‍ട്ടിയുടെ പിന്നില്‍ നില്‍ക്കുന്നവരല്ല എന്ന കാര്യം മനസ്സിലാക്കുന്നില്ല. അത് മനസ്സിലാക്കുന്നതില്‍ എല്ലാ പാര്‍ട്ടിക്കാരും പരാജയപ്പെട്ടിട്ടുണ്ട്.

സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കിയിട്ട് എന്ത് നേടിയെന്ന് ചോദിച്ചാല്‍ സമുദായത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായെന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. പഴയക്കാലത്തൊക്കെ അവകാശങ്ങള്‍ ചോദിച്ച് വാങ്ങുന്ന രീതിയുണ്ടായിരുന്നു. ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയുള്ളത് കൊണ്ട് ചോദിക്കാന്‍ പേടിയാണ്. മറ്റുപലരും സമുദായത്തിന്‍റെ പേര് പറഞ്ഞ് വാങ്ങുമ്പോള്‍ ഈ പാര്‍ട്ടിക്ക് അവരുടെ സമുദായത്തിന്‍റെ കാര്യങ്ങള്‍ തുറന്നു ചോദിക്കാന്‍ ധൈര്യമില്ലായെന്നത് ഒരു പ്രശ്നമാണ്. മറ്റു പാര്‍ട്ടികളിലൂടെ മുസ്‍ലിംകളുടെ കാര്യം നേടുകയാണ് യഥാര്‍ത്ഥത്തില്‍ മുസ്‍ലിംകള്‍ ചെയ്യേണ്ടത്.

മുസ്‍ലിം ലീഗ് രാഷ്ട്രീയ കക്ഷിയാകുന്നില്ല, സാമൂഹിക കക്ഷിയാകുന്നേയുള്ളൂ. മുസ്‍ലിം ലീഗ് ജനങ്ങളില്‍ നിന്നും കാശ് പിരിച്ച് വീടുണ്ടാക്കി കൊടുക്കും. ഒരാള്‍ കൊല്ലപ്പെട്ടാല്‍ കുടുംബത്തെ സഹായിക്കും. ഇതൊരു ചാരിറ്റി സംഘടനയുടെ ജോലിയാണ്. സര്‍ക്കാരില്‍ നിന്നും ആ അവകാശം വാങ്ങികൊടുക്കാന്‍ മുസ്‍ലിം ലീഗിന് കഴിയാറില്ല. പിന്നെ സമുദായത്തിന് പ്രത്യേകിച്ച് വളര്‍ച്ചയുണ്ടാകാന്‍ വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളോ മുസ്‍ലിം പ്രദേശങ്ങളിലേക്കുള്ള വ്യാവസായിക മറ്റുമോ ആയിട്ടുള്ള പുരോഗതികള്‍ കൊണ്ടുവരാനോ ഒന്നും അവര്‍ക്ക് പ്രത്യേകമായി ശ്രമിക്കാന്‍ കഴിയില്ല. അവര് മുസ്‍ലിംകളിലുള്ള എല്ലാ ആളുകളെ പോലും ഉള്‍കൊള്ളുന്നില്ല എന്നതാണ് അതിനുള്ള കാരണം. ആശയപരമായിട്ട് മതപരമായിട്ടുള്ള ആദര്‍ശങ്ങളെ നോക്കി കൊണ്ട് മുസ്‍ലിംകളെ മാറ്റിനിര്‍ത്തുന്നു എന്ന കാര്യവും ലീഗിനുണ്ട്.

ആദ്യക്കാലങ്ങളില്‍ മുസ്‍ലിം ലീഗ് കാണിച്ചിരുന്ന രാഷ്ട്രീയ ഇച്ഛാശക്തി സാമുദായിക വിഷയങ്ങളിലുള്ള അവരുടെ ഇടപെടല്‍ അത്തരം കാര്യങ്ങള്‍ ഇന്ന് വേണ്ടത്ര കാണുന്നില്ല. അത് കൊണ്ട് കൂടുതലായി രാഷ്ട്രീയപരമായ കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തു കൊണ്ട് ലീഗ് പ്രവര്‍ത്തിക്കുകയും മുസ്‍ലിം സമുദായത്തിലെ മുഴുവന്‍ ആളുകളെയും ഉള്‍കൊള്ളുന്ന രീതിയിലേക്ക് ഉയരുകയും വേണം എന്നതാണ് ഞാന്‍ പറഞ്ഞതിന്‍റെ താല്‍പര്യം.

മുസ്‍ലിം ലീഗ് കാക്ക നടന്നതുപോലെയാണ്. നടക്കുന്നുമില്ല, പറക്കുന്നുമില്ല, സമുദായത്തിന്‍റെ പാര്‍ട്ടിയാണ് എന്ന ലേബലില്‍ അവര്‍ക്കും ഒരുപാട് പ്രയാസങ്ങളുണ്ടായിട്ടുണ്ട്, എന്നാല്‍ സമുദായത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കുന്നുമില്ല.

മുജാഹിദ്​ പ്രസ്​ഥാനങ്ങൾ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക്​ അർഹമായ സീറ്റുകൾ ലഭിച്ചില്ലെന്ന്​​ പരാതി ഉന്നയിക്കുകയുണ്ടായി. എന്നാൽ, മുസ്​ലിം ലീഗ്​ തന്നെ അവരെക്കൊണ്ട്​ പറയിപ്പിക്കുകയാണെന്ന്​ വേണം കരുതാൻ. അവർക്കാണ്​ കൂടുതൽ ലഭിച്ചിട്ടുള്ളത്​. അത്​ മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാനാകും അങ്ങനെയൊരു പരാതി അവരെക്കൊണ്ട്​ പറയിപ്പിച്ചത്​.

എസ്.വൈ.എസ് തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ടോ?

സര്‍ക്കാരുകളുമായി വളരെ നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും പരമാവധി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുക എന്നുകൂടിയാണ്. ഏത് സര്‍ക്കാരുകള്‍ ആയാലും അവരോട് ഒരു നല്ല ബന്ധം എസ്.വൈ.എസ് കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ കഴിഞ്ഞ ഗവണ്‍മെന്‍റ് വളരെ ഊഷ്മള ബന്ധമാണ് ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നത്. കേരളത്തില്‍ സര്‍ക്കാരുകള്‍ ഓരോ ടേമിലും മാറി വരണമെന്ന് ഒരു നിര്‍ബന്ധമില്ലല്ലോ. അപ്പോള്‍ ഭരണതുടര്‍ച്ചയുണ്ടാകുന്നത് പൊതുവികസനത്തിന് ഗുണപരമായിട്ട് തന്നെയാണ് വരിക എന്നാണ് മനസ്സിലാക്കേണ്ടത്. ഒരു ഗവണ്‍മെന്‍റ് പദ്ധതി ആലോചിച്ചു വരുമ്പോഴേക്കും അവരുടെ കാലാവധി കഴിയും. അപ്പോള്‍ പിന്നെ ഗവണ്‍മെന്‍റുകള്‍ മാറിയാല്‍ ആ പദ്ധതികള്‍ നടപ്പിലാവില്ല. അടുത്ത ഗവണ്‍മെന്‍റ് വന്നാല്‍ അതെ രീതി തന്നെ സംഭവിക്കും . അപ്പോള്‍ അത് സംഭവിക്കാന്‍ ഏത് കക്ഷികള്‍ ഭരിക്കുമ്പോഴും ഒരു തുടര്‍ഭരണം ഒന്നോ രണ്ടോ തവണ ഉണ്ടാകുന്നത് ഗുണപരമായിരിക്കും പൊതുവെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

തുടര്‍ഭരണം എന്ന ആശയത്തെക്കുറിച്ചാണ് ഈ പറഞ്ഞത്. ആസന്നമായ തെരഞ്ഞെടുപ്പില്‍ എന്ത് നിലപാടെടുക്കും എന്നതിനെക്കുറിച്ചല്ല. അത് എസ്.വൈ.എസ് അല്ലല്ലോ പറയേണ്ടത്. അത് പ്രാസ്ഥാനിക നേതൃത്വമാണല്ലോ പറയേണ്ടത്. അത്തരം കാര്യങ്ങള്‍ പരസ്യപ്രസ്താവന നടത്തുകയോ അല്ലെങ്കില്‍ സാധാരണ ഇലക്ടറല്‍ രാഷ്ട്രീയത്തില്‍ അങ്ങനെ ഇടപ്പെടുന്ന രീതിയോ നമുക്കില്ല. അത് പ്രസ്ഥാനത്തിന്‍റെ രാഷ്ട്രീയ നിലപാടുകള്‍ സംഘടനാ ചാനലുകള്‍ വഴി പ്രവര്‍ത്തകരിലേക്കെത്തുകയും ആ രീതിയില്‍ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് രീതി.

നിലനില്‍ക്കുന്ന സര്‍ക്കാരില്‍ തൃപ്തരാണ്, നാം ചോദിക്കുന്ന എല്ലാം കിട്ടുകയില്ല. അതിപ്പോ ഭരിക്കുന്ന കക്ഷികളുടെ ആളുകള്‍ക്ക് പോലും ചോദിക്കുന്ന മുഴുവന്‍ കാര്യങ്ങളും കിട്ടില്ല. ആപേക്ഷികമായി പ്രസ്ഥാനം മുന്നോട്ടുവെച്ച മുഖ്യമായ കാര്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ നമ്മള്‍ തൃപ്തരാണ്.

കേരളത്തിലെ നിലവിലെ പ്രതിപക്ഷ, ഭരണ കക്ഷികളിലെ ആളുകള്‍ നിലവിലെ ഫോര്‍മുല മാറിയിട്ട് ഒരു പുതിയ ഫോര്‍മുല വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വര്‍ഗ്ഗീയാധിഷ്ടിതമായ ഒരു കക്ഷിക്ക് ഇനിയും കേരളത്തിലെ മണ്ണ് പാകമായിട്ടില്ലായെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story