ഓറഞ്ചു ഫാൻസിനോട്: ഈ സമനിലയിൽ സന്തുഷ്ടരാവുക
എതിരാളികളെ കളിക്കാൻ വിട്ട് പ്രതിരോധിക്കാൻ തീരുമാനിക്കുന്ന ഒരു സ്ട്രാറ്റെജിയിലേക്ക് മാറാൻ വാൻഹാളിനെ പോലെ പരിചയസമ്പന്നയായ കോച്ചിനെയും ഹോളണ്ടിനെ പോലെ നല്ല കളിക്കാരുള്ള ടീമിനെയും നിർബന്ധിതരാക്കി എന്നതാണ് ഇക്വഡോറിന്റെ വിജയം.
- Published:
26 Nov 2022 7:42 AM GMT
ഇക്വഡോറിനെതിരെ സമനില വഴങ്ങിയതിൽ ഹോളണ്ട് ഫാൻസായ പല സുഹൃത്തുക്കളും നിരാശ പ്രകടിപ്പിച്ചു കണ്ടു. തുടക്കത്തിൽ തന്നെ ലീഡ് കിട്ടിയിട്ടും അത് വർധിപ്പിക്കാൻ കഴിയാതിരിക്കുകയും രണ്ടാം പകുതിയിൽ ഗോൾ വഴങ്ങുകയും ചെയ്തിട്ടും ഓറഞ്ചു പടയുടെ കളി വലിയ കുഴപ്പമില്ലെന്നാണ് എനിക്ക് തോന്നിയത്. പലതവണ ടെസ്റ്റ് ചെയ്യപ്പെട്ടിട്ടും കളി കൈവിടാതിരുന്ന അവരുടെ ഡിഫൻസ്, മധ്യനിരയിൽ ക്രിയേറ്റീവ് ആയ നീക്കങ്ങൾ ദരിദ്രമായ കളിയിൽ മികച്ചുനിന്നു.
ശരിയാണ്, സംശയമില്ലാത്ത വിധത്തിൽ കളിയിൽ മേൽക്കോയ്മ പുലർത്തിയത് ലാറ്റിനമേരിക്കൻ ടീം ആയിരുന്നു. എന്നർ വലൻസിയയും എസ്തുപിനാനും എസ്ട്രാഡയും കായ്സീഡോയുമടക്കം അവരുടെ ടീമിൽ എല്ലാവരും ഒരു സ്വപ്നത്തിലെന്ന പോലെയാണ് കളിച്ചത്. വാർ നിഷേധിച്ച ഒഫ്‌സൈഡ് ഗോളും, ക്രോസ് ബാറിനെ കിടിലംകൊള്ളിച്ച പ്രസ്യഡോയുടെ ഷോട്ടും അവർ അർഹിച്ച വിജയം നഷ്ടപ്പെടുത്തി എന്നുതന്നെ പറയാം. ഹോളണ്ടിന് രണ്ട് ഓൺ ടാർഗറ്റ് ഷോട്ടുകളും ബോക്സിൽ വെറും ആറ് ടച്ചുകളുമേ ഉണ്ടായിരുന്നുള്ളൂ എന്നത് ഈ കളിയിൽ അവരുടെ മുൻനിരയുടെ ദൌർബല്യം വെളിപ്പെടുത്തുന്നു.
എനിക്ക് മനസ്സിലായത്, ജയിക്കാനല്ല ഒരു പോയിൻറിനു വേണ്ടിയാണ് ഹോളണ്ട് കളിച്ചത് എന്നാണ്. ഇന്നലെ അവരുടെ ഏറ്റവും മികച്ച കളിക്കാരൻ ഫ്രെങ്കി ഡിയോങ്ങിൻ്റെ പൊസിഷനിങ്ങും മൂവുകളും വെച്ചാണ് ഈ അനുമാനത്തിൽ എത്തുന്നത്. മിക്കവാറും ഡിഫൻസ് ലൈനിൻ്റെ ഭാഗമായി, പലപ്പോഴും ഫുൾ ബാക്കിൻ്റെ റോളിൽ ആയിരുന്നു ഡിയോങ്ങിനെ കണ്ടത്. മൈതാന മധ്യത്തിൽ തുറന്ന സ്പേസ് ഉണ്ടായിരുന്നപ്പോൾ പോലും മുന്നോട്ടു പന്തുമായി ഓടിക്കയറാൻ അയാൾ മടിച്ചു. അങ്ങനെ കയറുകയോ ലൈനുകൾ ഭേദിച്ചു ഡെലിവർ ചെയ്യുകയോ ഉണ്ടായപ്പോഴെല്ലാം ഹോളണ്ടിൻ്റെ നീക്കങ്ങൾക്ക് ചടുലത കണ്ടിരുന്നു. ബോക്സ് ടു ബോക്സ് കളിക്കാനും ഗോളവസരങ്ങൾ സൃഷ്ടിക്കാനും കഴിവുള്ള ഫ്രെങ്കി ബോധപൂർവ്വം അതിനു മുതിരാത്ത പോലെ തോന്നി. ഗോൾ അടിപ്പിക്കുകയല്ല, ശരവേഗത്തിൽ ആക്രമിക്കുന്ന, തഞ്ചം കിട്ടിയപ്പോഴൊക്കെ ഗോൾ ലക്ഷ്യം വെക്കുന്ന ബലിഷ്ഠരായ ഇക്വഡോർ കളിക്കാരെ പ്രതിരോധിക്കുക എന്നതായിരിക്കണം ഫ്രെങ്കിക്ക് കിട്ടിയ നിർദേശം.
ആക്രമിക്കുമ്പോഴും പ്രതിരോധിക്കുമ്പോഴും ലൈനുകളിൽ ഒരേ അംഗബലം ഉണ്ടാകുന്ന തരത്തിലുള്ള ശൈലിയാണ് ഡച്ച് കോച്ച് വാൻ ഹാളിന്റേത്. ഇന്നലെ പക്ഷേ, തുടക്കത്തിലെ ചില അവസരങ്ങളലൊഴിച്ചാൽ ഫൈനൽ തേഡിൽ അംഗങ്ങളുടെ എണ്ണം പരമാവധി മൂന്ന് ആയിരുന്നു. അതേസമയം പ്രതിരോധ മേഖലയിൽ ആളെണ്ണം കൂടുതലുമായിരുന്നു. സെൻറർ ബാക്കുമാരായ ടിംബർ മുന്നോട്ടുകയറി പ്രതിരോധിക്കുകയും നതാൻ ആക്കെ മധ്യവരയും കടന്ന് പന്തുമായി കയറുകയും ചെയ്യുമ്പോൾ അവരുടെ പൊസിഷനിൽ മറ്റു കളിക്കാർ (ഒരു ഘട്ടത്തിൽ, അറ്റാക്കറായ ഗാപ്കോ വരെ) ഇറങ്ങി നിൽക്കുന്നത് രസമുള്ള കാഴ്ചയായിരുന്നു. ശരിക്കും ടോട്ടൽ ഫുട്ബോളിനെ ഓർമിപ്പിക്കുന്ന ആ സ്വിച്ചിങ് കൂടുതൽ ആക്രമണ അവസരങ്ങളിലേക്ക് തുറക്കേണ്ടതുമായിരുന്നു.
എന്നാൽ, മിഡ് തേഡിന്റെ ആദ്യഭാഗത്ത് കേന്ദ്രീകരിച്ച് കളിക്കേണ്ടി വന്ന ഹോളണ്ടിന്, വാൻഹാൾ വിഭാവന ചെയ്യുന്ന വിധമുള്ള അറ്റാക്കിങ് നീക്കങ്ങൾ നടത്താൻ കഴിഞ്ഞില്ല. ഫ്രെങ്കി ലഭ്യമായിരുന്നില്ല എന്നതിനൊപ്പം ഡംഫ്രയ്സും കൂപ്മിനേഴ്സും ക്ലാസ്സനും പാടെ നിറംമങ്ങിയതും ഇതിനു കാരണമായി. എതിരാളികളെ കളിക്കാൻ വിട്ട് പ്രതിരോധിക്കാൻ തീരുമാനിക്കുന്ന ഒരു സ്ട്രാറ്റെജിയിലേക്ക് മാറാൻ അദ്ദേഹത്തെ പോലെ പരിചയസമ്പന്നയായ കോച്ചിനെയും ഹോളണ്ടിനെ പോലെ നല്ല കളിക്കാരുള്ള ടീമിനെയും നിർബന്ധിതരാക്കി എന്നതാണ് ഇക്വഡോറിന്റെ വിജയം. ഡാലി ബ്ലിന്റിലൂടെ ഇടതുഭാഗത്തും ഡംഫ്രിയ്സിലൂടെ വലതുഭാഗത്തും വിങ്ങുകളിൽ ആക്രമണം നടത്താറുള്ള നെതർലാന്റ്സിന് ആ കളി പുറത്തെടുക്കാൻ കഴിയാത്തവിധം എസ്തുപിനാനും പ്രിസ്യാഡോയും പറന്നുകളിച്ചു. എന്നർ വലൻസിയ രണ്ടും മൂന്നും തേഡുകളിൽ എല്ലായിടത്തും ചെന്നെത്തി പന്ത് വീണ്ടെടുക്കുകയും മുന്നോട്ടു കുതിക്കുകയും ബോക്സ് അറ്റാക്ക് ചെയ്യുകയും ചെയ്തപ്പോൾ പ്രതിരോധം അപരാധമല്ല എന്നു തീർച്ചയാക്കേണ്ടി വന്നു ഡച്ചുകാർക്ക്.
ബ്രസീലിന് ആക്രമണനിര എന്ന പോലെ ഹോളണ്ടിന് പ്രതിരോധമാണ് ഏറ്റവും ശക്തമായ മേഖല. എന്റെ ഓർമയിൽ മുന്നേറ്റത്തേക്കാൾ മികച്ച പ്രതിരോധവുമായി നെതർലാന്റ്സ് ഒരു മേജർ ടൂർണമെന്റിനു വരുന്നത് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ, ഇതുപോലുള്ള കളികളും റിസൾട്ടുകളും ഇനിയും പ്രതീക്ഷിക്കണം. പൂജ്യത്തേക്കാൾ നല്ലതാണ് ഒന്ന് എന്ന നിലയ്ക്ക് സുരക്ഷിതമായ ഈ റിസൾട്ടിൽ ഓറഞ്ചു ഫാനായ ഞാൻ സന്തുഷ്ടനാണ്.
എന്നർ വലൻസിയയുടെ പരിക്ക് ഗുരുതരമാകാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു. കാരണം, സെനഗലുമായി അവർക്കിനിയുള്ളത് ഗ്രൂപ്പിലെ ഏറ്റവും നിർണായക മത്സരമാണ്. ജയം മാത്രം ലക്ഷ്യമിട്ടു വരുന്ന ആഫ്രിക്കൻസിനെ സമനിലയിലെങ്കിലും തളക്കണമെങ്കിൽ അവരുടെ മികച്ച കളിക്കാരൻ കളത്തിൽ വേണം.
Adjust Story Font
16