Quantcast

സൗദി വെള്ളക്ക: ഏറ്റവും മനോഹരമായ അനുഭവത്തെ കുറിച്ചുള്ള സിനിമ

ഇനിയെങ്കിലും നിങ്ങള്‍ ഹൃദയം കൊണ്ടു സ്നേഹിക്കുന്നതു നിര്‍ത്തി, തലച്ചോറ് കൊണ്ടു സ്നേഹിക്കണം - സൗദി വെള്ളക്ക എന്ന സിനിമ കണ്ടവര്‍ക്കൊന്നും ഈ സംഭാഷണം മറക്കാന്‍ കഴിയില്ല

MediaOne Logo

റോഷൻ പി.എം

  • Published:

    13 Jan 2023 1:51 AM GMT

സൗദി വെള്ളക്ക: ഏറ്റവും മനോഹരമായ അനുഭവത്തെ കുറിച്ചുള്ള സിനിമ
X

താജ് മഹല്‍, നയാഗ്ര വെള്ളച്ചാട്ടം, ആമസോണ്‍ മഴക്കാടുകള്‍, ആന, കടല്‍, ആകാശം... ലോകത്തേറ്റവും മനോഹരമായ വസ്തു എന്തായിരിക്കും? എല്ലാവരെയും തൃപ്ടിപ്പെടുത്തുന്ന ഒരുത്തരം ഇതിനില്ല. സൗന്ദര്യം മാത്രമല്ല കാഴ്ച പോലും ആപേക്ഷികമാണ്. മനുഷ്യന്‍ കാണുന്ന പൂവിനെയല്ല, ഒരു തുമ്പി കാണുന്നതു. ഒരേ മഴ ഓരോരുത്തരിലും ജനിപ്പിക്കുന്ന അനുഭൂതികള്‍ വ്യത്യസ്തങ്ങളായിരിക്കും. ഇങ്ങിനെയൊക്കെയാണെങ്കിലും ലോകത്തേറ്റവും മനോഹരമായതു മനുഷ്യരാണെന്നു എനിക്കിപ്പോള്‍ തോന്നുന്നു!

പ്രപഞ്ച വ്യാപ്തി പരിഗണിക്കുമ്പോള്‍, കടുകുമണിയോളം ചെറുതാണ് നമ്മുടെ ഭൂമി. ആ ഭൂമിയുടെ ചരിത്രത്തില്‍, ഒരു നിമിഷായുസ്സില്‍ പൊലിയുന്ന കേവലമൊരു ജീവിവര്‍ഗ്ഗം മാത്രമാണു മനുഷ്യന്‍. മനുഷ്യ വംശത്തിന്‍റെയും ഭൂമിയുടെയും നിസ്സാരത മനസിലാക്കുമ്പോള്‍ പോലും, ഒരു മനുഷ്യ കേന്ദ്രീകൃത പ്രപഞ്ചത്തിനേക്കാള്‍ വിശാലമായൊരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാന്‍ കഴിയാറില്ല. അതുകൊണ്ടാവാം എന്‍റെ കാഴ്ചയില്‍ മനുഷ്യനൊരു മഹത്തായ സംഗതിയാവുന്നതും. അവനുള്ള കാലം, അവനുണ്ടായിരുന്ന ഭൂമിയെ ഭരിച്ചതു മനുഷ്യനാണു. അതെ ഒരുപാടു കുറവുകളുള്ള, ദുര്‍ബലരായ, തെറ്റുകള്‍ പറ്റുന്ന മനുഷ്യരെ കുറിച്ചു തന്നെയാണ് പറയുന്നതു. എങ്ങിനെയാണ് ഇങ്ങിനെയുള്ള മനുഷ്യര്‍ ഈ ഭൂമിയെ നിയന്ത്രിക്കുന്നത്.

അതിനുള്ള ഉത്തരമാണ് സമൂഹമെന്നത്. മനുഷ്യനല്ല, മനുഷ്യ സമൂഹമാണ് ഈ ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചതു. സമൂഹത്തിന്‍റെ അടിസ്ഥാനം സ്നേഹവും പരസ്പര വിശ്വാസവുമൊക്കെയാണു. മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പിനും അധീശത്വത്തിനും കാരണം അവന്‍റെ സാമൂഹ്യ ജീവിതമാണ്. അതെസമയം സമൂഹത്തിനെ സൃഷ്ടിച്ചതു തലച്ചോറിന്‍റെ സ്വാര്‍ഥബുദ്ധിയുമല്ല. അന്യരെ വിശ്വസിക്കുക, പാപിയോട് ക്ഷമിക്കുക, നിസ്വാര്‍ഥമായി സ്നേഹിക്കുക... ഇങ്ങിനെയൊക്കെയാണ് ഒരോ മനുഷ്യസമൂഹങ്ങളും രൂപപ്പെടുന്നതു. നിലനില്‍പ്പിന്‍റെ യുക്തിയില്‍ അന്യനെ അവിശ്വസിക്കുന്നതാവും കൂടുതല്‍ യുക്തിസഹം. എന്നിട്ടും തലച്ചോറിന്‍റെ വ്യക്ത്യാധിഷ്ഠിതമായ സ്വാര്‍ഥയുക്തികളെ അവഗണിച്ചു കൊണ്ടു മനുഷ്യര് ത്യാഗങ്ങളിലൂടെ സമൂഹത്തിനെ സൃഷ്ടിക്കുന്നു.

ഇനിയെങ്കിലും നിങ്ങള്‍ ഹൃദയം കൊണ്ടു സ്നേഹിക്കുന്നതു നിര്‍ത്തി, തലച്ചോറ് കൊണ്ടു സ്നേഹിക്കണം - സൗദി വെള്ളക്ക എന്ന സിനിമ കണ്ടവര്‍ക്കൊന്നും ഈ സംഭാഷണം മറക്കാന്‍ കഴിയില്ല. ഒന്നിനു പുറകെ ഒന്നായി പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന സത്താറിനോട് ഭാര്യ നസീമ ആവശ്യപ്പെടുന്നതാണിതു. പാവം സത്താര്‍, ഭാര്യയുടെ ആവശ്യാനുസരണം തലച്ചോറ് കൊണ്ടു സ്നേഹിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുമുണ്ട്. ശ്രമിച്ചു പരാജയപ്പെടുന്ന മകന്‍റെ നിസ്സഹായവസ്ഥയില്‍ ആയിഷ റാവുത്തരെന്ന സത്താറിന്‍റെ ഉമ്മ അവനെ ആശ്വസിപ്പിക്കാനായി പറയുന്ന അനുഭവങ്ങളില്‍ ചുട്ടെടുത്ത ഒരു വാചകമുണ്ട് - "എന്‍റെ മോന് മനുഷ്യന്മാരെ മനസ്സു കൊണ്ടു മാത്രം സ്നേഹിക്കാനേ പറ്റുള്ളൂ, അതിനേ കഴിയുള്ളൂ മോനേ"

അതെ, മനുഷ്യന്‍ മനസ്സു കൊണ്ടു സ്നേഹിച്ചു സൃഷ്ടിച്ചതാണ് ഈ സമൂഹത്തിനെ. അല്ലാതെ ഗുണദോഷങ്ങള്‍ അളന്നു തിട്ടപ്പെടുത്തി, തലച്ചോര്‍ ആലോചിച്ചുറപ്പിച്ചു നടത്തുന്ന ഒരു പദ്ധതിയുടേയും ഗുണഫലമല്ല മനുഷ്യ സമൂഹമെന്നതു. മനുഷ്യവംശത്തിന്‍റെ ഇന്നോളമുള്ള എല്ലാ നേട്ടങ്ങള്‍ക്കും കാരണമായിട്ടുള്ള സാമൂഹ്യജീവിതത്തിനു അടിത്തറ പാകിയവര്‍, നഷ്ടങ്ങള്‍ ഉണ്ടായേക്കാമെന്ന ബോധ്യത്തോടെ തന്നെ അന്യരെ നിസ്വാര്‍ഥമായി സ്നേഹിച്ചവരാണ്. അവര്‍ക്കതിനേ കഴിയുമായിരുന്നുള്ളൂ എന്നതാണു സത്യം, അങ്ങിനെ രൂപകല്‍പ്പന ചെയ്തപ്പെട്ട മനുഷ്യരാണ്. ശരിയാണ് വ്യക്തിപരമായി നോക്കിയാല്‍ അതൊരു പരിമിതിയാണ്. എന്നാല്‍ അവരുടെ തോളില്‍ ചവിട്ടി നിന്നു കൊണ്ടു ഉയര്‍ത്തിപൊക്കിയ നേട്ടങ്ങളുടെ സംരക്ഷണത്തിലാണു മനുഷ്യവംശം നിലനില്‍ക്കുന്നതും, സമൂഹം പുരോഗമിക്കുന്നതും.

സൗദി വെള്ളക്ക എന്ന സിനിമ ഇനിയും കാണാത്തവരുണ്ടെങ്കില്‍, കാണണം. എനിക്കു വളരെയധികം ഇഷ്ടപ്പെട്ട ഒരു സിനിമയാണ്. നിങ്ങള്‍ക്കത് ഇഷ്ടപ്പെടുമോ എന്നൊന്നും പറയാന്‍ ഞാനളല്ല. പക്ഷെ എനിക്കു കാണാന്‍ കഴിയാത്ത, ഒളിഞ്ഞിരിക്കുന്ന ഒട്ടനവധി കാഴ്ചകളുടെ സാധ്യതകള്‍ ആ സിനിമ സമ്മാനിക്കുന്നുണ്ടു. ഞാന്‍ കാണാത്ത ആ സൗദി വെള്ളക്ക നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഇനി പറയാന്‍ പോവുന്നതു ഞാന്‍ കണ്ട സൌദി വെള്ളക്കയെ കുറിച്ചു മാത്രമാണു. അതുകൊണ്ടു സിനിമ കണ്ടു കഴിഞ്ഞവര്‍ മാത്രം തുടര്‍ന്നു വായിച്ചാല്‍ മതിയെന്നാണ് എന്‍റെ അഭിപ്രായം [SPOILER ALERT]

മനുഷ്യന്‍ മനോഹരമാണെന്നു പറയുമ്പോള്‍, അതെന്തോ പൂര്‍ണ്ണതയുള്ള സൃഷ്ടിയാണെന്നു തെറ്റിദ്ധരിക്കരുത്. പരിമിതികളില്ലാത്ത, സ്വാര്‍ഥരല്ലാത്ത മനുഷ്യരുണ്ടാവില്ല. പരസ്പരം സ്നേഹിച്ചു, അപരരെ കൂടെക്കൂട്ടി മനുഷ്യന്‍റെ പരിമിതികളെ മറികടക്കുന്ന പ്രക്രിയയാണ് മനുഷ്യനെ മനോഹരമാക്കുന്നതു. അങ്ങിനെയെങ്കില്‍ വ്യക്തിയെ അവഗണിക്കാം, പക്ഷെ നീതി നടപ്പിലാകുന്ന ഇടമായിരിക്കുമല്ലോ ഓരോ സമൂഹങ്ങളും. നിര്‍ഭാഗ്യവശാല്‍ അതുമല്ല എന്നതാണു വസ്തുത. സമൂഹത്തിനു പോലും അതിലെ ഓരോ വ്യക്തികളോടും പ്രത്യേകം പ്രത്യേകം നീതി പുലര്‍ത്താന്‍ കഴിയില്ല. അര്‍ഹമായ അംഗീകാരവും നീതിയും എല്ലാവര്‍ക്കും ഉറപ്പു വരുത്തുകയെന്ന ലക്ഷ്യം ഒരിയ്ക്കലും കൈവരിക്കാനാവാത്ത, എന്നാല്‍ നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കേണ്ട ഒന്നാണു. അസാധ്യമായ ലക്ഷ്യമായതു കൊണ്ടുതന്നെ സമൂഹം എത്ര പുരോഗമിച്ചാലും, അര്‍ഹിക്കുന്ന അംഗീകാരവും നീതിയും ലഭിക്കാത്തവര്‍ എല്ലാക്കാലത്തുമുണ്ടാകും.

"മഴ തോര്‍ന്നാല്‍ കുട എല്ലാവര്‍ക്കുമൊരു ബാധ്യതയാണ്". സത്താറിന്‍റെ ഉമ്മയെ കൂടെ നിര്‍ത്തണമെന്ന് ആശിക്കുമ്പോഴും അതിനു കഴിയാതെ പോവുന്ന അവരുടെ കേട്ട്യൊന്‍ പറയുന്ന വാചകമാണിതു. ഒരുകാലത്ത് സമ്പത്തും ആജ്ഞാശക്തിയുമുള്ള മനുഷ്യര്‍ക്കു മാത്രം ലഭ്യമായിരുന്ന വിശേഷാധികാരമായിരുന്നു ബഹുഭാര്യത്വം. ആ ഭൂതകാല പ്രമാണിത്തത്തിനു പുല്ലുവിലയില്ലാത്ത വര്‍ത്തമാനകാല നിസ്സഹായതയാണ് അയാള്‍ പ്രകടിപ്പിക്കുന്നതു. രസകരമായ കാര്യം അയാളീ സങ്കടം പറയുന്നതു അയാളുടെ ഭാര്യ ആയിഷ റാവുത്തരോടാണ് എന്നതാണ്. അയാളെന്നേ ഉപേക്ഷിച്ചതാണ് ആയിഷയെ! ഒരുകാലത്ത് ഒരുമിച്ചുണ്ടായിരുന്നതിന്‍റെ ഓര്‍മ്മക്കായി ഒരുമിച്ചൊരു കുടുംബചിത്രം പോലും അവശേഷിക്കുന്നില്ല. ആ ഉമ്മയ്ക്ക് ഈ ലോകത്തില്‍ ആകെ ഉണ്ടായിരുന്നതു, മകന്‍ സത്താറാണ്. മനസ്സിനു പകരം തലച്ചോറ് കൊണ്ടു സ്നേഹിക്കാനുള്ള സത്താറിന്‍റെ ശ്രമത്തില്‍ തെരുവിലുപേക്ഷിക്കപ്പെടുന്ന ആയിഷയോടാണ്, മഴ തോര്‍ന്നാല്‍ കുട എല്ലാവര്‍ക്കുമൊരു ബാധ്യതയാണെന്ന സങ്കടം അയാള്‍ പറയുന്നതു!

ഇങ്ങിനെ ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളെ പരിശോധിക്കുമ്പോഴും, അവരൊക്കെയും തന്നെ ശരിതെറ്റുകളുടെ, ഗുണദോഷങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ മിശ്രണമാണെന്നു കാണാന്‍ കഴിയും. പരിപൂര്‍ണ്ണനായൊരു കഥാപാത്രവുമില്ലെങ്കിലും, ആരും കൊതിക്കുന്ന ഒരു സുഹൃത്താണ് ബ്രിട്ടോ. സത്താറിനു ഒരാവശ്യം വന്നപ്പോള്‍ മുന്നുംപിന്നും നോക്കാതെ അവന്‍റെ കൂടെ പോലീസ് സ്റ്റേഷനിലേക്ക് ചാടി ഇറങ്ങിയവന്‍! സത്താറിനേക്കാള്‍ കാര്യക്ഷമമായി ഉമ്മയെ സ്വതന്ത്രയാക്കാന്‍ നിരന്തരമായി, മനസ്സുമടുക്കാതെ ഇടപെട്ടു കൊണ്ടേയിരുന്നവന്‍. എന്നാല്‍ തിരിഞ്ഞു നോക്കുമ്പോള്‍ ആ ബ്രിട്ടോക്ക് പോലും തെറ്റുകള്‍ പറ്റിയതായി കാണാം. ഈ കഥയില്‍ ഏറ്റവും നിര്‍ഭാഗ്യവാനായ ഒരാളാവും സത്താര്‍. ഉമ്മയെ ഉപേക്ഷിക്കേണ്ടി വരുന്ന നിര്‍ണ്ണായകമായ ഘട്ടത്തില്‍ വെച്ചു സത്താര്‍ അപ്രത്യക്ഷനാവുകയാണ്. സത്താര്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് നസീമ അടക്കമുള്ളവര്‍ ജീവിക്കുന്നതു. എന്നാല്‍ ഞാന്‍ കരുതുന്നത്, സത്താര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാവുമെന്നു തന്നെയാണു. കാരണം ഉമ്മയെ ഉപേക്ഷിക്കുന്ന ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷത്തില്‍, അതുവരെ താങ്ങായി നിന്ന ബ്രിട്ടോ സത്താറിനോട് ചോദിക്കുന്നതു "പെറ്റ ഉമ്മയല്ലേടാ, പോയി ചത്തൂടെടാ" എന്നാണു. സത്താറിന് ആത്മഹത്യ ചെയ്യാന്‍ അതിലും വലിയ കാരണമൊന്നും വേണ്ട.

നസീമയുടെ സ്വാധീനമാണ് ആ കുടുംബത്തിന്‍റെ ജീവിതം സങ്കീര്‍ണ്ണമാക്കിയതും, സത്താറിന്‍റെ തിരോധനത്തിനു കാരണമായതും - പെട്ടെന്നിങ്ങിനെ തോന്നിയേക്കാം. എന്നാല്‍ സത്താറിനേക്കാള്‍, എത്രയോ ദുരിതപൂര്‍ണ്ണമായ ജീവിതമാണ് അവരിതു വരെ ജീവിച്ചതും, ഇനി ജീവിച്ചു തീര്‍ക്കാനുള്ളതും! തനിക്കു വേണ്ടി ജീവിക്കാന്‍ നസീമ സത്താറിനോട് ആവശ്യപ്പെടുന്നതു പോലും, പരാജയങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ തളര്‍ന്നു പോവുന്ന സത്താറിനെ കൈപിടിച്ചു ഉയര്‍ത്താനാണെന്നു വ്യക്തം. കോടതി നടപടികളിലൂടെ വൈകി വരുന്ന നീതിനിഷേധം, കുടുംബത്തെ തകര്‍ത്തു കളയുമെന്നുള്ളത് നസീമയുടെ നേരനുഭവമാണ്. ആ നിലയില്ലാ കയത്തിലേക്ക് സ്നേഹത്താല്‍ നയിക്കപ്പെടുന്ന സത്താര്‍ വീണു പോവുമെന്നു അവള്‍ ന്യായമായും ഭയപ്പെട്ടു. കോടതിയില്‍ നിന്നുള്ള മുന്നനുഭവങ്ങള്‍ കൊണ്ടു മാത്രമല്ല, മറ്റാരേക്കാളും സത്താറിനെ അറിയാവുന്നതു കൊണ്ടാണ് കേസ് നടത്തുന്നതിനെ നസീമ വിലക്കുന്നതു.

നിയമപാലകന്‍ മുന്‍ഗണന കൊടുക്കേണ്ടതു എന്തിനാണ്? കര്‍ശനമായി നിയമം നടപ്പിലാക്കുന്നതിനാണോ അതോ നിയമം മറികടന്നും നീതി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണോ ചെയ്യേണ്ടതു? ഈ രണ്ടു തിരഞ്ഞെടുപ്പുകളും ഇരുതലമൂര്‍ച്ചയുള്ള വാളാണ്. സവിശേഷമായ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടു മാത്രമേ ശരിതെറ്റുകള്‍ തീരുമാനിക്കാനാവൂ. പലപ്പോഴും തിരിഞ്ഞു നോക്കുമ്പോള്‍ മാത്രമേ ശരിതെറ്റുകള്‍ തിരിച്ചറിയാനും സാധിക്കൂ. കര്‍ശനമായി നിയമം നടപ്പിലാക്കുന്ന ഒരു പോലീസുകാരനാണ് ഈ സിനിമയിലെ പ്രശ്നത്തെ സങ്കീര്‍ണ്ണമാക്കുന്നതു. എന്നാല്‍ അയാള്‍ വഴിവിട്ട് ഒന്നും ചെയ്യുന്നില്ല, നിയമം നടപ്പിലാക്കുക മാത്രമാണു ചെയ്യുന്നതു. പക്ഷെ അതെത്ര ക്രൂരമായാണ് നിര്‍ഭാഗ്യവരായ ജീവിതങ്ങളെ ബാധിക്കുന്നതു! അതു കാണുമ്പോഴാണ് നിയമത്തിന്‍റെ അന്തസത്ത അഥവാ നീതിക്കാണ്, സാങ്കേതികമായ നിയമപാലനത്തേക്കാള്‍ പ്രാധാന്യം വ്യവസ്ഥിതി കല്‍പ്പിക്കേണ്ടതെന്നു തോന്നിപ്പോവുന്നതു. എന്നാല്‍ വ്യക്തികളുടെ വിവേചനാധികാരത്തെ അടിസ്ഥാനപ്പെടുത്തി രൂപകല്‍പ്പന ചെയ്യേണ്ട ഒന്നല്ലല്ലോ നിയമ വ്യവസ്ഥിതി.

ആധുനിക സമൂഹത്തിലെ നിയമവ്യവസ്ഥക്ക് അവഗണിക്കാന്‍ കഴിയുന്ന ഒന്നല്ല കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അക്രമം. ഈ സിനിമയുടെ ഏറ്റവും ബ്രില്ല്യന്‍റ് ആയി ഞാന്‍ കണക്കാക്കുന്നതു അതാണു, ഈ സിനിമ ആ അക്രമണത്തെ ഒരിയ്ക്കലും നിസ്സാരവല്‍ക്കരിക്കുന്നില്ല. കുഞ്ഞിനെതിരെയുള്ള ആക്രമണത്തെ ന്യായീകരിച്ചു ഉമ്മയെ വിശുദ്ധയാക്കുകയെന്ന എളുപ്പ വഴിയിലൂടെയല്ല ഈ സിനിമ സഞ്ചരിക്കുന്നതു. മറിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഒരല്‍പ്പം പോലും കുറ്റബോധം കുറയാതെ കൊണ്ടുനടക്കുന്ന ഉമ്മയെയാണ് സിനിമ അവതരിപ്പിക്കുന്നത്. ആ ഉത്തരവാദിത്തത്തില്‍ നിന്നുമവര്‍ ഒരിയ്ക്കലും ഒളിച്ചോടുന്നില്ല. ഒരു പക്ഷെ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത ആ ഉമ്മയെ അത്രനാളും ജീവിപ്പിച്ചതു, എന്നെങ്കിലും ആ കുഞ്ഞ് തനിക്കു പൊറുത്തു തരുമെന്ന പ്രതീക്ഷ തന്നെയാവാം.

അന്യരോട് കാണിക്കുന്ന കരുണയാണ് മനുഷ്യനെ മനോഹരമാക്കുന്നതു. നിസ്സഹായരായ ഘട്ടത്തില്‍ അപ്രതീക്ഷിതമായ കോണുകളില്‍ നിന്നും ലഭിക്കുന്ന പരിഗണനയേക്കാള്‍ മനോഹരമായ എന്തുണ്ട് ഈ ലോകത്ത്! അത്തരം ഒട്ടനവധി രംഘങ്ങള്‍ ഈ സിനിമയിലുണ്ട്, ഒരുദാഹരണം മാത്രം പറയാം. കുട്ടിയെ ആക്രമിച്ചതിനു ഉമ്മയെ അറസ്റ്റ് ചെയ്യുന്നു. പാതിരാത്രി ജഡ്ജി ജാമ്യം തന്നാല്‍ മാത്രമേ ഉമ്മയെ ഇറക്കി കൊണ്ടുവരാന്‍ കഴിയൂ. സത്താറിന്‍റെ ജീവിതസാഹചര്യത്തിലുള്ള ഒരാളെ സംബന്ധിച്ചു അസാധ്യമായ കാര്യമാണത്. അതിനാദ്യം രാത്രി വരാന്‍ തയ്യാറാവുന്ന ഒരു വക്കീലിനെ ലഭിക്കണം. ഏകസാധ്യത പരിസരത്തുള്ള ക്ഷേണായി വക്കീലാണ്. പക്ഷെ അലസതയ്ക്ക് കയ്യും കാലും വെച്ച പോലെയുള്ള ഷേണായില്‍ നിന്നൊരു സഹായവും സത്താറിന് ലഭിക്കുമെന്നാരും കരുതില്ല. പക്ഷെ ആ പാതിരാത്രി ജാമ്യം ശ്രമിക്കാനായി അയാള്‍ ഇറങ്ങിത്തിരിക്കും. അതിനൊരു കാരണമേയുള്ളൂ, നിസ്സഹായനായ മകന്‍റെ അപേക്ഷ അവഗണിക്കാനാവില്ല എന്ന ഒരൊറ്റ കാരണം മാത്രം. "എന്‍റെ ഉമ്മയാണ് സാറേ... എന്‍റെ ഉമ്മാനേ ജയിലീ കെടത്തല്ലേ സാറേ..." - ഇതവഗണിച്ചു പോയി കിടന്നുറങ്ങാന്‍ മനുഷ്യന് സാധിക്കില്ല എന്നതുകൊണ്ടാണ് മനുഷ്യന്‍ ഒരു മനോഹര സംഗതിയാവുന്നത്.

തെറ്റായ പല പൊതുബോധങ്ങളെയും ഈ സിനിമ സമര്‍ത്ഥമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ സിനിമയുടെ പശ്ചാത്തലം പോലുമതു ചെയ്യുന്നുണ്ട്. മട്ടാഞ്ചേരിയിലെ സൌദി എന്ന ചേരിപ്രദേശത്താണ് സിനിമ നടക്കുന്നതു. മട്ടാഞ്ചേരിയിലെ സൌദിയെന്നു കേള്‍ക്കുമ്പോള്‍ തന്നെ പൊതുസമൂഹത്തിന്‍റെ മനസിലേക്ക് വരുന്ന ചില മുന്‍ ധാരണകളുണ്ട്. ഇതൊരു മുസ്ലിം പോക്കറ്റ് ആയിരിയ്ക്കും, എന്നുവെച്ചാല്‍ മറ്റു മതസ്ഥര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത വിധം വര്‍ഗീയതയുള്ള ഒരിടം. എന്നാല്‍ നമ്മളവിടെ കാണുന്നതു സത്താറിനെ മാത്രമല്ല, നാരായണ ഗുരുവിന്‍റെ ഫോട്ടോയാണ് അയല്‍വാസി രാധാകൃഷ്ണന്‍റെ വീട്ടിലെ ചുമരിലുള്ളതു, ഷേണായി വക്കീലും ആ പരിസരത്ത് തന്നെയാണുള്ളത്. ബ്രിട്ടോയും സത്താറിന്‍റെ അയല്‍വാസിയാണ്. എന്നു വെച്ചാല്‍ പൊതുസമൂഹം മനസ്സില്‍ വരച്ചിടുന്ന "മുസ്ലിങ്ങള്‍ക്കു മാത്രം താമസിക്കാന്‍ കഴിയുന്ന" ഒരിടമല്ല യഥാര്‍ത്ഥത്തില്‍ മട്ടാഞ്ചേരിയിലെ സൗദി.

മറ്റൊരു തെറ്റായ പൊതുബോധമാണ് ഇത്തരം പ്രദേശങ്ങളിലെ മനുഷ്യരുടെ ഇടപെടലുകളെ കുറിച്ചുള്ളതു. സദാ പരസ്പരം കലഹിക്കുന്ന, കുറ്റവാളികള്‍ മാത്രം താമസിക്കുന്ന അപകടകരമായ ഒരിടമായാണ് നമ്മുടെ സങ്കല്‍പ്പം. എന്നാല്‍ അവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചുമാണ് അവിടെ ജീവിക്കുന്നതു. കൃത്യമായിപ്പറഞ്ഞാല്‍ കലഹിച്ചും പങ്കുവെച്ചും ജീവിക്കാനേ അവര്‍ക്ക് കഴിയൂ, അതൊരു അനിവാര്യതയാണ്. നഗരത്തിലെ ഫ്ലാറ്റുകളിലും റെസിഡന്‍ഷ്യല്‍ കോളനികളിലും ഞാനും കെട്ട്യോളും കുട്ട്യോളും മാത്രമുള്ള എന്‍റെ വീടിന്‍റെ ലോകത്ത് ജീവിക്കാന്‍ കഴിയും. ആ പ്രിവിലേജ് ഇത്തരം ചേരികളില്‍ താമസിക്കുന്നവര്‍ക്കുണ്ടാവില്ല. അതുകൊണ്ടുതന്നെ സ്വഭാവികമായും അവിടെ കൊടുക്കല്‍ വാങ്ങലുകള്‍ കൂടുതലായിരിക്കും. പുറമേ നിന്നും നോക്കുന്നവര്‍ക്ക് അതു കാണാന്‍ കഴിയില്ലെന്നു മാത്രം.

പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കാനുള്ള ത്വര ഏറിയും കുറഞ്ഞും എല്ലാ മനുഷ്യര്‍ക്കുമുള്ള അവിഭാജ്യ ഗുണമാണ്. എന്നാല്‍ ഇതിനു വിരുദ്ധമായ പൊതുബോധമാണ് അപരവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ കുറിച്ചുള്ളതു. അബദ്ധത്തില്‍ പോലും നന്മ ചെയ്യാത്ത മനുഷ്യരുടെ കൂട്ടമായാണ് പൊതുസമൂഹമവരെ സങ്കല്‍പ്പിച്ചു വെച്ചിരിക്കുന്നതു. പലപ്പോഴും ഈ അബദ്ധധാരണകള്‍ മനപ്പൂര്‍വ്വം സമൂഹത്തിലേക്ക് കുത്തിവെച്ചതായിരിക്കും. ആവര്‍ത്തനങ്ങളിലൂടെ സാമാന്യവല്‍ക്കരണങ്ങളിലൂടെ ഈ ധാരണ ഊട്ടിയുറപ്പിക്കപ്പെടും. നമ്മള്‍ പുറത്തു നില്‍ക്കുന്നിടത്തോളം അഥവാ അവരെ അകറ്റി നിര്‍ത്തുന്നത്ര കാലം ഈ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിക്കില്ല. ഉത്തരേന്ത്യന്‍ സംഘിയുടെ മനസ്സില്‍ നിന്നും മലപ്പുറം/കേരളം മുസ്ലിം വര്‍ഗീയവാദികളുടെ ഈറ്റില്ലമാണെന്ന തെറ്റിദ്ധാരണ തിരുത്താന്‍ എളുപ്പമല്ല. കാരണം അവനൊരിക്കലും മലപ്പുറത്തേക്ക് വരുന്നില്ല എന്നതു കൊണ്ടുതന്നെ. അതേസമയം മലപ്പുറത്ത് താമസിക്കുന്ന ഒരാളോട് ഇതൊരു നുണക്കഥയാണെന്ന് വിശദീകരിക്കേണ്ട ആവശ്യവുമില്ല.

ഇത്തരം അന്യവല്‍ക്കരിക്കപ്പെട്ട ഇടങ്ങളില്‍ അവിചാരിതമായി അകപ്പെട്ടു പോവുന്ന പുറത്തു നിന്നുള്ള മനുഷ്യര്‍ മാറിചിന്തിക്കുന്നത് കാണാന്‍ കഴിയും. ആശ്ചര്യത്തോടെ അവരത് പ്രകടിപ്പിക്കുമ്പോള്‍, അതംഗീകരിക്കുകയല്ല പുറമേ നില്‍ക്കുന്നവര്‍ ചെയ്യുക. താലിബാനികള്‍ ആതിഥ്യ മര്യാദയോടെ പെരുമാറിയെന്ന് ബന്ധിയാക്കപ്പെട്ട പാതിരി സാക്ഷ്യം പറഞ്ഞപ്പോള്‍ അച്ഛന് വട്ടായെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ ഇതേകാര്യം അവിടേക്ക് പോയ മറ്റു പലരും ആവര്‍ത്തിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. പ്രളയത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനിടക്ക് കുറച്ചു നേരം ഒരു മുസ്ലിം പള്ളിയില്‍ തങ്ങേണ്ടി വന്ന മേജര്‍ രവിയുടെ പ്രതികരണത്തിലും അപരത്വം ഇല്ലാതാവുന്നത് കാണാന്‍ സാധിച്ചിരുന്നു. പക്ഷെ ഒറ്റപ്പെട്ട ഇത്തരം വിളിച്ചു പറയലുകള്‍ കാലങ്ങള്‍ കൊണ്ടു ഊട്ടിയുറപ്പിക്കപ്പെട്ട പൊതുബോധത്തെ സ്പര്‍ശിക്കാതെ പോവുകയാണ് പതിവു. സാമൂഹ്യ ജീവിയായ മനുഷ്യന്‍റെ സ്വഭാവികഗുണങ്ങള്‍ ആരിലുമുണ്ടാവാമെന്ന അടിസ്ഥാനസത്യമാണ് നാം അംഗീകരിക്കാന്‍ മടിക്കുന്നത്. മട്ടാഞ്ചേരിയിലെ ചേരികളിലും ഒന്നാന്തരം സാമൂഹ്യ ജീവിതമാണ് മനുഷ്യര്‍ നയിക്കുന്നതെന്നു, അവിടെ പോകാതെ തന്നെ ബോധ്യപ്പെടാന്‍/ഓര്‍മ്മപ്പെടുത്താന്‍ സൗദി വെള്ളക്ക പോലുള്ള സിനിമകള്‍ സഹായിക്കും.

ഇനിയുമുണ്ട് ഈ സിനിമയില്‍ ഇഷ്ടപ്പെട്ട രംഗങ്ങള്‍, പക്ഷെ തല്‍ക്കാലം ഇത്ര മതി. തീര്‍ച്ചയായും കാല്‍പ്പനികവും നാടകീയവുമായ രംഘങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഒറ്റപ്പെട്ടു പോകുന്ന ഉമ്മ പലഹാരങ്ങള്‍ ഉണ്ടാക്കി വിറ്റു ജീവിക്കുന്നതും, ഉമ്മയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പൊരുതലിന് തുണയായി പ്രപഞ്ചം തന്നെ ഗൂഡാലോചന നടത്തുന്ന മട്ടിലുള്ള പിന്തുണകളുമൊന്നും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത, കാഴ്ചക്കാരെ തൃപ്തിപ്പെടുത്തുന്ന കാല്‍പ്പനിക സ്വപ്നങ്ങളാണ്. അല്ലെങ്കിലും അസാധ്യമായ കാര്യങ്ങള്‍ ചെയ്യുന്നതു കാണാനാണല്ലോ നമ്മള്‍ സിനിമ കാണുന്നത്. എന്നിട്ടു പോലും ചടുലമായി നീങ്ങുന്ന സിനിമയാണിതെന്ന് അവകാശപ്പെടാനാവില്ല. പക്ഷെ കോടതി നടപടിയുടെ ചുവപ്പു നാടക്കുള്ളില്‍ കുരുങ്ങി കിടക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരുടെ പ്രതിനിധിയാണ് ആ ഉമ്മ. അവരുടെ കഥക്കു ഇതിലും വേഗത വേണമെന്നു പറയുന്ന അക്ഷമക്കും നീതികരണമില്ല.

മനസു കൊണ്ടു മാത്രം സ്നേഹിക്കാന്‍ കഴിയുന്ന മനുഷ്യന്‍റെ പരിമിതിയാണ് മനുഷ്യനെ സുന്ദരമാക്കുന്നതെന്നു പറഞ്ഞല്ലോ. സമാനമാണ് ഈ സിനിമയുടെ കാര്യവും, വലിയ കാശു മുടക്കില്ലാതെ നിര്‍മിക്കുക എന്ന പരിമിതിയാണ് ഈ സിനിമയുടെ സൗന്ദര്യത്തിനൊരു കാരണം. വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളതെല്ലാം. പരിചിതമല്ലാത്ത അഭിനേതാക്കള്‍ കഥാപാത്രങ്ങളാവുമ്പോള്‍, പ്രേക്ഷകന് അവരെ കഥാപാത്രമായി തന്നെ ഉള്‍ക്കൊള്ളാന്‍ എളുപ്പമാണു. ഓരോ വേഷത്തിനും കൃത്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കുക എന്ന ശ്രമകരമായ ദൗത്യം കൃത്യമായി ചെയ്തിട്ടുള്ളതു കൊണ്ടു, അഭിനേതാക്കളുടെ പരിചയ/പ്രതിഭ ക്കുറവ് കാര്യമായി അനുഭവപ്പെട്ടില്ല. അതേസമയം മികച്ച അഭിനേതാക്കളായിരുന്നെങ്കില്‍ സത്താറും ഉമ്മയും ചില രംഗങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയേനെ എന്നു തോന്നുകയും ചെയ്തു. കൂടാതെ ഡബ്ബിങ്ങില്‍, പ്രത്യേകിച്ച് നസീമയുടെ ഡബ്ബിങ് വളരെ മോശമായി തോന്നി. എന്നാല്‍ സാങ്കേതികമായ ഈ കുറവുകളൊന്നും ഈ സിനിമയുടെ ആസ്വാദനത്തെ കാര്യമായി ബാധിച്ചില്ല. കാരണം ഇതു ഭൂമിയിലെ ഏറ്റവും മനോഹരമായ അനുഭവത്തെ കുറിച്ചുള്ള സിനിമയാണ്, പൊറുക്കാനും മറക്കാനും ജീവിക്കാനുമുള്ള മനുഷ്യന്‍റെ കഴിവിനെ കുറിച്ച് ...

TAGS :

Next Story