Quantcast

ബമ്പർ അടിച്ചില്ലേ? ആ 25 കോടി നിങ്ങൾക്ക് കിട്ടാനുള്ള സാധ്യത ഇതായിരുന്നു

ഈ കച്ചവടത്തിലൂടെ സമാഹരിക്കുന്ന കൊള്ളലാഭം സാമൂഹ്യക്ഷേമത്തിനായി ചെലവഴിക്കുന്നു എന്നതു കൊണ്ടു മാത്രം ലോട്ടറി കച്ചവടം ന്യായീകരിക്കപ്പെടുന്നില്ല

MediaOne Logo

റോഷൻ പി.എം

  • Updated:

    2022-09-19 08:14:05.0

Published:

19 Sep 2022 7:43 AM GMT

ബമ്പർ അടിച്ചില്ലേ? ആ 25 കോടി നിങ്ങൾക്ക് കിട്ടാനുള്ള സാധ്യത ഇതായിരുന്നു
X

ഒന്നിനും നൂറിനും ഇടയിലുള്ള ഏതെങ്കിലും ഒരക്കം മനസ്സിൽ വിചാരിക്കുക. അതിനു ശേഷം ഒന്നു മുതൽ നൂറു വരെയുള്ള അക്കങ്ങൾ കടലാസിലെഴുതി ഒരു കുപ്പിയിലിടുക. ഇനി കണ്ണടച്ച് കുപ്പിയിൽ നിന്നും ഏതെങ്കിലുമൊരു കടലാസെടുക്കുക. ഈ കടലാസിൽ നിങ്ങൾ മനസിൽ വിചാരിച്ച അക്കമാവാനുള്ള സാധ്യത എത്രയാണ്? നൂറിലൊന്ന് അഥവാ ഒരു ശതമാനം സാധ്യത എന്നതാണു ഉത്തരം. ഈ പരീക്ഷണം ചെയ്തു നോക്കിയാലറിയാം, നൂറിലൊന്ന് എന്ന സാധ്യത സംഭവിക്കുക എന്നത് അത്ര എളുപ്പമല്ല. ഇതേ പരീക്ഷണം ഒന്നു മുതൽ ആയിരം വെച്ചു ശ്രമിച്ചുനോക്കിയാലോ? ഒരു ശതമാനത്തിൽ നിന്ന് 0.1 ശതമാനം സാധ്യതയിലേക്ക് എത്തുമ്പോൾ തന്നെ ഒരുമാതിരിപ്പെട്ടവരൊക്കെ ഈ ഭാഗ്യപരീക്ഷണം ഉപേക്ഷിക്കും. അങ്ങിനെയെങ്കിൽ ഒന്നു തൊട്ട് 54 ലക്ഷം വരെയുള്ള കുപ്പിയിൽ നിന്നും കണ്ണടച്ചെടുക്കുന്ന കടലാസിൽ നിങ്ങൾ വിചാരിച്ച അക്കമാവാനുള്ള സാധ്യത എത്ര ചെറുതായിരിക്കും? 0.00000018 ശതമാനം. എന്നു പറഞ്ഞാൽ പ്രയോഗിക തലത്തിൽ അസാധ്യം എന്നുതന്നെ അർത്ഥം.

54 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ ഓണം പ്രമാണിച്ച് കേരള സർക്കാർ വിറ്റത്. അതിൽ നിന്നും ഒരാൾക്കാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിക്കുന്നത്. അത്രയും വലിയ തുകയല്ലേ, അന്ധനായ ഒരാൾ മാവിലെറിയുന്ന പോലെ എറിഞ്ഞു നോക്കാം എന്ന് ഇപ്പൊഴും തോന്നുന്നുണ്ടോ? അങ്ങിനെയെങ്കിൽ, എറിയാൻ പോവുന്ന മാവിൽ അമ്പത്തിനാലു ലക്ഷം മാങ്ങയുണ്ടെന്നും ഒരൊറ്റ ഏറിൽ കൃത്യം നിങ്ങളുടെ മാങ്ങ തന്നെ അന്ധൻ എറിഞ്ഞു വീഴ്ത്തണമെന്നും ഓർക്കണം. ആലോചിച്ചു നോക്കൂ, ഇത് പ്രായോഗികമായി അസാദ്ധ്യമായ കാര്യമാണ്.

12 കോടി എന്നതു വലിയൊരു തുകയല്ലേ, ഒരു സാധ്യത പരീക്ഷിക്കാം എന്നിപ്പോഴും കരുതുന്നുണ്ടോ? സത്യത്തിൽ ലഭിക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാൽ 12 കോടി എന്നതു നിസ്സാരമായ ഒരു തുകയാണെന്ന് വേണം മനസിലാക്കാൻ. ഒരു ടിക്കറ്റിൻറെ വില മുന്നൂറു രൂപയാണ്, അതായത് 162 കോടി രൂപയുടെ ടിക്കറ്റാണ് വിറ്റിരിക്കുന്നത്. അതുകൂടി പരിഗണിക്കുമ്പോഴാണ് 12 കോടി എന്നതു ചെറിയൊരു തുകയാവുന്നത്. ഏതൊരു നിക്ഷേപത്തിനും പരിഗണിക്കേണ്ട ഒന്നാണ് റിസ്‌ക് - റിവാർഡ് റേഷ്യോ എന്നതു. അങ്ങിനെ നോക്കിയാൽ അത്യന്തം അപകടകരമായ ഒരു ഭാഗ്യപരീക്ഷണമാണ് ലോട്ടറി എടുക്കൽ.

ലോട്ടറി വിൽക്കുന്ന ആളെ സഹായിക്കുക എന്ന ഒരൊറ്റ ഉദ്ദേശത്തിൽ മാത്രം ലോട്ടറി എടുക്കുന്നത് നല്ലൊരു കാര്യമായിരിക്കാം. നിങ്ങളുടെ ലക്ഷ്യം അതു മാത്രമാണെങ്കിൽ, സമ്മാനമൊന്നും കാംക്ഷിക്കുന്നില്ലെങ്കിൽ, അതിനുള്ള പ്രതിഫലം അപ്പോൾ തന്നെ കിട്ടുന്നുണ്ട്. നന്മ ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷത്തിനും സംതൃപ്തിക്കും വേണ്ടിയാണെങ്കിൽ ലോട്ടറി എടുക്കുന്നതിൽ തെറ്റില്ല.

എന്നാൽ, യുക്തിസഹമായി ചിന്തിക്കാനുള്ള പരിമിതികൾ മനുഷ്യൻറെ തലച്ചോറിനുണ്ട്. മനുഷ്യരുടെ ജനിതകമായ ഇത്തരം വൈകല്യങ്ങളെ ചൂഷണം ചെയ്യുന്ന കച്ചവടങ്ങൾ സർക്കാരുകൾ ചെയ്യുന്നതു ധാർമികമായി ശരിയല്ല. ലോട്ടറി അത്തരമൊരു കച്ചവടമാണ്. ഈ കച്ചവടത്തിലൂടെ സമാഹരിക്കുന്ന കൊള്ളലാഭം സാമൂഹ്യക്ഷേമത്തിനായി ചെലവഴിക്കുന്നു എന്നതു കൊണ്ടു മാത്രം ലോട്ടറി കച്ചവടം ന്യായീകരിക്കപ്പെടുന്നില്ല. കാരണം മഹാ മഹാ മഹാ ഭൂരിപക്ഷം ലോട്ടറി എടുക്കുന്നവരും വെറും സാധാരണക്കാരാണ്. അവരിൽ ഒരു തെറ്റായ പ്രതീക്ഷ നൽകിക്കൊണ്ടാണ് ഈ കച്ചവടം സർക്കാർ നടത്തുന്നത്. സർക്കാർ ചെയ്യുന്ന ലോട്ടറി പരസ്യങ്ങൾക്ക് പുറമേ, ഇതു സംബന്ധിച്ചു വരുന്ന എല്ലാത്തരം വാർത്തകളും ലോട്ടറി എടുക്കുന്ന പാവം മനുഷ്യരുടെ വ്യാജ-പ്രതീക്ഷകൾക്കു വളംവെച്ചു കൊടുക്കുന്നവയാണ്.

ലോട്ടറി കച്ചവടത്തിൽ വ്യാജപ്രതീക്ഷ നൽകുന്ന ഒന്നും സർക്കാർ ചെയ്യരുത്. വസ്തുതകൾ നിരത്തി, ജനങ്ങളെ ബോധവാന്മാരാക്കി, ലോട്ടറി എടുക്കുന്നവരെ നിരുത്സാഹപ്പെടുത്തിക്കൊണ്ടു മാത്രമേ സർക്കാർ ഈ കച്ചവടം ചെയ്യാൻ പാടുള്ളൂ. ലാഭകരമായി കച്ചവടം ചെയ്യുക എന്നതാവരുത് സർക്കാരിൻറെ മുൻഗണന. പൗരന്മാരുടെ, സമൂഹത്തിൻറെ നന്മ ആയിരിക്കണം എപ്പോഴും സർക്കാരിൻറെ പ്രഥമ പരിഗണന. ഈയൊരു വ്യക്തത സർക്കാരിനുണ്ടെങ്കിൽ നിരന്തരമായ പൊതു അവബോധനങ്ങളിലൂടെ, ലോട്ടറി എന്ന ലഹരിയിൽ നിന്നും സാധാരണക്കാരെ വിമുക്തരാക്കാൻ കാലക്രമേണ സർക്കാരിനു കഴിയും.

സമ്പത്ത് നേടാനുള്ള മനുഷ്യരുടെ ആഗ്രഹത്തെ ശരിയായ രീതിയിലേക്ക് നയിക്കാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടതാണ്. ഒരുദാഹരണം പറയാം. സർക്കാർ ഒരു സാമ്പത്തിക ഇൻസ്ട്രമെൻറ് ജനങ്ങളുടെ മുന്നിലേക്ക് വെക്കുന്നുവെന്ന് കരുതുക. ഇതിൻറെ മിനിമം ഇൻസ്റ്റാൾമെൻറ് തുക വളരെ ചെറുതായിരിക്കണം; ഒരു ലോട്ടറി ടിക്കറ്റd എടുക്കാൻ വേണ്ട തുക ഇതിലേക്ക് നിക്ഷേപിക്കാൻ കഴിയണം. ഇതിൻറെ പേയ്‌മെൻറ് ഫ്രീക്വൻസി ഫ്‌ളെക്‌സിബിൾ ആയിരിക്കണം. ദിവസേനയോ, ആഴ്ചയിലോ അങ്ങിനെ എപ്പോൾ വേണമെങ്കിലും ഒരാൾക്ക് ഇതിലേക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാൻ സാധിക്കണം. ലോട്ടറി ടിക്കറ്റുകൾ എടുക്കുന്ന എളുപ്പത്തോടെ ഇതു ചെയ്യാൻ കഴിയണം. ഇപ്പോൾ ലോട്ടറി ടിക്കറ്റ് വിൽക്കുന്നവർക്ക് തന്നെ, ഇതിൻറെ കളക്ഷൻ എജന്റുമാരായി മാറാൻ കഴിയണം. ഇങ്ങിനെ സമാഹരിക്കുന്ന തുക, സർക്കാർ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നു എന്നു കരുതുക. ശരിയാണ് റിസ്‌കി ആയ നിക്ഷേപമാണ് ഓഹരി നിക്ഷേപം, എന്നാൽ ലോട്ടറി എടുക്കുന്നതുമായി താരതമ്യം ചെയ്താൽ ഇതിൽ ഒട്ടും തന്നെ റിസ്‌കില്ല എന്നതാണു സത്യം. ചെറിയ തുകകൾ, നിശ്ചിത കാലാവധികളിൽ, നിരന്തരമായി ദീർഘകാലം ഓഹരിവിപണിയിൽ നിക്ഷേപിക്കാൻ സാധിക്കുന്നവർക്ക് സമ്പത്ത് കൈവരാനുള്ള സാധ്യത വളരെ വളരെ അധികമാണ്.

ലോട്ടറി എടുക്കുന്നവർ എടുക്കുന്ന റിസ്‌ക് ഒന്നും ഓഹരി നിക്ഷേപത്തിൽ ഇല്ല എന്നതുകൊണ്ടാണ് 100 ശതമാനം ഇക്വിറ്റി ആയുള്ള ഒരു നിക്ഷേപത്തെക്കുറിച്ചു പറഞ്ഞത്. സത്യത്തിൽ ഓരോരുത്തരുടെ ആവശ്യങ്ങളും, റിസ്‌ക് ടെയ്കിങ് കപ്പാസിറ്റിയുമനുസരിച്ച് ഇക്വിറ്റിയിൽ ഉള്ള നിക്ഷേപത്തിൻറെ തോത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ വളരെ നല്ലത്. അത് പോലെ ഈ നിക്ഷേപത്തിൻറെ നിശ്ചിത ശതമാനം ലൈഫ് ആന്റ് മെഡിക്കൽ ഇൻഷൂറൻസ് പ്രീമിയമായി കണക്കാക്കാൻ സാധിച്ചാൽ ഉഗ്രനായിരിക്കും. ചുരുക്കിപ്പറഞ്ഞാൽ സാധ്യതകൾ ഒരുപാടുണ്ട്. സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ ലോട്ടറി അടിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട മാർഗ്ഗങ്ങൾ ഈ ലോകത്തുണ്ട് എന്നർത്ഥം. ജനനന്മക്കു മുൻഗണന കൊടുക്കുന്ന, ദീർഘ വീക്ഷണമുള്ള, ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന് ഉപയോഗിക്കാൻ കഴിയുന്ന ഒരു സാധ്യത മാത്രമാണിത്. തീർച്ചയായും വ്യാജപ്രതീക്ഷ നൽകി ജനങ്ങളെ കൊള്ള ചെയ്യുന്ന ലോട്ടറിയേക്കാൾ എത്രയോ നല്ല കാര്യങ്ങൾ സർക്കാരിനു ചെയ്യാം, ചെയ്യേണ്ടതാണ്.

(2021-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനരാഖ്യാനം)

TAGS :

Next Story