സമകാലിക ഇന്ത്യക്ക് സുപരിചിതമല്ലാത്ത ഔറംഗസേബിന്റെ മുഖം
'ദി ലൈഫ് ആൻഡ് ലെഗസി ഓഫ് ഇന്ത്യാസ് മോസ്റ്റ് കോൺട്രോവേർഷ്യൽ കിംഗ്' എന്ന പുസ്തകത്തിന്റെ എഴുത്തുകാരി ഓഡ്രി ട്രഷ്കെക്ക് സംസാരിക്കുന്നു
ഔറംഗസീബ് അദ്ദേഹത്തിന്റെ കാലത്തെ ഏറ്റവും ശക്തനും സമ്പന്നനുമായ ഭരണാധികാരിയായിരുന്നു. 50 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണം (1658-1707) ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ പൈതൃകം- യഥാർഥവും സങ്കൽപികവും- ഇന്ത്യയിലും പാകിസ്ഥാനിലും ഇന്നും വലിയ തോതിൽ തുടരുന്നുണ്ട്.
ഔറംഗസേബ് എന്ന മുഗൾ ചക്രവർത്തിയെക്കുറിച്ച് നമ്മൾ വായിച്ചു ശീലിച്ചതിൽ നിന്ന് വ്യത്യസ്തമായി, ചരിത്രകാരിയായ ഓഡ്രി ട്രഷ്കെക്ക് ബാബറിന്റെ പിൻഗാമികളിൽ 'ഏറ്റവും വെറുക്കപ്പെട്ടവനെക്കുറിച്ച്' വ്യക്തമായ ധാരണയുണ്ട്. “ദി ലൈഫ് ആൻഡ് ലെഗസി ഓഫ് ഇന്ത്യാസ് മോസ്റ്റ് കോൺട്രോവേർഷ്യൽ കിംഗ്” എന്ന അവരുടെ പുസ്തകത്തിൽ ട്രഷ്കെ ഇന്ത്യക്ക് അജ്ഞാതമായ ഔറംഗസേബിന്റെ ഒരു മുഖം വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഭരണ കാലഘട്ടത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ വ്യക്തിത്വം കണ്ടെത്തിയ അവർ, രാഷ്ട്രീയ ആവശ്യങ്ങൾക്കനുസരിച്ച് ക്രൂരവും നിഷ്കളങ്കവുമാവുന്ന ഔറംഗസീബിനെ വിലയിരുത്തുന്നു. മുഗൾ ചക്രവർത്തിമാരിൽ ഏറ്റവും നിന്ദിക്കപ്പെട്ടയാളെ കുറിച്ച് അവർ ഇന്ത്യന്‍ എക്‍സ്പ്രസിനോട് സംസാരിക്കുന്നു.
ഔറംഗസീബ് യഥാർഥത്തിൽ ഒരു മതഭ്രാന്തനായിരുന്നോ? അങ്ങനെയല്ലെങ്കിൽ, നിങ്ങളുടെ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ മതകീയ നയങ്ങളെ എങ്ങനെ വിശകലനം ചെയ്യും?
ആധുനിക വ്യാഖ്യാനങ്ങൾ അനുസരിച്ച്, ഔറംഗസീബ് ചിലയവസരങ്ങളിൽ മതഭ്രാന്തനായി പെരുമാറിയിരുന്നു. എന്നാൽ മറ്റു ചിലപ്പോഴൊക്കെ, ആധുനിക ഭാഷയിൽ തന്നെ നമ്മൾ വിവരിക്കുന്ന സഹിഷ്ണുതയോടെയും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഔറംഗസീബ് ഒരു ആധുനിക മനുഷ്യനായിരുന്നില്ല. അതുകൊണ്ടുതന്നെ വർഗീയതയുടെ ആധുനിക മാനദണ്ഡങ്ങൾ ഈ മുഗൾ രാജാവിനെക്കുറിച്ച നമ്മുടെ ചരിത്രപരമായ ഗ്രാഹ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്നത് ആശ്ചര്യകരമല്ല. ഭൗതിക അധികാരത്തിനായുള്ള ഔറംഗസീബിന്റെ ഒടുങ്ങാത്ത ദാഹത്താൽ പ്രേരിതമായ ഭക്തി, മുഗൾ രാജത്വം, നീതി എന്നിങ്ങനെയുള്ള ഒരു കൂട്ടം പൂർവാധുനിക മൂല്യങ്ങളോടുള്ള താൽപര്യങ്ങൾക്കനുസരിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും നയങ്ങളും വിശകലനം ചെയ്താൽ ഔറംഗസീബിന്റെ ലോകത്തെ കുറച്ചുകൂടി അടുത്തുനിന്ന് മനസ്സിലാക്കാൻ നമുക്ക് സാധിക്കുമെന്നാണ് ഞാനെന്റെ പുസ്തകത്തിൽ വാദിക്കുന്നത്.
ഒരു വർഗീയവാദി എന്ന പ്രതിച്ഛായക്ക് വിപരീതമായി ഔറംഗസീബ് പ്രവർത്തിച്ച ചില പ്രത്യേക ഉദാഹരണങ്ങൾ നൽകാമോ?
ഔറംഗസീബ് താൻ നശിപ്പിച്ചതിനെക്കാൾ കൂടുതൽ ഹിന്ദു ക്ഷേത്രങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. മുൻ മുഗൾ ഭരണാധികാരിയെക്കാൾ ഉചിതമായ എണ്ണത്തിൽ കൂടുതൽ ഹിന്ദുക്കളെ അദ്ദേഹം തന്റെ സാമ്രാജ്യത്വ ഭരണത്തിൽ നിയമിച്ചിരുന്നു. (ഉദാഹരണത്തിന്, അക്ബറിനെ ഉൾപ്പെടുത്തിയിരുന്നതിനേക്കാൾ ആനുപാതികമായി 50% കൂടുതൽ ഹിന്ദുക്കൾ). അവസാന വർഷങ്ങളിലുൾപ്പെടെ ഔറംഗസീബ് തന്റെ ജീവിതത്തിലുടനീളം ഹിന്ദു ഡോക്ടർമാരോടും ജ്യോതിഷികളോടും ഉപദേശം തേടിയിരുന്നു. അതോടൊപ്പം ഔറംഗസീബ് ചില ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ജിസിയ നികുതി പുനസ്ഥാപിക്കുകയും മറാഠികളോടൊപ്പം മധ്യ-ദക്ഷിണേന്ത്യയിൽ വൻതോതിൽ ആളുകൾക്ക് ദുരന്തം വിതക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സങ്കീർണമായ ഒരു വശം മാത്രം വേർതിരിച്ചെടുക്കുന്നതിനെക്കാൾ, ഔറംഗസീബിന്റെ നാനവശങ്ങൾ മനസ്സിലാക്കുക എന്നതായിരിക്കണം ഒരു ചരിത്രകാരന്റെ ലക്ഷ്യം.
കൊളോണിയൽ ചരിത്ര രചന ഔറംഗസീബിന്റെ പ്രതിച്ഛായയെ എങ്ങനെ ബാധിച്ചു? ചരിത്ര രചനകളിൽ നിന്ന് ഇക്കാര്യത്തിന് തെളിവുകൾ ഉദാഹരിക്കാമോ?
ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾ മൊത്തത്തിൽ ഇന്തോ-മുസ്‌ലിം രാജാക്കന്മാരെ കൊള്ളരുതാത്തവരായി ചിത്രീകരിക്കുകയും താരതമ്യേനെ ബ്രിട്ടീഷ് കൊളോണിയലിസം മികച്ചതാവാൻ വേണ്ടി ഔറംഗസീബിനെ ഭീകരനായി പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ തന്ത്രത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇന്തോ-മുസ്‌ലിം രാജാക്കന്മാരുടെ ക്രൂരത പ്രദർശിപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത ആധുനിക ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ ചില ഭാഗങ്ങൾ വിവർത്തനം ചെയ്ത എലിയറ്റിന്റെയും ഡൗസന്റെയും "ഹിസ്റ്ററി ഓഫ് ഇന്ത്യ, ആസ് ടോൾഡ് ബൈ ഇറ്റ്സ് ഓൺ ഹിസ്റ്റോറിയൻസ്" എന്ന മൾട്ടിവോളിയം കൃതി. എലിയറ്റും ഡൗസണും തങ്ങളുടെ മുഖവുരയിൽ തന്നെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഉദാഹരണത്തിന് വാല്യം ഒന്നിന്റെ ആമുഖത്തിൽ, “കാലിഗുലയുടെയോ കൊമോഡസിന്റെയോ അധർമങ്ങൾ” പ്രകടിപ്പിക്കുന്ന “മുഹമ്മദൻ” രാജാക്കന്മാരുടെ മേലുള്ള “ബ്രിട്ടീഷ് [കൊളോണിയൽ] ഗവൺമെന്റിന്റെ മേധാവിത്വം” എന്ന് എലിയറ്റ് പ്രഖ്യാപിച്ചിരുന്നു. രണ്ടാം വാല്യത്തിൽ വിവർത്തനം ചെയ്ത ഉദ്ധരണികളിലൂടെ വായനക്കാർക്ക് കാണാൻ സാധിക്കുക “മുസുൽമാന്റെ സ്വേച്ഛാധിപത്യം” എന്ന ഡൗസന്റ് ആമുഖമാണ്. കൊളോണിയൽ പ്രചാരണത്തിന്റെ പ്രശ്നകരമായ ഈ പ്രവൃത്തിയെ ബ്രിട്ടീഷ് അനുകൂല, കൊളോണിയൽ അനുകൂല അജണ്ടയെ കാര്യമായി പരിഗണിക്കാതെ ഇന്നും പലരും ഉദ്ധരിക്കുന്നു.
ഔറംഗസീബിന്റെ ചിത്രം ഇന്നും രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുമോ?
ഇന്ത്യയിൽ ഇന്നും ബ്രിട്ടീഷ് കൊളോണിയലിസം ന്യായീകരിക്കുന്ന ചെറിയ കൂട്ടത്തെ കണ്ടെത്തുന്നുണ്ടെങ്കിലും അതിനെക്കാൾ ഹിന്ദു ദേശീയവാദികൾ കൊളോണിയൽ കാലഘട്ടത്തിലെ ഔറംഗസീബ് ഉൾപ്പെടെയുള്ള മുഗൾ ചരിത്ര വിവരണങ്ങളെ വെള്ളം ചേർക്കാതെ വിഴുങ്ങി തങ്ങളുടെ മുസ്‌ലിം വിരുദ്ധ വികാരം വളർത്തുന്നതിനായി അതേപോലെ പുറത്തോട്ട് തുപ്പുകയാണ്. കൊളോണിയൽ ആശയങ്ങളോടുള്ള ഈ താദാത്മ്യം പ്രാപിക്കൽ ഹിന്ദു ദേശീയതയുടെ ചരിത്രം കണക്കിലെടുക്കുമ്പോൾ ആശ്ചര്യകരമല്ലെങ്കിലും, എല്ലാ മതപാരമ്പര്യങ്ങളിലെയും അംഗങ്ങളെ സ്വീകരിച്ച ഒരു മതേതര രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയെക്കുറിച്ചുള്ള സ്ഥാപക പിതാക്കന്മാരുടെ കാഴ്ചപ്പാടിന് ഇത് ദോഷകരമാണ്.
രാഷ്‌ട്രീയ മണ്ഡലത്തിലെ രണ്ട് വിപരീത അറ്റങ്ങൾ കൈവശപ്പെടുത്തിക്കൊണ്ട് ഔറംഗസീബ് നിരന്തരം അക്ബറിനെതിരെ മത്സരിക്കുന്നതായി ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണ്, ഒരാൾ നല്ല മുഗൾ ഭരണാധികാരിയായും മറ്റൊരാൾ മോശം മുഗൾ ഭരണാധികാരിയും?
അക്ബർ-ഔറംഗസീബ് ദ്വൈതാവസ്ഥ നിലനിൽക്കുന്നുണ്ട്. കാരണം പലരും ഇന്തോ-മുസ്‌ലിം ചരിത്രത്തെ വിശകലനം ചെയ്യുന്നത് മുസ്‌ലിം രാജാക്കന്മാർക്ക് അവരുടെ ഭക്തി അനുസരിച്ച് റാങ്ക് നൽകിക്കൊണ്ടാണ്. അക്ബർ തന്നെ മുസ്‌ലിം സ്വത്വം (താരതമ്യേനെ) ഉയർത്തിപ്പിടിക്കാതിരുന്നതിനാൽ ഇവിടെയുള്ളവർക്ക് അദ്ദേഹം നല്ല ഇന്ത്യൻ ചക്രവർത്തിയായിരുന്നു. അതേസമയം ഔറംഗസീബിന്റെ ഭക്തി ഇന്ത്യ ഭരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പരിമിതപ്പെടുത്തി. ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാനുള്ള മോശം മാർഗമാണ് ഇതെന്ന് ഞാൻ കരുതുന്നു, ഒപ്പം ചരിത്രപരമായ അവ്യക്തതയും.
നിങ്ങളുടെ പുസ്തകത്തിനായി ഗവേഷണം നടത്തുമ്പോൾ ഔറംഗസീബിന്റെ വ്യക്തിത്വത്തെക്കുറിച്ച് നിങ്ങൾ ഏറ്റവും ശ്രദ്ധേയമായത് എന്താണ്?
ഔറംഗസീബ് തന്റെ മക്കളെക്കുറിച്ച് അൽപ്പം അശ്രദ്ധനാണെന്ന് തോന്നിയിട്ടുണ്ട്. തന്റെ മക്കളായ മുഗൾ രാജകുമാരന്മാരെ നിയന്ത്രിക്കുന്നതിലൂടെ അദ്ദേഹം അവരുടെ സ്ഥാനത്തെ ദുർബലപ്പെടുത്തുകയും മുഗൾ സാമ്രാജ്യത്തെ തകർക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. പലവിധത്തിൽ ഭരിക്കാൻ കഴിവുള്ള ഒരാളായ ഔറംഗസീബ് മുഗൾ സാമ്രാജ്യത്തിനായുള്ള ശക്തമായ രാജകീയ മത്സരത്തിന്റെ പ്രാധാന്യം എന്തുകൊണ്ട് മനസ്സിലാക്കിയില്ലെന്ന് എന്നെ അത്ഭുതപ്പെടുത്തി.
വിവര്‍ത്തനം: സിബ്ഗത്തുല്ല സാക്കിബ്