അനധികൃതമായ മണ്ണെടുക്കൽ; കുടുംബത്തിന്റെ സ്വപ്നകൂടാരം അപകടാവസ്ഥയിൽ
പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായില്ല
കൊല്ലം: അനധികൃതമായ മണ്ണെടുപ്പ് കാരണം ഒരു കുടുംബത്തിന്റെ വീട് അപകടാവസ്ഥയിൽ. കൊല്ലം കുണ്ടറ പ്ലാച്ചിമുക്കിൽ സുമ ജോൺസന്റെ വീടാണ് ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലായത്. വീടിനോട് ചേർന്നുള്ള വസ്തുവിൽ 40 അടിയോളം താഴ്ചയിൽ മണ്ണെടുത്ത് മാറ്റിയതോടെയാണ് വീട് അപകടാവസ്ഥയിലായത്.
സ്വന്തമായി വീടും വസ്തുവും ഇല്ലാത്ത സുമക്കും കുടുംബത്തിനും കുണ്ടറ ഗ്രാമപഞ്ചായത്ത് 2020 ൽ 3 സെന്റ് വസ്തു വാങ്ങാൻ പണം അനുവദിച്ചു. പഞ്ചായത്ത് അനുവദിച്ച് നൽകിയ തുകയോടൊപ്പം കടംവാങ്ങിയും മറ്റും 8 സെന്റ് സ്ഥലം വാങ്ങി ഒരു ചെറിയ വീട് നിർമിച്ചു. കഴിഞ്ഞ ഒരു വർഷമായി സുമയും ഭർത്താവും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ഈ വീട്ടിലാണ് താമസം. ഈ വസ്തുവിനോട് ചേർന്നുള്ള 3 ഭൂ ഉടമകൾ തങ്ങളുടെ വസ്തുവിലെ മണ്ണ് മാറ്റുന്നതിനായി മണ്ണ് മാഫിയക്ക് നൽകി. ജെസിബി ഉപയോഗിച്ച് മണ്ണ് എടുത്ത് തുടങ്ങിയതോടെ അടുക്കളയ്ക്കു സമീപം ഭൂമിയിൽ വിള്ളൽ വീണു.
സ്ഥലം സന്ദർശിച്ച റവന്യു സംഘം കുണ്ടറ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. സംഭവത്തിൽ ജില്ലാ കളക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്.