സിനിമയിറങ്ങിയ ശേഷം ആളുകള്‍ തേടിപ്പിടിച്ചു കേട്ട പാട്ട്, അഞ്ച് മില്യണലധികം കാഴ്ചക്കാര്‍; ഉയിരെ ഗാനത്തിന്‍റെ പിറവിയെക്കുറിച്ച് നാരായണി
മിന്നല്‍ മുരളി ഒരു കള്‍ട്ട് മൂവി ആണല്ലോ? അങ്ങനെയൊരു ചിത്രത്തിന്‍റെ ഭാഗമായതിന്‍റെ ഗുണം എനിക്കും ഉണ്ടായി
"28 വര്‍ഷം.. 28 വര്‍ഷത്തെ എന്‍റെ കാത്തിരിപ്പാണ്... ഞാൻ ഒന്നും കളഞ്ഞിട്ടില്ല...എങ്ങനെയാ പറയേണ്ടതെന്ന് എനിക്കും അറിയില്ലായിരുന്നു''
അത്രയും നാളും പഴകീക്കീറിയ പേഴ്സിനുള്ളില്‍ ഒരു ബ്ലാക്ക് ആന്‍ഡ് ഫോട്ടോയായി സൂക്ഷിച്ച പ്രണയം ഒടുവില്‍ തന്നിലേക്ക് വന്നു ചേരുന്ന നിമിഷം. കണ്ണു നിറഞ്ഞുകൊണ്ട് നെഞ്ച് വിങ്ങിക്കൊണ്ട് തന്‍റെ പ്രണയിനിയെ ചേര്‍ത്തുപിടിച്ച നിമിഷം. കൂടുതലൊന്നും പറയാന്‍ അയാള്‍ക്ക് സാധിച്ചില്ല. പക്ഷെ പശ്ചാത്തലത്തില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന പാട്ടില്‍ എല്ലാമുണ്ടായിരുന്നു. അയാള്‍ അന്നു വരെ അനുഭവിച്ച അവഗണനയും വേദനയും അവളുടെ കരുതലുമെല്ലാം...
''ഉയിരേ ഒരു ജന്മം നിന്നെ
ഞാനും അറിയാതെ പോകേ
വാഴ്‌വിൽ കനലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ...''
മിന്നല്‍ മുരളി എന്ന ചിത്രമിറങ്ങിയതിനു ശേഷം ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ആളുകള്‍ യു ട്യൂബില്‍ തിരഞ്ഞത് ഈ ഗാനത്തിനു വേണ്ടിയായിരിക്കും. മനു മഞ്ജിതിന്‍റെ ഹൃദയം തൊടുന്ന വരികളും ഷാന്‍ റഹ്മാന്‍റെ ഈണവും ചേര്‍ത്തൊരുക്കിയ പാട്ടിന് ഉയിര്‍ കൊടുത്തത് നാരായണി ഗോപനും മിഥുന്‍ ജയരാജുമായിരുന്നു. പ്രശസ്ത പിന്നണി ഗായകന്‍ കല്ലറ ഗോപന്‍റെ മകള്‍ കൂടിയാണ് നാരായണി ഗോപന്‍. ലൗ ആക്ഷൻ ഡ്രാമ, ഷൈലോക്ക്, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളില്‍ പിന്നണി പാടിയിട്ടുള്ള നാരായണിയുടെ ഏറ്റവും പുതിയ ഗാനമാണ് ഉയിരേ.. മിന്നല്‍ മുരളിയുടെ ആത്മാവായി മാറിയ ഒരു പാട്ടിന്‍റെ ഭാഗമായതിന്‍റെ സന്തോഷത്തിലാണ് നാരായണി. സംഗീതവിശേഷങ്ങള്‍ മീഡിയവണ്‍ ഓണ്‍ലൈനിനോട് പങ്കുവയ്ക്കുകയാണ് നാരായണി.
സിനിമയിറങ്ങിയ ശേഷം തേടിപ്പിടിച്ചു കേട്ട പാട്ട്
മിന്നല്‍ മുരളി ഒടിടിയില്‍ റിലീസ് ചെയ്യുന്നതിന് ഒരു മാസം മുന്‍പായിരുന്നു പാട്ട് പുറത്തിറങ്ങിയത്. പക്ഷെ അന്ന് ഇത്രയും വലിയൊരു ഹൈപ്പ് കിട്ടിയില്ല. എന്നാല്‍ സിനിമ റിലീസായതിനു ശേഷം ആളുകള്‍ തേടിപ്പിടിച്ചു കാണാന്‍ തുടങ്ങി. ഇപ്പോള്‍ അഞ്ച് മില്യണിലധികം പേര്‍ പാട്ടു കണ്ടുകഴിഞ്ഞു. സിനിമയുടെ കൂടെ കാണുമ്പോള്‍ ആണ് ശരിക്കും ആ പാട്ടിന്‍റെ ഫീല്‍ കിട്ടുന്നത്. ആരും വിചാരിക്കുന്നില്ലല്ലോ വില്ലനൊരു ലവ് സോംഗ് ഉണ്ടാകുമെന്ന്. അതുകൊണ്ട് ചിത്രത്തിനു മുന്‍പ് ആര്‍ക്കും അതു റിലേറ്റ് ചെയ്തെന്നു വരില്ല. സിനിമ റിലീസ് ചെയ്തതിനു ശേഷമാണ് ഉയിരേ പാട്ടിന് ഇത്ര റെസ്പോണ്‍സ് കിട്ടുന്നത്. ഒരുപാട് പേര്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. പാട്ട് റിലീസായപ്പോള്‍ തന്നെ സുജാത മാം മെസേജ് ചെയ്തിരുന്നു. ജ്യോത്സന ചേച്ചി തുടങ്ങിയവര്‍ വിളിച്ചിരുന്നു. കുടുംബവും സുഹൃത്തുക്കളുമെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്.
ഈ പാട്ടിന്‍റെ തുടക്കം തൊട്ടേ ഞാനും മിഥുന്‍ ചേട്ടനുമുണ്ടായിരുന്നു. ട്രാക്ക് പാടുന്ന സമയം തൊട്ടേ ഉണ്ട്. വരികള്‍ ഇല്ലാതെ വെറുതെ ട്യൂണ്‍ മാത്രമാണ് പാടി റെക്കോഡ് ചെയ്തു വച്ചിട്ടുണ്ടായിരുന്നത്. അതുകഴിഞ്ഞിട്ട് ഈ ട്യൂണ്‍ ഓക്കെയാകുമോ ഇല്ലയോ എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടായിരുന്നു. ഓക്കെ പറഞ്ഞതിനു ശേഷം ഷാനിക്ക(ഷാന്‍ റഹ്മാന്‍) ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. അപ്പോഴാണ് നമ്മള്‍ തന്നെയാണ് പാടുന്നതെന്ന് ഉറപ്പിക്കുന്നത്. മനു മഞ്ജിത് ചേട്ടന്‍റെ വരികളൊക്കെ എടുത്ത് കോവിഡ് സമയത്താണ് ഗാനത്തിന്‍റെ അവസാന ജോലികളൊക്കെ നടക്കുന്നത്.
സീ കേരളയിലെ സരിഗമപ റിയാലിറ്റി ഷോയിലെ ഒരു മത്സരാര്‍ഥിയായിരുന്നു ഞാന്‍. അതിന്‍റെ ജഡ്ജായിരുന്നു ഷാനിക്ക. മെന്‍റര്‍ ആയിട്ട് ജൂറി ടീമിലുണ്ടായിരുന്ന ആളാണ് മിഥുന്‍ ചേട്ടന്‍. ഷാനിക്ക സംഗീത സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ പാടിയിട്ടുണ്ട് ഞാന്‍. എന്‍റെ വോയ്സ് ഇഷ്ടായി പിന്നീട് മിന്നല്‍ മുരളി വന്നപ്പോള്‍ ഒന്നു ട്രയല്‍ ചെയ്തുനോക്കിയതാണ്.
ഏഴാം വയസില്‍ ആദ്യഗാനം
വളരെ ചെറുപ്പം മുതലേ പാട്ടു പാടാറുണ്ട് ഞാന്‍. ഏഴാം വയസിലാണ് ആദ്യമായി സിനിമയില്‍ പാടുന്നത്. ജയറാം നായകനായ വിന്‍റര്‍ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അത്. എം.ജി രാധാകൃഷ്ണന്‍ സാറിന്‍റെ മകന്‍ എം.ആര്‍ രാധാകൃഷ്ണനായിരുന്നു സംഗീതം. എം.ജി ശ്രീകുമാര്‍ സാറിനൊപ്പമായിരുന്നു പാടിയത്. അതുകഴിഞ്ഞ് പിന്നെ പഠിത്തവും കാര്യങ്ങളുമൊക്കെയായി മുന്നോട്ടുപോവുകയായിരുന്നു. പിന്നെയാണ് പാട്ടിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടര്‍ന്ന് റിയാലിറ്റി ഷോയിലും മറ്റും പങ്കെടുക്കുകയും ചെയ്തു. പിന്നീട് അവസരങ്ങള്‍ വന്നുതുടങ്ങി. നിവിന്‍ പോളി നായകനായ ലൗ ആക്ഷൻ ഡ്രാമയിലാണ് രണ്ടാം വരവില്‍ ആദ്യം പാടിയത്.
പ്രീസ്റ്റിലെ കണ്ണേ ഉയിരേ പാടിയ സമയത്ത് ഒരുപാട് നല്ല കമന്‍റ്സുകള്‍ വന്നിരുന്നു. മിന്നല്‍ മുരളി ഒരു കള്‍ട്ട് മൂവി ആണല്ലോ? അങ്ങനെയൊരു ചിത്രത്തിന്‍റെ ഭാഗമായതിന്‍റെ ഗുണം എനിക്കും ഉണ്ടായി. സിനിമയില്‍ ആ പാട്ട് പ്ലേസ് ചെയ്തിരിക്കുന്നതും കറക്റ്റ് സമയത്തായിരുന്നു. കവര്‍ വേര്‍ഷനുകളായും മറ്റും വീണ്ടും വീണ്ടും ഉയിരേ പാട്ടു കാണുമ്പോള്‍ സന്തോഷം തോന്നുന്നു.
ആദ്യഗുരു അച്ഛന്‍ തന്നെ
അടിപൊളിയാണ്, പാട്ട് സൂപ്പറാണ് എന്നൊന്നും വീട്ടില്‍ അച്ഛനും അമ്മയും പറയാറില്ല. കൂടുതല്‍ പറയുന്നത് ചുറ്റുമുള്ള ആളുകളാണ്. ദി പ്രീസ്റ്റിലെ കണ്ണേ എന്ന പാട്ടിറങ്ങിയപ്പോള്‍ അച്ഛന്‍ ഭയങ്കര ഹാപ്പിയായിരുന്നു. മിന്നലിലെ പാട്ടും അച്ഛന് തൃപ്തി നല്‍കിയിട്ടുണ്ട്. അച്ഛന്‍ പാടുന്നതു കേട്ടാണ് ഞാന്‍ വളര്‍ന്നതും പാട്ട് പഠിച്ചതും. അച്ഛനാണ് ആദ്യ ഗുരു.
ഇപ്പോഴും അച്ഛന്‍റെ ലൈവൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു അനുഭവമാണ്. ഇത്രയും എഫിഷന്‍റ് ആയിട്ട് ലൈവ് ചെയ്യുന്ന ആള്‍ വേറെയില്ലെന്ന് എന്‍റെ സുഹൃത്തുക്കള്‍ അച്ഛനെക്കുറിച്ച് പറയാറുണ്ട്. അതൊക്കെ അച്ഛന്‍റെ ഇത്രയും കാലത്തെ അനുഭവസമ്പത്ത് കൊണ്ടു ഉണ്ടായ നേട്ടങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അച്ഛന് കിട്ടുന്ന അവസരങ്ങള്‍ സംതൃപ്തിയോടെ വിനിയോഗിക്കാറുണ്ട്. പാട്ട് ഒന്ന ഒറ്റ പ്രൊഫഷന്‍ കൊണ്ടാണ് അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയത്.
വി.ശശികുമാര്‍ സാറിന്‍റെ അടുത്താണ് ഞാന്‍ ദക്ഷിണ വച്ച് സംഗീതം പഠിച്ചുതുടങ്ങിയത്. അധികം നാള്‍ സാറിന്‍റെ അടുത്ത് പഠിക്കാന്‍ സാധിച്ചില്ല. പിന്നെ കോളേജ് കാലത്ത് ഹിന്ദുസ്ഥാനിയാണ് ഫോക്കസ് ചെയ്തു പഠിച്ചത്. അഭ്രദിത ബാനര്‍ജിയായിരുന്നു ഗുരു. മോഹന്‍ലാലിന്‍റെ ആറാട്ട്, പത്തൊന്‍പതാം നൂറ്റാണ്ട് തുടങ്ങിയവയാണ് പുതിയ പ്രോജക്ടുകള്‍. പിന്നെ ഒരു മറാത്തി പാട്ട് പാടിയിട്ടുണ്ട്.