ബുള്ളറ്റ് പ്രേമികള്‍ക്ക് മലകയറാന്‍ ട്രയല്‍സ് എത്തുന്നു
ദീര്‍ഘദൂര യാത്രികര്‍ക്ക് പ്രതീക്ഷയേകി റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും പുതിയ ബൈക്ക് വിപണിയിലേക്ക്
ജാവയുടെ വരവോടെ ഒന്ന് നിറം മങ്ങിയ പ്രതാപം തിരികെ പിടിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്. പുതിയ മോഡലായ ട്രയല്‍സ് ഉടന്‍തന്നെ വിപണിയില്‍ എത്തും.
350 CC, 500 CC വിഭാഗത്തില്‍ യഥാക്രമം 1.62 ലക്ഷം രൂപയും, 2.07 ലക്ഷം രൂപയും വിലവരുന്ന ബൈക്കുകളാണ് അവതരിപ്പിക്കുക. ക്ലാസിക്ക് 350 യെക്കാള്‍ 9100 രൂപയും ക്ലാസിക്ക് 500 നേക്കാള്‍ 5720 രൂപയും കൂടുതലാണ് ട്രയല്‍സിന്.
പിന്‍സീറ്റിന് പകരം ലഗേജ് ക്യാരിയറും ദീര്‍ഘദൂര യാത്രകളെ കരുതി ഉയര്‍ന്ന പിന്‍ ഫെന്‍ഡറുകളും പിന്നിലേക്ക് ഉയര്‍ത്തിവച്ച രീതിയിലുള്ള പുകക്കുഴലുകളുമാണ് നല്‍കിയിട്ടുള്ളത്. മുന്നില്‍ ടെലസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് ഒബ്സര്‍വറുകളും നല്‍കിയിരിക്കുന്നു.
ഡ്യുവല്‍ ചാനല്‍ ABS ല്‍ പ്രവര്‍ത്തിക്കുന്ന 280 mm ബ്രേക്ക് മുന്നിലും 240 mm ഡിസ്ക് ബ്രേക്ക് പിന്നിലും സുരക്ഷ ഉറപ്പുവരുത്തുന്നു. 5 സ്പീഡ് ട്രാന്‍സ്മിഷനോട് കൂടിയ 346 CC സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 20 ps കരുത്തില്‍ 28 Nm ടോര്‍ക്കും, 499 CC എഞ്ചിന്‍ 27.5 ps കരുത്തില്‍ 41.3 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 18 ഇഞ്ച് സ്പോക്ക് വീലുകളോടുകൂടി വിപണിയിലേക്കെത്താന്‍ ഒരുങ്ങുകയാണ് ട്രയല്‍സ്.