ഇതൊന്നുമില്ലെങ്കില്‍ പുതിയ പിള്ളേരെ കിട്ടില്ല; ടൂറിസ്റ്റ് ബസുകളുടെ അതിരുവിട്ട ആഘോഷങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍
ആഘോഷങ്ങളില്ലെങ്കില്‍ യുവതലമുറ തിരിഞ്ഞു നോക്കില്ല, ഓട്ടം കിട്ടണമെങ്കില്‍ ഇതൊക്കെ വേണ്ടി വരുമെന്ന് ഉടമകള്‍
സംഭവം ജോറാണ്...കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും കാതടപ്പിക്കുന്ന ശബ്ദവും. ഡി ജെ പാർട്ടിപോലും തോറ്റു പോകും ടൂറിസ്റ്റ് ബസുകൾക്ക് മുന്നിൽ. പക്ഷേ ജീവനക്കാരുടെ കൈവിട്ട കളി കൊണ്ട് പുലിവാലു പിടിച്ചിരിക്കുന്നത് ടൂറിസ്റ്റ് ബസുടമകളാണ്. മോട്ടോർ വാഹന വകുപ്പ് ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ പരിശോധന കർശനമാക്കിയതോടെ ടൂറിസ്റ്റ് ബസുകൾക്ക് പിടി വീണിരിക്കുകയാണ്. എന്നാൽ ബസ് ഉടമകൾക്കും ഇക്കാര്യത്തിൽ ചിലത് പറയാനുണ്ട്.
ഒരു എസി ടൂറിസ്റ്റ് ബസ് നിരത്തിലിറക്കണമെങ്കിൽ അമ്പത് ലക്ഷത്തിലധികം രൂപ ചെലവുണ്ട്. നോൺ എസിയെങ്കിൽ നാൽപത് ലക്ഷവും. മൂന്നു മാസം കൂടുമ്പോൾ നികുതി നൽകേണ്ടത് 36,750 രൂപയിലധികം. ഇൻഷുറൻസ് പ്രതി വർഷം ഒരു ലക്ഷത്തിനടത്തു വരും. ശബ്ദ സംവിധാനവും ലൈറ്റിംഗും കൂടി പത്തു ലക്ഷത്തിലധികം ചെലവിടുന്നവരുണ്ട്. മിനിമം രണ്ടു ലക്ഷം രൂപയെങ്കിലും ഇതിനായി വേണം.
ഇനി ടൂറിസ്റ്റ് ബസുകളുടെ പ്രധാനയാത്രികർ ആരെന്ന് നോക്കാം. വിനോദ യാത്രക്കായി അധികവും ബുക്ക് ചെയ്യുന്നത് കോളേജ് ,സ്‌കൂൾ വിദ്യാർത്ഥി കൾ തന്നെ. പക്ഷേ ബസ് ബുക്ക് ചെയ്യാനെത്തുന്ന കുട്ടികൾക്കും അധ്യാപകർക്കുമുണ്ടാവും ചില ഡിമാൻറുകൾ. ഉത്സവ സീസണിൽ ആനയെ എത്തിക്കുന്നതു പോലെയാണ് കാര്യങ്ങൾ. പാമ്പാടി രാജനും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനുമൊക്കെയുമാണ് അവിടെ താരങ്ങളെങ്കിൽ ഇവിടെ അത് കൊമ്പനും ഫൈവ് സ്റ്റാറുമൊക്കെയാണ്. തലയെടുപ്പും ശബ്ദമികവും തുടങ്ങി ജീവനക്കാരുടെ പെരുമാറ്റവും രൂപവും വരെ ആകർഷക ഘടകങ്ങളാണ്. ട്രിപ്പ് പോകുന്ന ജീവനക്കാരോട് ഉടമകളും ചില നിർദേശങ്ങൾ വെക്കും. ഒന്നു കണ്ണടച്ചേക്കണം.
ഉത്സവ സീസണിൽ ആനയെ എത്തിക്കുന്നതു പോലെയാണ് കാര്യങ്ങൾ. പാമ്പാടി രാജനും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനുമൊക്കെയുമാണ് അവിടെ താരങ്ങളെങ്കിൽ ഇവിടെ അത് കൊമ്പനും ഫൈവ് സ്റ്റാറുമൊക്കെയാണ്. തലയെടുപ്പും ശബ്ദമികവും തുടങ്ങി ജീവനക്കാരുടെ പെരുമാറ്റവും രൂപവും വരെ ആകർഷക ഘടകങ്ങളാണ്.
പിന്നെ കുട്ടികൾക്കും അധ്യാപകർക്കുമൊപ്പം ആഘോഷമാണ്. കൈയിലെ വിദ്യകൾ പലതും കാണിക്കും. ഇല്ലെങ്കിൽ അടുത്ത ടൂറിന് കുട്ടികൾ ഈ ബസ് കൈയൊഴിയുമെന്നത് തന്നെ കാരണം. മത്സരം കടുക്കുകയാണ് ബസുടമകൾ തമ്മിൽ. നിയമവിരുദ്ധമായി ശബ്ദ വിന്യാസവും ബസുകളുടെ രൂപമാറ്റവും ഒക്കെ ഇങ്ങനെ സംഭവിക്കുന്നതാണെന്നാണ് ബസുടമകൾ പറയുന്നത്.
ഇതിനു പിന്നാലെ പുതിയ എൻ.ആർ.ഐക്കാരും ടൂറിസ്റ്റ് ബസ് വ്യവസായ രംഗത്തേക്ക് ഇറങ്ങിയിട്ടുണ്ട്.അവർക്ക് ബസെന്നത് ഒരു പ്രസ്റ്റീജ് കാര്യമാണ്. പണമെറിഞ്ഞ് ബസിന് തലയെടുപ്പ് കൂട്ടും. സംഭവമെന്തായാലും ജീവനക്കാരുടെ കൈവിട്ട കളികൾ ഇപ്പോൾ വ്യവസായത്തെ മൊത്തം ബാധിച്ചിരിക്കുകയാണ്. പിടി വീഴുന്ന ബസുകൾക്ക് രണ്ടായിരം മുതൽ പതിനായിരം വരെയാണ് പിഴ. ഒപ്പം ട്രിപ്പ് കട്ടു ചെയ്യലും...
പ്രളയവും നിപയും കാരണം കഴിഞ്ഞ രണ്ടു വർഷവും സീസൺ മോശമായിരുന്ന ടൂറിസ്റ്റ് ബസ് വ്യവസായം ഇക്കുറി പച്ച പിടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. സാമ്പത്തിക മാന്ദ്യത്തിനു പുറമേ പുതിയ സംഭവ വികാസങ്ങൾ ഈ വ്യവസായത്തെ തകർക്കുമെന്ന ആശങ്കയിലാണ് ബസ് ഉടമകൾ.