'ചെറിയൊരു അബദ്ധം'; 12 ലക്ഷത്തിന്റെ ടിക്കറ്റിന് നാല് ലക്ഷം, അമ്പരന്ന് യാത്രക്കാർ, അബദ്ധം പിണഞ്ഞ് വിമാനക്കമ്പനി
ആസ്‌ട്രേലിയയിൽ നിന്നും അമേരിക്കയിലേക്ക് പുറപ്പെടേണ്ട വിമാനത്തിലാണ് കമ്പനിക്ക് അബദ്ധം പിണഞ്ഞത്.
കാനഡ: കോഡിങ് ഒന്ന് പിഴച്ചതാണ്, ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായ ക്വാണ്ടാസിന് ഫസ്റ്റ്ക്ലാസ് ടിക്കറ്റ് വിൽക്കേണ്ടി വന്നത് വമ്പൻ വിലക്കുറവിൽ.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സോഫ്റ്റ് വെയര്‍ തകരാറിനെ തുടര്‍ന്നുണ്ടായ പിഴവ് മൂലം, യാത്രക്കാർ 'കോളടിച്ചത്'. ആസ്‌ട്രേലിയയിൽ നിന്നും അമേരിക്കയിലേക്ക് പുറപ്പെടേണ്ട വിമാനത്തിലാണ് കമ്പനിക്ക് അബദ്ധം പിണഞ്ഞത്. ഈ റൂട്ടിൽ ഈടാക്കുന്ന നിരക്കിൽ നിന്ന് 85 ശതമാനത്തോളമാണ് യാത്രക്കാർക്ക് ഡിസ്‌കൗണ്ട് ലഭിച്ചത്. സാധാരണ 12 ലക്ഷം രൂപവരെ വിലമതിക്കുന്ന ടിക്കറ്റുകൾ നാല് ലക്ഷം രൂപയിലും താഴെയുള്ള നിരക്കിനാണ് ലഭ്യമായത്. ഏകദേശം എട്ട് മണിക്കൂറോളമാണ് വെബ്‌സൈറ്റിൽ ഇങ്ങനെ നിരക്ക് കുറവ് കാണിച്ചത്.
ഇതിനിടെ തന്നെ 300ലധികം ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്തു. അസാധാരണമാം വിധം ഇങ്ങനെ ടിക്കറ്റ് നിരക്ക് താഴ്ന്നത് വല്ല ഓഫറുമായിരിക്കാം എന്നാണ് ആളുകൾ കരുതിയത്. എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനം, ഷാംപെയ്ൻ, വലിയ സീറ്റ്, കിടക്ക എന്നിവയും മറ്റ് സൗകര്യങ്ങളുമൊക്കെ ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ ഉപയോഗപ്പെടുത്താമായിരുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ല. എങ്ങനെയെങ്കിലും തുക, തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നിയമപ്രകാരം തെറ്റുകള്‍ സംഭവിച്ചാല്‍ ബുക്കിങ് റദ്ദാക്കാനും പിഴവുകള്‍ നികത്തി പുതിയവ പ്രസിദ്ധീകരിക്കാനും ക്വാണ്ടാസിന് കഴിയും. അവരുടെ വെബ്സൈറ്റില്‍ ഇക്കാര്യം പറയുന്നുമുണ്ട്.
അതേസമയം, യാത്രക്കാർക്ക് അധികച്ചെലവില്ലാതെ ബിസിനസ് ക്ലാസ് യാത്ര അനുവദിക്കാമെന്ന നിലപാടിലാണ് എയർലൈൻസ്. ഫസ്റ്റ് ക്ലാസിൽ യാത്ര അനുവദിക്കാനാവില്ല. ബിസിനസ് ക്ലാസ് യാത്രയാണെങ്കിലും സാധാരണയേക്കാൾ 65 ശതമാനത്തോളം കുറഞ്ഞ നിരക്കാണിതെന്നും എയർലൈൻസ് വ്യക്തമാക്കി.
ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ വിമാനക്കമ്പനികള്‍ക്ക് സംഭവിക്കുന്നത് ഇതാദ്യത്തെ സംഭവമൊന്നുമല്ല. 2019ല്‍ ഹോങ്കോങ്ങിന്റെ ദേശീയ വിമാന കമ്പനിയായ കാത്തെ പസഫിക് 13 ലക്ഷത്തിലേറെ നിരക്ക് വരുന്ന ബിസിനസ് ക്ലാസ് സീറ്റുകൾ അമ്പത്തിയാറായിരം രൂപക്കാണ് ലിസ്റ്റ് ചെയ്തിരുന്നത്.
അബദ്ധം പിന്നീട് മനസിലായെങ്കിലും റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ തിരികെ വാങ്ങാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. ടിക്കറ്റ് ലഭിച്ചവരാകട്ടെ കമ്പനിയുടെ ഈ കിഴിവ് നന്നായി ആസ്വിദിക്കുകയും ചെയ്തു. എന്നാൽ പലപ്പോഴും ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ ഇത്തരത്തിലുള്ള പിഴവുകൾ സംഭവിക്കുമ്പോൾ വിമാനക്കമ്പനികൾ വെറുതെ വിടാറില്ല എന്നതാണ് യാഥാര്‍ഥ്യം.
2018ൽ ബ്രിട്ടീഷ് എയർവേയ്‌സ് ദുബായിലേക്കും ടെൽ അവീവിലേക്കുമുള്ള ടിക്കറ്റ് റദ്ദാക്കിയത്, 200 പൗണ്ടിന് പകരം 1 പൗണ്ടിന് വിറ്റതിനെ തുടര്‍ന്നാണ്. കമ്പനി പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും ടിക്കറ്റ് റദ്ദാക്കിയതില്‍ യാത്രക്കര്‍ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് 2000 ല്‍ അധികം യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.