50 ലക്ഷം സൗജന്യ ടിക്കറ്റ്! ഏഷ്യൻ നഗരങ്ങൾ കറങ്ങിക്കാണാം; വമ്പൻ ഓഫറുമായി എയര്‍ ഏഷ്യ
മലേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, സിംഗപ്പൂർ നഗരങ്ങളിലേക്കും ദ്വീപുകളിലേക്കും സൗജന്യ ടിക്കറ്റുമായി യാത്ര ചെയ്യാം. നാളെയാണ് ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസാന തിയതി
ക്വാലാലംപൂർ: വമ്പൻ ഓഫറുമായി മലേഷ്യൻ വിമാന കമ്പനിയായ എയർ എഷ്യ. 50 ലക്ഷം സൗജന്യ ടിക്കറ്റാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 'എയർ ഏഷ്യ ബിഗ് സെയിലി'ന്റെ ഭാഗമായുള്ള ടിക്കറ്റ് വിൽപന കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ചിട്ടുണ്ട്. നാളെ കൂടി ടിക്കറ്റ് സ്വന്തമാക്കാൻ അവസരമുണ്ട്.
2023 ജനുവരി ഒന്നിനും ഒക്ടോബർ 28നും ഇടയിൽ വിവിധ ഏഷ്യൻ നഗരങ്ങളിലേക്ക് യാത്ര നടത്താവുന്ന സൗജന്യ ടിക്കറ്റാണ് എയർ ഏഷ്യ നൽകുന്നത്. 'എയർ ഏഷ്യ ഫ്രീ ടിക്കറ്റ് ഓഫർ' എന്ന പേരിലാണ് സഞ്ചാരികളുടെ ഹൃദയം കവരാൻ പുതിയ പദ്ധതിയുമായി കമ്പനി എത്തിയിരിക്കുന്നത്.
ദക്ഷിണ കിഴക്കനേഷ്യയിൽ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട നഗരങ്ങളെല്ലാം ഓഫറിന്റെ ഭാഗമായുണ്ട്. സിംഗപ്പൂർ, തായ്‌ലൻഡിലെ ക്രാബി, വിയറ്റ്‌നാം ദ്വീപായ ഫൂ ക്വാക്ക്, മലേഷ്യൻ നഗരങ്ങളായ ലങ്കാവി, പെനാങ്, ജോഹോർ ബാറു എന്നിവ സൗജന്യ ടിക്കറ്റുള്ള നഗരങ്ങളുടെ പട്ടികയിലുണ്ട്.
ഇതോടൊപ്പം എയർ ഏഷ്യയുടെ സഹോദര കമ്പനികളിൽ മറ്റു വിദേശരാജ്യങ്ങളിലേക്കും സൗജന്യനിരക്കിൽ ടിക്കറ്റ് ലഭിക്കും. എയർഏഷ്യ എക്‌സ്, തായ് എയർ ഏഷ്യ എക്‌സ് എന്നിവയിൽ ദക്ഷിണ കൊറിയയിലെ സിയോളിലേക്കും ആസ്‌ട്രേലിയയിലെ മെൽബൺ, സിഡ്‌നി, പെർത്ത്, ഓക്ക്‌ലൻഡ് എന്നിവിടങ്ങളിലേക്കും ഡൽഹിയിലേക്കും പറക്കാനാകും. ഇക്കോണമി വിഭാഗത്തിൽ 499 മലേഷ്യൻ റിങ്കിറ്റും(ഏകദേശം 8,000 രൂപ) പ്രീമിയം വിഭാഗത്തിൽ 1,499 റിങ്കിറ്റും(ഏകദേശം 26,100 രൂപ) ആണ് നിരക്ക്.
അടുത്ത മാസം മൂന്നു മുതൽ 2023 ഒക്ടോബർ 23 വരെ ഈ ഓഫർ ലഭ്യമാണ്.
Summary: Air Asia 50 Lakh free flight tickets sale