32-ാം വയസിൽ 10 ജെറ്റുകൾ സ്വന്തം, കോടികൾ ആസ്തിയുള്ള കമ്പനിയുടെ ഉടമ; കനികയുടെ ആകാശവിപ്ലവം
അർബുദം അടക്കമുള്ള പ്രതികൂലാവസ്ഥകളോടെല്ലാം പടവെട്ടിയാണ് ഇന്ത്യൻ ആകാശത്തെ യൂബർ എന്ന പേരിൽ അറിയപ്പെടുന്ന ജെറ്റ്‌സെറ്റ്‌ഗോയ്ക്ക് കനിക തുടക്കമിടുന്നത്
ന്യൂഡൽഹി: ആകാശയാത്ര സാധാരണക്കാരനും താങ്ങാവുന്ന തരത്തിൽ വ്യോമയാനരംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കണമെന്ന സ്വപ്‌നവുമായാണ് കനിക തെക്രിവാൾ വെറും 22-ാം വയസിൽ ഒരു ഏവിയേഷൻ സ്റ്റാർട്ടപ്പിന് തുടക്കമിടുന്നത്. 2012ലായിരുന്നു അത്. പത്തു വർഷങ്ങൾക്കിപ്പുറം 10 സ്വകാര്യ ജെറ്റുകൾ സ്വന്തമായുള്ള രാജ്യത്തെ തന്നെ പ്രമുഖ വനിതാ സംരംഭകയായി അവർ വളർന്നിരിക്കുന്നു! അർബുദം അടക്കമുള്ള പ്രതികൂലാവസ്ഥകളോടെല്ലാം പടവെട്ടിയായിരുന്നു ഈ വളർച്ചയെന്നതാണ് ഈ നേട്ടത്തെ കൂടുതൽ മധുരമുള്ളതാക്കുന്നത്.
ജെറ്റ്... സെറ്റ്... ഗോ..
ജെറ്റ്‌സെറ്റ്‌ഗോ എന്ന പേരിൽ കനിക 2012ൽ തുടങ്ങിയ ആ സ്റ്റാർട്ടപ്പ് ഇപ്പോൾ രാജ്യത്തെ വ്യോമയാനരംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സ്വകാര്യ ആകാശയാത്ര കൂടുതൽ സുതാര്യവും എല്ലാവർക്കും ലഭ്യവും താങ്ങാവുന്നതുമാക്കണമെന്ന സ്വപ്‌നത്തിലായിരുന്നു ആ യാത്ര തുടങ്ങിയത്. ഇപ്പോൾ ഇന്ത്യൻ ആകാശത്തെ യൂബർ എന്നാണ് ജെറ്റ്‌സെറ്റ്‌ഗോ അറിയപ്പെടുന്നത്.
ചാർട്ടേഡ് വിമാനങ്ങളും ഹെലികോപ്ടറുകളും ഏറ്റെടുത്തുനടത്തുകയാണ് ജെറ്റ്‌സെറ്റ്‌ഗോ ചെയ്യുന്നത്. നിരത്തുകളിലെ യൂബർ കാറുകളെപ്പോലെ ആകാശത്തെ ടാക്‌സിയായാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇന്ത്യൻ നഗരങ്ങൾക്കിടയിലാണ് ജെറ്റ്‌സെറ്റ്‌ഗോ സർവീസ് നടത്തുന്നത്. ബ്രോക്കറുമാരുടെ പിടിയിലായിരുന്ന ചാർട്ടേഡ് സ്വകാര്യ വിമാനരംഗത്താണ് കമ്പനി വിപ്ലവം സൃഷ്ടിക്കുന്നത്.
മുൻപ് ആർക്കെങ്കിലും സ്വകാര്യ ജെറ്റ് ലഭിക്കണമെങ്കിൽ ഈ രംഗത്തിന്റെ നിയന്ത്രണം കൈയിലടക്കിവച്ചിരിക്കുന്ന ബ്രോക്കർമാരെ ബന്ധപ്പെടണം. അവർ പരമാവധി കമ്മീഷനുകളെടുത്ത ശേഷം വലിയ തുകയായിരിക്കും ഉപയോക്താവിൽനിന്ന് ഈടാക്കുക. ഇതോടൊപ്പം സ്വകാര്യ ജെറ്റുകൾ വേണ്ടത്ര ലഭ്യവുമല്ലാത്ത പ്രശ്‌നമുണ്ടായിരുന്നു. ഉള്ളതിന്റെ ഓപറേഷൻ സുതാര്യവുമല്ല.
ഈയൊരു സഹാചര്യത്തിനു മാറ്റം സൃഷ്ടിക്കുകയായിരുന്നു സ്റ്റാർട്ടപ്പിനു പിന്നിലെന്ന് കനിക പറയുന്നു. മൂന്നു വർഷത്തോളം ഈ ആശയം മനസിൽ കൊണ്ടുനടന്നു. ഒടുവിൽ ഒരിടത്ത് രേഖപ്പെടുത്തിവച്ച് അത് യാഥാർത്ഥ്യമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചപ്പോഴാണ് അർബുദബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ പുതിയ സ്വപ്‌നങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന സ്ഥിതിയായി. എന്നാൽ, ചികിത്സ പൂർത്തിയാക്കിയിറങ്ങുമ്പോഴും ഇതേ ആശയവുമായി ആരും രംഗത്തുവന്നിരുന്നില്ലെന്ന് കനിക വെളിപ്പെടുത്തി.
അർബുദത്തെ തോൽപിച്ച്
ഭോപ്പാലിൽ ഒരു യാഥാസ്ഥിതിക മാർവാഡി കുടുംബത്തിലായിരുന്നു ജനനം. റിയൽ എസ്റ്റേറ്റ് വ്യവസായിയായിരുന്നു പിതാവെങ്കിലും പെൺകുട്ടികൾക്ക് വലിയ സ്വപ്‌നങ്ങൾ കാണാനൊന്നും കുടുംബത്തിൽ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഇതിനിടയിലും നാലാം വയസിൽ തന്നെ പൈലറ്റാകണമെന്ന മോഹം മനസിലുദിച്ചു.
ഊട്ടിയിലെ ലോറൻസ് പബ്ലിക് സ്‌കൂളിലെ ബോർഡിങ്ങിൽ ചേർത്തു ചെറുപ്രായത്തിൽ തന്നെ കനികയെ അച്ഛൻ. ഇതിനിടയിൽ പഴയ സ്വപ്‌നം മനസിൽ വളർന്നുവരുന്നുണ്ടായിരുന്നു. പിന്നീട് എക്‌ണോമിക്‌സിൽ ബിരുദപഠനത്തിനായാണ് മുംബൈയിലെത്തിയത്. എന്നാൽ, അതു പാതിവഴിയിൽ ഉപേക്ഷിച്ച് എം.ബി.എ പഠനത്തിനായി ലണ്ടനിലെ കോവെൻട്രി സർവകലാശാലയിൽ ചേർന്നു.
ആ സമയത്താണ് സജീവമായി ബിസിനസ് ഡെവലപ്‌മെന്റിന്റെ ഭാഗമായി എയറോസ്‌പേസ് റിസോഴ്‌സസിൽ ശ്രദ്ധിച്ചുതുടങ്ങുന്നത്. 2011ൽ പുതിയൊരു സ്റ്റാർട്ടപ്പ് തുടങ്ങുക എന്ന സ്വപ്‌നത്തോടെ നാട്ടിലേക്കു തിരിച്ചു. എന്നാൽ, അപ്പോഴാണ് വില്ലനായി അർബുദമെത്തുന്നത്. അർബുദത്തിന്റെ രണ്ടാം ഘട്ടത്തിലായിരുന്നതിനാൽ മികച്ച ചികിത്സയിലൂടെ തന്നെ രോഗം ഭേദമാക്കാനായി.
രോഗം ഭേദമായതോടെ വീണ്ടും സ്റ്റാർട്ടപ്പ് സ്വപ്‌നങ്ങൾ പൊടിതട്ടിയെടുത്തു. എന്നാൽ, എതിർപ്പുമായി മാതാപിതാക്കളെത്തി. നിലവിലെ ആരോഗ്യസ്ഥിതിയിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ മാത്രം ശേഷിയായിട്ടില്ലെന്ന് അവർ പറഞ്ഞു പിന്തിരിപ്പിച്ചെങ്കിലും ഉറച്ച നിശ്ചയദാർഢ്യവുമായി ഡൽഹിയിലേക്കു തിരിച്ചു.
അങ്ങനെയാണ് സുഹൃത്ത് സുധീർ പെർളയ്‌ക്കൊപ്പം ചേർന്നാണ് ജെറ്റ്‌സെറ്റ്‌ഗോയ്ക്ക് തുടക്കമിടുന്നത്. 100 ഡോളറുമായി തുടങ്ങിയ സ്റ്റാർട്ടപ്പ് ഇപ്പോൾ പ്രതിമാസം 10 ലക്ഷത്തിലേറെ വരുമാനമുള്ള വലിയ കമ്പനിയായി മാറിയിരിക്കുന്നു. 28 വിമാനങ്ങളും നാല് ഹെലികോപ്ടറുകളും ഇപ്പോൾ കമ്പനി സ്വന്തമായി നടത്തുന്നുണ്ട്. 2016ൽ 70 മില്യൻ ആസ്തി ഒറ്റ വർഷം കൊണ്ട് 500 മില്യനായാണ് കുതിച്ചുയർന്നത്. നിലവിൽ 10 സ്വകാര്യ ജെറ്റുകളും കനികയ്ക്കു സ്വന്തമായുണ്ടെന്നാണ് വിവരം.
Summary: Life-story of Kanika Tekriwal, JetSetGo CEO