ജീവനൊടുക്കാൻ ശ്രമിച്ച് യാത്രക്കാരൻ: വിമാനം അടിയന്തിരമായി ഇറക്കി
വിമാനത്തിനുള്ളിലെ ശുചിമുറിയിലാണ് യാത്രക്കാരൻ ജീവനൊടുക്കാൻ നോക്കിയത്.
ബ്രിട്ടൻ: യാത്രക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി ഇറക്കി. ബാങ്കോക്കില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ഇവിഎ എയറിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വിമാനത്തിനുള്ളിലെ ശുചിമുറിയിലാണ് യാത്രക്കാരൻ ജീവനൊടുക്കാൻ നോക്കിയത്. പിന്നാലെ ഹീത്രൂ എയർപോർട്ടിൽ വിമാനം ഇറക്കുകയായിരുന്നു. വിമാനത്തിനുള്ളിലെ ജീവനക്കാരാണ് ഏറെ സമയം കഴിഞ്ഞിട്ടും ശുചിമുറിയിൽ നിന്നും പുറത്തിറങ്ങാത്ത യാത്രക്കാരനെ ശ്രദ്ധിക്കുന്നത്. ജീവനക്കാരാണ് ഇയാളെ പുറത്തിറക്കുന്നതും.
പിന്നാലെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു. അതേസമയം യാത്രക്കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ വ്യക്തമല്ല. പ്രാദേശിക സമയം വൈകീട്ട് ഏഴ് മണിയോടെയാണ് ഹീത്രൂ എയർപോർട്ടിൽ വിമാനം ഇറക്കുന്നത്. ഉടനെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
വാർത്ത സ്ഥിരീകരിച്ച ഇവിഎ എയർ സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷത്തിന്റെ തുടക്കത്തിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. യുകെയിൽ നിന്നും സ്‌പെയ്‌നിലേക്ക് പോയ റയാൻഎയറാണ് പോർച്ചുഗലിൽ അടിയന്തിരമായി ഇറക്കിയത്.