ടെസ്‌ലയെയും എലോൺ മസ്‌കിനെയും സംസ്ഥാനത്തേക്ക് ക്ഷണിച്ച് തെലങ്കാന വാണിജ്യ മന്ത്രി

സുസ്ഥിരതാ സംരംഭങ്ങളിൽ ഒരു ചാമ്പ്യന് ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് ലക്ഷ്യസ്ഥാനമാണ് തെലങ്കാനയെന്ന് മന്ത്രി പറഞ്ഞു

Update: 2022-01-15 15:00 GMT
Editor : abs | By : Web Desk
Advertising

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളെ വ്യവസായം ആരംഭിക്കാൻ തെലങ്കാനയിലേക്ക് സ്വാഗതം ചെയ്ത് വാണിജ്യ മന്ത്രി കെ ടി രാമറാവു. എല്ലാ സഹായങ്ങളും ചെയ്തു തരാമെന്ന വാഗ്ദാനവുമായാണ് തെലങ്കാന സംസ്ഥാന സർക്കാരിൽ നിന്ന് കമ്പനിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള നിർമാണ കേന്ദ്രം സ്ഥാപിക്കാൻ വെല്ലുവിളികൾ നേരിടുന്നതായി ടെസ്‌ല മേധാവി ട്വീറ്റ് ചെയ്തിരുന്നു.

നികുതി അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യ ഗവൺമെന്റ് കടുംപിടുത്തം പിടിക്കുന്നുവെന്ന പരസ്യ പ്രതികരണവുമായാണ് ടെസ്‌ല രംഗത്തെത്തിയത്. സുസ്ഥിരതാ സംരംഭങ്ങളിൽ ഒരു ചാമ്പ്യന്  ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് ലക്ഷ്യസ്ഥാനമാണ് തെലങ്കാനയെന്നുമാണ് മന്ത്രി ട്വീറ്റിലൂടെ പറയുന്നത്.

2019 മുതൽ തന്നെ ടെസ്‌ല കാറുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ മസ്‌ക് നീക്കം നടത്തുന്നുണ്ട്. എന്നാൽ, മൂന്നു വർഷം കഴിഞ്ഞിട്ടും ഇതിൽ കാര്യമായൊരു പുരോഗതിയുമുണ്ടായിട്ടില്ല. തദ്ദേശീയ ഫാക്ടറികൾ, ഇറക്കുമതി തീരുവ തുടങ്ങിയ വിഷയങ്ങളിൽ മോദി സർക്കാർ കടുത്ത നിലപാട് തുടരുന്നതാണ് പ്രധാന കാരണം. ഇറക്കുമതി കുറച്ചാലേ ബജറ്റ് വിലയിൽ ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാനാകൂവെന്നാണ് ടെസ്‌ല പറയുന്നത്. എന്നാൽ, കേന്ദ്രം ഇതുവരെ ഇതിനു വഴങ്ങിയിട്ടില്ല.

കർണാടകയിൽ ടെസ്‌ല ഇന്ത്യ മോട്ടോർസായി രജിസ്റ്റർ ചെയ്തതായി കഴിഞ്ഞ വർഷം ജനുവരിയിൽ ഇവി നിർമാതാവ് പ്രഖ്യാപിച്ചപ്പോൾ ടെസ്‌ല ഇന്ത്യയിൽ ഉടനെത്തുമെന്നാണ് വാഹന ലോകം പ്രതീക്ഷിച്ചിരുന്നത്. ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 60 ശതമാനം മുതൽ 100 ശതമാനം വരെയാണ് നിലവിൽ ഇന്ത്യ കസ്റ്റംസ് തീരുവ ചുമത്തുന്നത്.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News