'രാമക്ഷേത്ര ഉദ്‌ഘാടനം ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട'; കോൺഗ്രസ് തീരുമാനത്തിന് പിന്തുണയേറുന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ ചെപ്പടിവിദ്യ മാത്രമാണ് പ്രതിഷ്ഠാ ചടങ്ങെന്ന് മമത ബാനർജി

Update: 2024-01-11 12:41 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് പിന്തുണയേറുന്നു . ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ ചെപ്പടിവിദ്യ മാത്രമാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. 

ഏറെ കരുതലോടെയാണ് ക്ഷേത്രോദ്‌ഘാടനത്തിൽ നിന്നും വിട്ടു നിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. രാമഭക്തരുടെ വികാരം മുറിപ്പെടുത്താതെ ക്ഷേത്ര ഉദ്‌ഘാടനത്തെ , ബിജെപി രാഷ്ട്രീയ പരിപാടി ആക്കി മാറ്റിയതിലാണ് വിമർശനം. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ മതപരമായ ചടങ്ങായി കാണാനാണ് 140 കോടി ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. എന്നാൽ ബിജെപി സ്വന്തം പാർട്ടി പരിപാടിയായി മാറ്റുകയാണ്, താൻ ജീവിച്ചിരിക്കുന്ന കാലത്തോളം ഹിന്ദുക്കളും മുസ്ലീംകളും തമ്മിലെ വിവേചനം അനുവദിക്കില്ലെന്ന് മമത ബാനർജി വ്യക്തമാക്കി. കോൺഗ്രസ് തീരുമാനം എടുക്കാൻ 21 ദിവസം വൈകിയതിലും 'ഇൻഡ്യ'മുന്നണിയിൽ എതിർപ്പുണ്ട്. 

അതേസമയം, ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനിയെ ക്ഷണിക്കാത്തത് ഏറെ വിവാദമായിരുന്നു. അദ്വാനി ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് വി എച്ച് പി പ്രസിഡന്റ് അലോക് കുമാർ അറിയിച്ചു. പണിപൂർത്തിയാകാത്ത ക്ഷേത്രം രാഷ്ട്രീയ ലക്ഷ്യമിട്ട് തുറന്നു കൊടുക്കുന്നതിൽ കോൺഗ്രസിന് ശക്തമായ എതിർപ്പുണ്ട് . ഇതേകാര്യം ചൂണ്ടിക്കാട്ടി ഹിന്ദു മതത്തിലെ ആത്മീയ നേതാക്കളായ നാല് ശങ്കരാചാര്യന്മാർ എതിർപ്പ് അറിയിച്ചത് ബിജെപിയെ വെട്ടിലാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ ബിജെപി പ്രവർത്തകർ ശങ്കരാചാര്യന്മാർക്കെതിരെ തിരിഞ്ഞിട്ടുണ്ടെങ്കിലും നേതാക്കളോട് സംയമനം പാലിക്കാനാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. 



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News