ടിഗോർ ഇ.വി; വില 11.99 ലക്ഷം മുതൽ 13.14 ലക്ഷം വരെ
നെക്സൺ ഇ.വിയുടെ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന ടിഗോർ ഇ.വി 70 നഗരങ്ങളിൽ 150 ഷോറൂമുകൾ വഴിയാണ് ആദ്യഘട്ടത്തിൽ വിലപനക്കെത്തിക്കുന്നത്
ടാറ്റ മോട്ടോഴ്സിന്റെ രണ്ടാമത്തെ ടിഗോർ ഇ.വി ചൊവ്വാഴ്ച നിരത്തിലിറക്കി. മൂന്ന് വ്യത്യസ്ത മോഡലുകൾക്ക് 11.99 ലക്ഷം, 12.49 ലക്ഷം,12.99 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം വില. ഡ്യൂവൽ ടോൺ ടോപ് എൻഡ് മോഡലിനു മാത്രം 13.14 ലക്ഷം(എക്സ് ഷോറൂം വില) രൂപയായിരിക്കുമെന്ന് കമ്പനി അറിയിച്ചു. നെക്സൺ ഇ.വിയുടെ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന ടിഗോർ ഇ.വി 70 നഗരങ്ങളിൽ 150 ഷോറൂമുകൾ വഴിയാണ് ആദ്യഘട്ടത്തിൽ വിലപനക്കെത്തിക്കുന്നത്.
കാറിന് അന്താരാഷ്ട്ര ഏജൻസിയിൽ (എൻസിഎപി)നിന്ന് സുരക്ഷക്കായുള്ള ഫോർ സ്റ്റാർ റേറ്റിങ് ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. പരിസ്ഥിതി സൗഹൃദ വാഹനമെന്ന് ഖ്യാതിയോടെ പുറത്തിറക്കിയ നെക്സോൺ ഇ.വി ഇതുവരെ 6500 യൂനിറ്റുകൾ വിറ്റു. ആറായിരത്തോളം വീടുകളിൽ ബാറ്ററി ചാർജിങ് സംവിധാനവും ഫിറ്റ് ചെയ്തതായി കമ്പനിയുടെ അധികൃതർ പറഞ്ഞു.
ഇന്‍റീരിയർ രൂപകൽപ്പനയിൽ ചില ബ്ലൂ ആക്സൻറുകൾ ഒഴിച്ചുനിർത്തിയാൽ പരമ്പരാഗത ടിഗോറിന് തുല്യമാണ് ഇ.വി പതിപ്പും. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാല് സ്പീക്കറുകൾ, നാല് ട്വീറ്ററുകൾ, ഐആർഎ കണക്റ്റഡ് കാർ ടെക്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയവയാണ് ടിഗോർ ഇ.വിയുടെ മറ്റ് സവിശേഷതകൾ.
ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിങ് സെൻസറുകൾ, റിയർ പാർക്കിങ് ക്യാമറ, സീറ്റ് ബെൽറ്റ് വാണിങ് എന്നിവയും സുരക്ഷക്കായി ടിഗോറിൽ ഒരുക്കിയിട്ടുണ്ട്. ഹെഡ്‌ലാമ്പുകൾക്കുള്ളിലും 15 ഇഞ്ച് അലോയ് വീലുകളിലും നീല ഹൈലൈറ്റുകളും വാഹനത്തിലുണ്ട്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും പരിഷ്കരിച്ച ഡിആർഎല്ലുകളും പ്രത്യേകതയാണ്.
ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് ടിഗോറിന്റെ മറ്റൊരു പ്രത്യേകത. ടിഗോർ ഇ.വി 60 മിനിറ്റിൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. അതേസമയം സാധാരണ ഗാർഹിക ചാർജിങ് ഉപയോഗിച്ചാൽ 7 മുതൽ 8 മണിക്കൂർ വരെ എടുക്കും. നെക്സണിലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്‌ട്രോൺ ടെകിന്റെ പ്രത്യേകതയാണ്. ഇതും ടിഗോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നെക്സൺ vs തിഗോർ
നെക്സണിൽ, സിപ്‌ട്രോൺ പവർട്രെയിൻ 95kW ഇലക്ട്രിക് മോട്ടോറും 30.2kWh ലിഥിയം അയൺ ബാറ്ററി പാക്കുമാണ് ഉപയോഗിക്കുന്നത്. 127 bhp കരുത്തും 245Nm ടോർക്കും വാഹനം ഉത്പാദിപ്പിക്കും. ഒറ്റ ചാർജിൽ 312 കിലോമീറ്റർ ആണ് റേഞ്ച്. എന്നാൽ ഈ സവിശേഷതകൾ തിഗോറിൽ ഉണ്ടാകില്ല. തിഗോറിൽ 26kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ടാറ്റ വാഗ്ദാനം ചെയ്യുന്നു. ടിഗോറിലെ മോട്ടോർ 75 എച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കും. 5.7 സെക്കൻഡിൽ 0 മുതൽ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിനാകും. കൂടാതെ ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറും IP67 റേറ്റിങും ഉണ്ട്. എട്ട് വർഷം/ 1,60,000 കിലോമീറ്റർ ബാറ്ററി, മോട്ടോർ വാറൻറിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.