ടാറ്റ കുതിക്കുന്നു; ഹ്യുണ്ടായ്‌യെ പിന്തള്ളി വിൽപനയിൽ രണ്ടാം സ്ഥാനത്ത്
ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിലെ വിൽപ്പനയുടെ കാര്യത്തിൽ മുൻനിര കാർ ബ്രാൻഡുകളുടെ പട്ടികയിൽ നിന്നും ഹ്യുണ്ടായ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്
വാഹന വിൽപനയിൽ തകർപ്പൻ പ്രകടനത്തോടെ രണ്ടാം സ്ഥാനത്തേക്കു മുന്നേറി ടാറ്റ മോട്ടോഴ്‌സ്. ഡിസംബറിലെ വിൽപന കണക്കെടുപ്പിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനെ പിന്തള്ളി ഇന്ത്യയിലെ രണ്ടാമത്തെ വലിയ യാത്രാ വാഹന നിർമ്മാതാക്കളായി ടാറ്റ മാറിയെന്ന് ഇന്ത്യാ കാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഡിസംബറിൽ ടാറ്റ മോട്ടോഴ്സ് എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തിയത്. ഡിസംബറിൽ ടാറ്റ മോട്ടോഴ്സ് 35300 കാറുകൾ വിറ്റപ്പോൾ ഹ്യുണ്ടായ് 32,312 യൂണിറ്റുകൾ ആണ് വിറ്റത്. 3.31 ലക്ഷം യൂണിറ്റുകളുടെ വൻ വിൽപ്പനയോടെയാണ് 2021 അവസാനിച്ചത്. ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിലെ വിൽപ്പനയുടെ കാര്യത്തിൽ മുൻനിര കാർ ബ്രാൻഡുകളുടെ പട്ടികയിൽ നിന്നും ഹ്യുണ്ടായ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
പുതിയ കാറുകളുടെ കാര്യത്തിൽ ടാറ്റ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ ടിഗോർ ഇവി പുറത്തിറക്കി. പഞ്ച് ഉപയോഗിച്ച് 2021ൽ മൈക്രോ എസ്യുവി വിഭാഗത്തിലേക്ക് കടന്നിരുന്നു. ഈ വർഷം, ടാറ്റ സിഎൻജിയിൽ പ്രവർത്തിക്കുന്ന ടിയാഗോ, ടിഗോർ എന്നിവ അവതരിപ്പിക്കും. അങ്ങനെ ഐസിഇ, ഇലക്ട്രിക്, സിഎൻജി ഇന്ധന ഓപ്ഷനുകളിൽ വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കാർ നിർമ്മാതാവായി ടാറ്റ മാറും.