അദാനി ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് ആഗോള ബാങ്കുകൾ; വമ്പൻ തിരിച്ചടി

സിറ്റി ഗ്രൂപ്പും ക്രഡി സ്വീസുമാണ് അദാനിക്കെതിരെ തീരുമാനം കൈക്കൊണ്ടത്

Update: 2023-02-02 07:51 GMT
Editor : abs | By : Web Desk
Advertising

സൂറിച്ച്: വായ്പകൾക്ക് ഈടായി അദാനി ഗ്രൂപ്പ് കമ്പനികളുടെ ബോണ്ടുകൾ സ്വീകരിക്കുന്നത് നിർത്തി ആഗോള ബാങ്കുകൾ. സൂറിച്ച് ആസ്ഥാനമായ ക്രഡി സ്വീസും ന്യൂയോർക്ക് ആസ്ഥാനമായ സിറ്റി ഗ്രൂപ്പുമാണ് അദാനിയുടെ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് അറിയിച്ചത്. ഇതുസംബന്ധിച്ച് തങ്ങൾക്കു കീഴിലുള്ള സ്വകാര്യ ബാങ്കുകൾക്ക് ധനകാര്യ സ്ഥാപനങ്ങൾ നിർദേശം നൽകി.

ഹിൻഡൻബർഗ് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികൾ കൂട്ടത്തോടെ ഇടിഞ്ഞതിന് പിന്നാലെയാണ് വിഖ്യാത ധനകാര്യ സ്ഥാപനങ്ങളുടെ തീരുമാനം. ആഗോളതലത്തിൽ അദാനി ഗ്രൂപ്പിന് ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായി ഇതിനെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

അദാനി പോർട് സ്‌പെഷ്യൽ എകണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് എന്നിവ പുറത്തിറക്കുന്ന ബോണ്ടുകൾക്ക് പൂജ്യം മൂല്യമാണ് എന്നാണ് ക്രഡി സ്വീസ് അറിയിച്ചിട്ടുള്ളതെന്ന് ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്തു. 'അദാനി ഇഷ്യൂ ചെയ്യുന്ന സെക്യൂരിറ്റികൾ സ്വീകരിക്കുന്നത് അടിയന്തരമായി നിർത്തുന്നു' എന്നാണ് സിറ്റി ഗ്രൂപ്പ് പുറത്തിറക്കിയ ആഭ്യന്തര മെമോ പറയുന്നത്.

ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഗ്രൂപ്പ് വിൽപ്പന നടത്തുന്നതെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിൽ ആയിരം ബില്യൺ യുഎസ് ഡോളറാണ് (എട്ടു ലക്ഷം കോടിയിലേറെ ഇന്ത്യൻ രൂപ) കമ്പനിയുടെ ആസ്തിയിൽ നിന്ന് ഒലിച്ചുപോയത്. 20,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട തുടർ ഓഹരി സമാഹരണം (ഫോളോ ഓൺ പബ്ലിക് ഓഫര്‍) ബുധനാഴ്ച രാത്രി അദാനി ഗ്രൂപ്പ് നാടകീയമായി റദ്ദാക്കുകയും ചെയ്തു. ധാർമികമായി ശരിയല്ലെന്നും നിക്ഷേപകരുടെ താത്പര്യം വലുതാണെന്നും അറിയിച്ചാണ് അദാനി ഗ്രൂപ്പ് സമാഹരണം വേണ്ടെന്നുവച്ചത്. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നും കമ്പനി അറിയിച്ചു.

അദാനി ഗ്രൂപ്പിന്‍റെ മിക്ക ഓഹരികൾക്കും വിപണിയിൽ ഇന്നും തിരിച്ചടി നേരിടുകയാണ്. ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഓഹരിക്ക് വ്യാഴാഴ്ച രാവിലെ പത്തു ശതമാനം ഇടിവു നേരിട്ടു. അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ എകണോമിസ് സോൺ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ ഓഹരിയിലും പത്തു ശതമാനത്തിന്റെ കുറവുണ്ടായി. അദാനി പവർ, അദാനി വിൽമർ ഓഹരികൾ അഞ്ചു ശതമാനമാണ് ഇടിഞ്ഞത്.

വിപണി മൂല്യം കുറഞ്ഞതോടെ ആഗോള സമ്പന്നപ്പട്ടികയിൽ ഗൗതം അദാനി 16-ാം സ്ഥാനത്തേക്ക് വീണു. തിരിച്ചടിക്ക് പിന്നാലെ, അദാനി കമ്പനികൾക്ക് നൽകിയ വായ്പ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പിന്റെ ഓഹരിത്തകർച്ച സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യും നിരീക്ഷിച്ചു വരികയാണ്. 

Summary: Citigroup Inc.'s and Credit Suisse wealth arms have stopped accepting securities of Gautam Adani's group of firms as collateral for margin loans as banks ramp up scrutiny of the Indian tycoon's finances following allegations of fraud by Hindenburg Research. 





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News