ഒന്നും മിണ്ടില്ല, ഒരു പോസ്റ്റിന് കിട്ടുന്നതോ ആറു കോടി രൂപ! ഖാബി ലാമെ വേറെ ലെവലാണ്

രണ്ടു മുറി വീട്ടില്‍നിന്നാണ് ലാമെ തന്‍റെ ജീവിതം ആരംഭിച്ചത്

Update: 2022-10-30 07:44 GMT
Editor : abs | By : Web Desk
Advertising

ഹായ് ഗയ്‌സ്....യൂട്യൂബിലും ടിക് ടോകിലും ഇങ്ങനെ വായിട്ടലച്ച് പണം സമ്പാദിക്കുന്നവരാണ് മിക്ക സെലിബ്രിറ്റികളും. എക്‌സ്പ്രഷനിടാൻ കോഴ്‌സിന് വരെ ചേരുന്ന കണ്ടന്റ് ക്രിയേറ്റർമാർ ധാരാളം. അക്കാലത്ത്, ക മാ ന്ന് ഉരിയാടാതെ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന ഒരാളുണ്ട്, അങ്ങ് ഇറ്റലിയിൽ. പേര് ഖാബി ലാമെ. ജോലി ടിക് ടോക് വീഡിയോ ക്രിയേഷൻ. ഒരു പ്രൊമോഷണൽ പോസ്റ്റിന് ലാമെയ്ക്ക് കിട്ടുന്നത് എത്രയെന്നോ, 6.17 കോടി രൂപ!

ടിക് ടോകിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന താരമാണ് സെനഗലിൽ ജനിച്ച് ഇറ്റലിയിലേക്ക് കുടിയേറിയ ഖാബി ലാമെ. 150 ദശലക്ഷം പേരാണ് ടിക് ടോകിൽ ഇദ്ദേഹത്തെ പിന്തുടരുന്നത്. ഏതെങ്കിലും കമ്പനിയുടെ പ്രൊമോഷണൽ വീഡിയോ പോസ്റ്റു ചെയ്യുന്നതിന് ഖാബി വാങ്ങുന്ന തുകയാണ് 7.5 ലക്ഷം യുഎസ് ഡോളർ. ഏകദേശം 6.17 കോടി ഇന്ത്യൻ രൂപ. ഒരു പ്രധാന ഹോളിവുഡ് സ്റ്റുഡിയോയാണ് താരവുമായി ഈയിടെ ആറു കോടി രൂപയുടെ കരാറിലേർപ്പെട്ടത്. ഫോബ്‌സ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് ലാമെ ഇക്കാര്യം വെളിപ്പെടുത്തിയത്. 



പാരിസ് ആസ്ഥാനമായ പി.എസ്.ജിയുടെ ലക്ഷ്വറി ബ്രാൻഡ് ഹ്യൂഗോ ബോസിന്റെ പ്രൊമോഷണൽ പോസ്റ്റിന് ലാമെ വാങ്ങിയത് നാലര ലക്ഷം യുഎസ് ഡോളറായിരുന്നു. ഇതാണിപ്പോൾ ഏഴര ലക്ഷം ഡോളറിലെത്തിയിരിക്കുന്നത്.

ലാമെയുമായി സഹകരിക്കുന്ന കമ്പനികൾ ചില്ലറക്കാരല്ല. എക്‌സ് ബോക്‌സ്, നെറ്റ് ഫ്‌ളിക്‌സ്, ആമസോൺ പ്രൈം, ഇന്ത്യൻ കമ്പനി ഡ്രീം ഇലവൻ തുടങ്ങിയ വമ്പന്മാർ തന്നെ 22കാരനുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. പോൾ പോഗ്ബ, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, കിലിയൻ എംബാപ്പെ, പൗളോ ഡിബാല, റഫേൽ വരാനെ എന്നീ വമ്പൻ ഫുട്ബോള്‍ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട് ലാമെ. ഖത്തർ ലോകകപ്പിലെ ബ്രാൻഡ് അംബാസഡറുമാണ്.

തുടങ്ങിയത് രണ്ടുമുറി വീട്ടിൽ

2000 മാർച്ച് ഒമ്പതിന് സെനഗൽ തലസ്ഥാനമായ ദകാറിലാണ് ഖാബിയുടെ ജനനം. ഒന്നാം വയസ്സിൽ ഇദ്ദേഹത്തിന്റെ കുടുംബം ഇറ്റലിയിലെ ഷിവാസോയിലേക്ക് കുടിയേറി. പഠനത്തിന് ശേഷം ടൂറിനിലെ ഫാക്ടറിയിൽ ഓപറേറ്ററായി ജോലി ചെയ്തു. എന്നാൽ കോവിഡ് കാലത്ത് 2020 മാർച്ചിൽ ഖാബിയെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. 


ഗേൾഫ്രണ്ട് സൈറ നുച്ചിക്കൊപ്പം ഖാബെ ലാമെ

എന്തു ചെയ്യുമെന്ന് ആലോചിച്ചിരിക്കുന്ന വേളയിലാണ്, രണ്ടുമുറി മാത്രമുള്ള ആ ചെറിയ വീട്ടിൽ വച്ച് ലാമെ ടിക് ടോക് ഡൗൺലോഡ് ചെയ്ത് ഒരു വീഡിയോ പോസ്റ്റു ചെയ്തത്. എല്ലാ ടിക് ടോക് ക്രിയേറ്റേഴ്‌സിനെയും പോലെ, നൃത്തവും കോമഡിയുമൊക്കെ ആയിരുന്നു ഖാബെയുടെയും ഐറ്റങ്ങൾ. 2021ന്റെ തുടക്കത്തിൽ ലൈഫ് ഹാക്ക് വീഡിയോകളിലേക്ക് തിരിഞ്ഞു.

ഒന്നും പറയാതെ, ആംഗ്യങ്ങൾ കൊണ്ടു മാത്രം കാര്യങ്ങൾ ആശയവിനിമയം ചെയ്യുന്നതാണ് താരത്തിന്റെ രീതി. വീഡിയോകൾ ക്ലിക്കായതോടെ ലാമെയുടെ പ്രശസ്തിയും റോക്കറ്റു പോലെ കുതിച്ചു. 2021 ഏപ്രിലിൽ ജിയാൻലൂക വാഷിയെ പിന്തള്ളി ഇറ്റലിയിലെ ഏറ്റവും വലിയ ടിക് ടോക് സെലിബ്രിറ്റിയായി. 2022 ജൂൺ 22ന് ചാർലി ഡമേലിയോയെ രണ്ടാം സ്ഥാനത്താക്കി ലോകത്തെ ഏറ്റവും വലിയ ടിക് ടോക് താരവുമായി ലാമെ.

ടിക് ടോകിൽ നിന്നു മാത്രമല്ല ഇൻസ്റ്റഗ്രാമിൽനിന്നും പണം വാരുന്നുണ്ട് ലാമെ. ഫോബ്‌സിന്റെ കണക്കു പ്രകാരം 2021ൽ മാത്രം ലാമെ സമ്പാദിച്ചത് 10 ദശലക്ഷം യുഎസ് ഡോളറാണ്. 

Summary: TikTok star Khaby Lame has revealed he makes as much as $750,000 per post. In a Fortune interview with Lame published on Wednesday, the social media personality disclosed he's on track to make about $10 million by the end of 2022. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News