സ്വർണത്തിന് വില കുറയുമെന്ന് സൂചന; ബജറ്റിൽ പറയുന്നതിങ്ങനെ

ബജറ്റ് സ്വർണത്തെ എങ്ങനെ ബാധിക്കുന്നു?

Update: 2022-02-01 08:14 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യക്കാരുടെ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നാണ് സ്വർണം. ദിനംപ്രതി കുതിച്ചുയരുന്ന സ്വർണ വില സാധാരണക്കാർക്ക് താങ്ങാനാകില്ലെങ്കിലും അതിൽ നിക്ഷേപം നടത്തിയവർക്ക് സന്തോഷം നൽകുന്നതാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് സ്വർണത്തെ എങ്ങനെ ബാധിക്കുന്നു? പരിശോധിക്കുന്നു.

സ്വർണത്തിന് നിലവിലുള്ള കസ്റ്റംസ് തീരുവ യുക്തിസഹമാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. നിലവിൽ 12.5 ശതമാനമാണ് മഞ്ഞലോഹത്തിന്റെ അടിസ്ഥാന ഇറക്കുമതിച്ചുങ്കം. വെള്ളിയുടേതും അതു തന്നെ. 2019 ജൂലൈയിലാണ് തീരുവ പത്തു ശതമാനത്തിൽ നിന്ന് പന്ത്രണ്ടര ശതമാനമാക്കി വർധിപ്പിച്ചത്. ഇതോടെ സ്വർണവില കുതിച്ചുയരുകയും ചെയ്തു. ഇത് പരിഹരിക്കാൻ സ്വർണ-വെള്ളി ഇറക്കുമതി തീരുവ യുക്തിസഹമാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ പറയുന്നു. തീരുവ കുറയ്ക്കുമെന്ന സൂചനയാണ് മന്ത്രി ബജറ്റിൽ നൽകിയത്.

ഇറക്കുമതിത്തീരുവ 12.5ൽ നിന്ന് 7.5 ശതമാനമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കസ്റ്റംസ് ഡ്യൂട്ടിയും മൂന്നു ശതമാനം സംയോജിത ചരക്കു സേവന നികുതിയും മൂലം സ്വർണ കള്ളക്കടത്ത് കേസുകൾ കൂടി എന്നാണ് ധനമന്ത്രാലയം കരുതുന്നത്. ഇതില്ലാതാക്കാനാണ് തീരുവ കുറയ്ക്കുന്നത്. 


ബജറ്റ് പ്രസംഗത്തില്‍നിന്ന് 


കൊവിഡ് മഹാമാരി മൂലമുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി മാറിയിരിക്കുകയാണെന്ന് വെള്ളിയാഴ്ച അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ പറഞ്ഞിരുന്നു.

നിലവിൽ തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില താഴോട്ടാണ്. 35920 രൂപയാണ് ഇന്നത്തെ ഒരു പവൻ വില. ഈ വർഷം ആദ്യം 36360 രൂപയായിരുന്നു കേരളത്തിലെ സ്വർണവില. ജനുവരി രണ്ടാം വാരം 35,600 വരെ എത്തിയിരുന്നെങ്കിലും പിന്നീട് തിരിച്ചുകയറുകയായിരുന്നു.

പലിശ നിരക്കുകൾ ഉയർത്തുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. പ്രഖ്യാപനത്തോടെ യുഎസ് ഡോളർ കരുത്താർജ്ജിച്ചതും വില കുറയാൻ കാരണമായി. വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ജനം കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വയ്ക്കുകയാണ് ചെയ്യുന്നത്.

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സ്റ്റോക്കുകളും ബോണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ എളുപ്പത്തിൽ പണമാക്കാൻ (ലിക്വിഡേറ്റ്) കഴിയുമെന്ന പ്രത്യേകതയും സ്വർണത്തിനുണ്ട്. രണ്ട് കോവിഡ് കാലത്തും വിപണിയിൽ സ്വർണത്തിന്റെ പ്രകടനം സുസ്ഥിരമായിരുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News