ഓഹരിമൂല്യത്തിൽ കൃത്രിമത്വം; അദാനി ഗ്രൂപ്പിനെ വീണ്ടും വെല്ലുവിളിച്ച് ഹിൻഡൻബർഗ്
ഓഹരിമൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കൻ ഫൊറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിഡൻബർഗിന്റെ കണ്ടെത്തൽ
ന്യൂഡൽഹി: ഓഹരിമൂല്യത്തിൽ കൃത്രിമത്വം നടത്തിയെന്ന ആരോപണത്തിൽ അദാനിഗ്രൂപ്പിനെ വെല്ലുവിളിച്ച് ഹിഡൻ ബർഗ്. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നെന്നും അദാനി ഗ്രൂപ്പിന് പരാതി ഫയൽ നൽകാമെന്നും ഹിഡൻബർഗ് അറിയിച്ചു. നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം. ഓഹരിമൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കൻ ഫൊറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിഡൻബർഗിന്റെ കണ്ടെത്തൽ.
എന്നാൽ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. ഹിഡൻബർഗിന്റെ കണ്ടെത്തലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം. ഇതിന് മറുപടിയായാണ് ഹിഡൻബർഗ് രംഗത്തെത്തിയത്. തങ്ങളുന്നയിച്ച 88 ചോദ്യങ്ങളിൽ ഒന്നിന് പോലും അദാനിഗ്രൂപ്പ് മറുപടി പറഞ്ഞിട്ടില്ല. രണ്ട് വർഷത്തെ ഗവേഷണത്തെയാണ് ചെറുതായി കാണുന്നത്. കണ്ടെത്തലിൽ ഉറച്ച് നിൽക്കുന്നെന്നും അദാനിഗ്രൂപ്പിന് അമേരിക്കയിൽ പരാതി ഫയൽ ചെയ്യാമെന്നും ഹിഡൻബർഗ് തിരിച്ചടിച്ചു.
അതേസമയം, ഹിഡൻബർഗിന്റെ റിപ്പോർട്ട് കനത്ത പ്രഹരമാണ് അദാനിഗ്രൂപ്പിന് ഓഹരി വിപണിയിൽ ഉണ്ടാക്കിയത്. ഒറ്റ ദിവസം കൊണ്ട് 90,000 കോടിയുടെ നഷ്ടമാണ് ഓഹരി വിപണയിൽ ഉണ്ടായത്. ഹിഡൻബർഗ് കണ്ടെത്തൽ നുണയാണെന്ന് പറഞ്ഞെങ്കിലും നഷ്ടം നികത്താനായില്ല. ഹിഡൻബർഗിന്റെ കണ്ടെത്തൽ ബിജെപിക്കും അദാനിഗ്രൂപ്പിനും രാഷ്ട്രീയമായും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഹിഡൻബർഗിന്റെ പോസ്റ്റ് ഷെയർ ചെയ്ത് കുരുക്ക് മുറുകുകയാണോയെന്നും മോദിക്ക് ഇത് സഹിക്കാൻ പറ്റുമോയെന്നുമാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.