അദാനി ഓഹരിയിൽ എൽ.ഐ.സിക്ക് തിരിച്ചടി; ഓഹരിവിപണി മൂല്യത്തിൽ കുത്തനെ ഇടിവ്
മറ്റു ആഭ്യന്തര സ്ഥാപനങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ ഓഹരി ഉടമയാണ് എൽഐസി
അദാനി ഗ്രൂപ്പിലെ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ (എൽഐസി) നിക്ഷേപങ്ങൾ വീണ്ടും നഷ്ടത്തിലേക്ക്. ഓഹരിവിപണി മൂല്യത്തിൽ 30,000 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണി അതിന്റെ നിക്ഷേപ മൂല്യത്തിലും താഴെയായി. ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനികളിലെ എൽഐസിയുടെ വിപണിമൂല്യം ഏകദേശം 27,000 കോടിക്കടുത്തായിരുന്നു. ഇന്നത്തെ നിക്ഷേപങ്ങളുടെ ഓഹരിവില വെച്ച് പഴയ നിക്ഷേപത്തിന്റെ വില പോലും ഇല്ലാതാകും.
എൽഐസി 30,127 കോടി രൂപയുടെ നിക്ഷേപമാണു വിവിധ കമ്പനികളിലായി നടത്തിയിട്ടുള്ളത്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് ഓഹരികൾ തകർന്നടിഞ്ഞിട്ടും അദാനി എന്റർപ്രൈസസിൽ കൂടുതൽ പണമിറക്കിയ സ്ഥാപനമാണ് എൽഐസി. അദാനി ഗ്രൂപ്പിന്റെ അഞ്ച് വൻകിട കമ്പനികളിൽ നിക്ഷേപമുള്ള സ്ഥാപനവും മറ്റു ആഭ്യന്തര സ്ഥാപനങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ ഓഹരി ഉടമയുമാണ് എൽഐസി.
സ്റ്റോക്ക് എക്സ്ചേഞ്ച് വിവരങ്ങൾ പ്രകാരം അദാനി ഓഹരികളിൽ 28,400 കോടി രൂപയുടെ നിക്ഷേപമാണ് എൽ.ഐ.സിക്കുള്ളത്. അദാനി പോർട്ടിൽ 9.14 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിൽ 5.96 ശതമാനവും അദാനി എന്റർ പ്രൈസസിൽ 4.23 ശതമാനവും അദാനി ട്രാൻസ്മിഷനിൽ 3.65 ശതമാനും അദാനി ഗ്രീൻ എനർജിയിൽ 1.28 ശതമാനും ഓഹരികളാണ് എൽ.ഐ.സിക്കുള്ളത്.