ഡിജിറ്റൽ പോക്കറ്റടിക്കാരെ എങ്ങിനെ സൂക്ഷിക്കാം?
പോക്കറ്റിൽ പണം കൊണ്ടുനടക്കുന്ന കാലമൊക്കെ കഴിഞ്ഞിട്ടുണ്ട്. എന്നാൽ പോക്കറ്റടിക്കാർക്ക് ഇപ്പോഴും ഒരു കുറവുമില്ല. പക്ഷെ ഡിജിറ്റൽ കള്ളന്മാരാണെന്ന വ്യത്യാസം മാത്രം. അതുകൊണ്ട് തന്നെ പോക്കറ്റടിക്കാരെ സൂക്ഷിക്കുന്നതിനേക്കാൾ ജാഗ്രത വേണം
കോവിഡിന് ശേഷം പണം ഇടപാട് സംവിധാനങ്ങളൊക്കെ ഭൂരിഭാഗവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയിട്ടുണ്ട്. യുപിഐയും ഡെബിറ്റ്,ക്രെഡിറ്റ് കാർഡ് ഇടപാടുകളും മൊബൈൽ ആപ്പുകളുമൊക്കെയാണ് ഇപ്പോൾ ആളുകൾ ആശ്രയിക്കുന്നത്. പോക്കറ്റിൽ പണം കൊണ്ടുനടക്കുന്ന കാലമൊക്കെ കഴിഞ്ഞിട്ടുണ്ട്. എന്നാൽ പോക്കറ്റടിക്കാർക്ക് ഇപ്പോഴും ഒരു കുറവുമില്ല. പക്ഷെ ഡിജിറ്റൽ കള്ളന്മാരാണെന്ന വ്യത്യാസം മാത്രം. അതുകൊണ്ട് തന്നെ പോക്കറ്റടിക്കാരെ സൂക്ഷിക്കുന്നതിനേക്കാൾ ജാഗ്രത വേണം ഇപ്പോൾ. ജിജദിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കാനും അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കാനുമൊക്കെ ശ്രദ്ധ വേണം. അതിന് വേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ആർബിഐ നിർദേശങ്ങൾ ശ്രദ്ധിക്കുക
2016 മുതൽ ആർബിഐ സാമ്പത്തിക സാക്ഷരതാവാരം സംഘടിപ്പിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി പല നിർദേശങ്ങളും ഉപയോക്താക്കൾക്കായി നൽകി വരുന്നു. ഡെബിറ്റ്,ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യുന്നവരോട് എല്ലാ ഇടപാടുകൾക്കും മുമ്പായി മുന്നറിയിപ്പ് സന്ദേശം നൽകാൻ ആർബിഐ നിർദേശമുണ്ട്. എസ്.എം.എസ്/ ഇമെയിൽ അലേർട്ടുകൾക്ക് സൈൻഅപ്പ് ചെയ്യാനും ആർ.ബി.ഐ നിർദേശിച്ചിരുന്നു.
'BEWare' എന്ന ബുക്ക് ലെറ്റിലൂടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ സ്വീകരിച്ചിരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ആർ.ബി.ഐ പറയുന്നുണ്ട്.
പരിശോധന നിർബന്ധം
ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് കൃത്യമായി നിരീക്ഷിക്കുന്നത് നല്ലതാണ്. എവിടെയൊക്കെ പണം ചെലവിട്ടു എത്ര തുക അക്കൗണ്ടിൽ നിന്ന് പോയിട്ടുണ്ട് തുടങ്ങിയ വിവരങ്ങളൊക്കെ ശ്രദ്ധിക്കണം. ഇത് ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ പണം നഷ്ടമായിട്ടുണ്ടെങ്കിൽ തിരിച്ചറിയാൻ സാധിക്കും. അതുപോലെ പിൻനമ്പർ രഹസ്യമാക്കി വെക്കണം. കൗണ്ടറിലുള്ള ജീവനക്കാർക്ക് കാർഡ് നൽകിയ ശേഷം പിൻ നമ്പർ പറഞ്ഞുകൊടുക്കുന്ന രീതി ചിലർക്ക് ഉണ്ട്. ഇത് നല്ലതല്ല. പിൻ നമ്പർ രഹസ്യമാക്കി വെക്കുന്നത് ബാങ്ക് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്. കൗണ്ടറുകളിലും എടിഎം മെഷീനിലും മറ്റും മറ്റുള്ളവർ കാൺകെ പിൻ നമ്പർ അടിക്കരുത്.
ഇൻ ആപ്പ് കസ്റ്റമർ സപ്പോർട്ട് ഉപയോഗിക്കുക:
ബാങ്ക് ആപ്പുകളുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങളുണ്ടായാൽ നേരെ ഇന്റർനെറ്റിൽ ഏതെങ്കിലും കസ്റ്റമർ കെയർ നമ്പറുണ്ടോയെന്ന് അന്വേഷിക്കുന്നതാണ് പൊതുവിലെ രീതി. പലപ്പോഴും തെറ്റായ നമ്പറുകളിൽ വിളിച്ച് ബാങ്കിങ് വിശദാംശങ്ങളടക്കം അവർക്ക് നൽകുന്നവരുണ്ട്. ഇത് ചിലപ്പോൾ തട്ടിപ്പുകാരാകാം. അതിനാൽ ഇതിനൊന്നും പോകാതെ അതേ ആപ്പിലെ കസ്റ്റമർസപ്പോർട്ടിന്റെ സഹായം തേടുന്നതാണ് സുരക്ഷിതം. ആർ.ബി.ഐയുടെ അല്ലെങ്കിൽ ബാങ്കിന്റെ പ്രതിനിധിയെന്നൊക്കെ പറഞ്ഞ് വിളിച്ച് ബാങ്കിങ് വിശദാംശങ്ങൾ ആവശ്യപ്പെട്ടാൽ ആ ചതിക്കുഴിയിൽ വീഴാതിരിക്കുക. ഒരുഘട്ടത്തിലും പിൻ, സി.വി.സി, ഒ.ടി.പി തുടങ്ങിയ ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവെയ്ക്കരുത്.
ഓൺലൈൻ പർച്ചേസിന് ബുദ്ധിപരമായ നീക്കം:
ഓൺലൈൻ ഷോപ്പിങ് പൊതുവെ സുരക്ഷിതമാണെങ്കിലും റീട്ടെയ്ലർമാർ ഡാറ്റകൾ ചോർത്താനുള്ള സാധ്യതയുണ്ട്. അതിനാൽ ഓൺലൈൻ ഷോപ്പിങ്ങിൽ ഡെബിറ്റ് കാർഡുകളേക്കാൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം. കാരണം ഡെബിറ്റ് കാർഡുകളേക്കാൾ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതത്വം ക്രെഡിറ്റ് കാർഡുകൾ നൽകും. കാർഡ് വിവരങ്ങൾ റീട്ടെയ്ലറുടെ വെബ്സൈറ്റുകളിൽ സേവ് ചെയ്ത് ഉപയോഗിക്കാനുള്ള ഓപ്ഷൻ യൂസ് ചെയ്യരുത്. സേവ് ചെയ്ത് ഉപയോഗിക്കുന്നത് പിന്നീടുള്ള പർച്ചേസുകളിൽ കാര്യങ്ങൾ എളുപ്പമാക്കുമെങ്കിലും ഡാറ്റ ചോർന്ന് തട്ടിപ്പുകാരുടെ പക്കലെത്തിയാൽ നിങ്ങൾക്ക് പണം നഷ്ടമാകാൻ ഇടയുണ്ട്.
ക്യു.ആർ കോഡുകൾ ശ്രദ്ധയോടെ ഉപയോഗിക്കുക
നിങ്ങൾക്ക് വലിയ തുക സമ്മാനം കിട്ടിയിട്ടുണ്ടെന്നും അത് സ്വീകരിക്കാൻ ഈ ക്യു.ആർ കോഡ് സ്‌കാൻ ചെയ്യാൻ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങൾ പലർക്കും ലഭിക്കാറുണ്ട്. അത്തരം ക്യു.ആർ കോഡുകൾ സ്‌കാൻ ചെയ്യാൻ പോകരുത്. കടകളിലും മറ്റും ക്യുആർ കോഡുകൾ സ്‌കാൻ ചെയ്ത് പണം നൽകുമ്പോൾ കച്ചവടക്കാരനോട് മർച്ചന്റിന്റെ പേര് ചോദിച്ച് ഉറപ്പുവരുത്തിയശേഷം ഇടപാട് നടത്തുക.
ക്രെഡിറ്റ് കാർഡ് റിപ്പോർട്ടുകളിൽ പരിശോധിക്കുക:
എല്ലാമാസവും നിങ്ങളുടെ ക്രഡിറ്റ് സ്‌കോർ പരിശോധിക്കണം. സ്‌കാറിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത എന്തെങ്കിലും വലിയ മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ പരിശോധിക്കണം. നിങ്ങളുടെ ക്രെഡിറ്റ് കാർഡുകൾക്ക് ക്രെഡിറ്റ് പരിധി സെറ്റ് ചെയ്തുവെയ്ക്കുന്നത് അധിക സുരക്ഷയാണ്. അനധികൃതമായ അല്ലെങ്കിൽ വ്യാജ ഇടപാടുകളിൽ നിന്നും ഇതുവഴി രക്ഷപ്പെടാം.
ടോക്കനൈസേഷനിലൂടെ കാർഡ് സുരക്ഷിതമാക്കുക:
ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആർ.ബി.ഐ ടോക്കണൈസേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡബിറ്റ് കാർഡിലെ വിവരങ്ങൾക്ക് ടോക്കൺ എന്നറിയപ്പെടുന്ന മറ്റൊരു കോഡ് ഉപയോഗിക്കുന്ന രീതിയാണ് ടോക്കനൈസേഷൻ. ഇ- കൊമേഴ്‌സ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കേണ്ടതില്ലെന്നും പകരം ടോക്കനൈസേഷൻ നടപ്പാക്കണമെന്നും ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്.
ബയോ ഓതന്റിഫിക്കേഷൻ
നാലക്ക അല്ലെങ്കിൽ ആറക്ക പിൻ നമ്പറുകളെയാണ് ഓതന്റിഫിക്കേഷന് പൊതുവെ ഉപയോഗിക്കാറുള്ളത്. ഇതിന് പകരം ബയോമെട്രിക് ഓതന്റിഫിക്കേഷനിലേക്ക് പല ആപ്പുകളും മാറുകയാണ്. ഫിംഗർപ്രിന്റ് സ്‌കാനിങ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ടഫോണുകൾ വ്യാപകമായിക്കഴിഞ്ഞു. ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ ഈ രീതി ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷിതമാണ്.