ഒന്നു നിർത്തിയാൽ ക്രൂഡോയിൽ വില ബാരലിന് 380 ഡോളർ വരെ; റഷ്യ പണി തരുമോ?

ധനകാര്യ സ്ഥാപനമായ ജെപി മോര്‍ഗനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്

Update: 2022-07-03 08:57 GMT
Editor : abs | By : Web Desk
Advertising

മുംബൈ: യുക്രൈൻ അധിനിവേശത്തിന് പിന്നാലെ യുഎസും യൂറോപ്യന്‍ യൂണിയനും ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് റഷ്യ തിരിച്ചടിച്ചാൽ എണ്ണവില 'നക്ഷത്രമെണ്ണുമെന്ന്' റിപ്പോർട്ട്. ദിനംപ്രതി അഞ്ചു ദശലക്ഷം ബാരൽ ക്രൂഡോയിൽ ഉത്പാദനം റഷ്യ നിര്‍ത്തിവച്ചാല്‍ വില ബാരൽ ഒന്നിന് 380 ഡോളർ വരെ വർധിച്ചേക്കാമെന്നാണ് ജെപി മോർഗൻ ചേസ് ആൻഡ് കോപറേഷൻ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 100-120 ഡോളറാണ് ക്രൂഡോയിൽ വില. 

ദിവസേന ഇത്രയും ഉത്പാദനം റഷ്യ നിർത്തിവെച്ചാലും അത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ വലിയ തോതിൽ ബാധിക്കില്ലെന്നാണ് ജെപി മോർഗൻ ഗ്ലോബൽ കമ്മോഡിറ്റീസ് സ്ട്രാറ്റജി മേധാവി നടാഷ കനേവ പറയുന്നത്. എന്നാല്‍ ഇങ്ങനെ സംഭവിച്ചാൽ മറ്റു ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക സ്ഥിതി ഭീതിതമായിരിക്കും. 

ക്രൂഡോയിൽ ഉത്പാദനം മൂന്നു ദശലക്ഷം ബാരൽ കുറവു വരുത്തിയാൽ പോലും അസംസ്‌കൃത എണ്ണയുടെ വില 190 ഡോളറിലേക്ക് കുതിക്കും. അഞ്ചു മില്യണാകുമ്പോൾ അത് നക്ഷത്രനിലയിലേക്ക് -stratospheric- (380 യുഎസ് ഡോളർ) ഉയരുമെന്നാണ് അവർ പറയുന്നത്. യുക്രൈൻ യുദ്ധത്തിന് ശേഷം ശരാശരി 120 ഡോളറിന് മുകളിലാണ് അസംസ്‌കൃത എണ്ണയുടെ വില. 2021 ജനുവരിയിൽ 62 ഡോളർ മാത്രമുണ്ടായിരുന്ന ക്രൂഡോയിൽ വിലയാണ് ഇപ്പോൾ 122 ഡോളറിൽ എത്തി നിൽക്കുന്നത്. 



എന്നാൽ ക്രൂഡോയിൽ ഉത്പാദനം നിർത്തിവയ്ക്കുക അത്ര എളുപ്പമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. പരമാവധി 150 ഡോളർ (ബാരൽ ഒന്നിന്) വരെ താങ്ങാനുള്ള ശേഷിയേ നിലവിലെ എണ്ണ സാമ്പത്തിക സംവിധാനത്തിനുള്ളൂവെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. 

എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥയെ തന്നെ തകർക്കുന്ന നീക്കമാകുമത്. രാജ്യത്തിന് വേണ്ട 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ.

അതേസമയം, അധിനിവേശ പ്രതിസന്ധിക്ക് പിന്നാലെ റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താക്കളിലൊന്ന് ഇന്ത്യയായി മാറിയിട്ടുണ്ട്. പരമ്പരാഗത യൂറോപ്യൻ രാജ്യങ്ങൾ പിന്മാറിയ സാഹചര്യത്തിലാണ് മോസ്‌കോ ഇന്ത്യൻ വിപണി പിടിക്കുന്നത്. ജൂണിൽ 1.2 ദശലക്ഷം ബാരൽ ക്രൂഡോയിൽ വരെ റഷ്യ ഇന്ത്യക്ക് വിറ്റു എന്നാണ് ടാങ്കർ ട്രാക്കിങ് വിവരങ്ങളെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്യുന്നത്. ഇറാഖ്, സൗദി എന്നിവിടങ്ങളിൽനിന്നാണ് പരമ്പരാഗതമായി ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇറാഖിൽ നിന്ന് ദിനംപ്രതി 1.01 ദശലക്ഷം ബാരലും സൗദിയിൽ നിന്ന് 6.6 ദശലക്ഷം ബാരലുമാണ് ഇന്ത്യയുടെ ഇറക്കുമതി. ഇറാഖിന്റെ സ്ഥാനമാണ് റഷ്യ ഏറ്റെടുക്കുന്നത്. 

Sumamry: According to analysts at JPMorgan Bank, in the worst-case scenario with a complete ban on Russian oil, the cost of a barrel will rise to $ ൩൮൦ 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News