'രൂപ ഇടിയുന്നതല്ല, ഡോളർ ശക്തിപ്പെടുന്നതാണ്'; കറൻസി ഇടിവിൽ നിർമല സീതാരാമൻ
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യമിടിവാണ് രൂപയ്ക്ക് നേരിട്ടു കൊണ്ടിരിക്കുന്നത്.
വാഷിങ്ടൺ: ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ തുടർച്ചയായ വിലയിടിവിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ. രൂപയുടെ മൂല്യം ഇടിയുന്നതല്ല, ഡോളർ ശക്തിപ്പെടുന്നതാണ് താൻ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.
'ഡോളർ നിരന്തരം ശക്തിപ്പെട്ടു വരുന്നുണ്ട്. ശക്തിപ്പെട്ടുവരുന്ന ഡോളിനെതിരെയുള്ള എല്ലാ കറൻസികളുടെയും പ്രകടനം മോശമാണ്. സാങ്കേതികയെ കുറിച്ച് സംസാരിക്കുകയല്ല. അക്ഷരാർത്ഥത്തിൽ ഇന്ത്യൻ രൂപ ഡോളറിനെതിരെ പിടിച്ചുനിന്നിട്ടുണ്ട്. വികസ്വര രാഷ്ട്രങ്ങളിലെ മറ്റു കറൻസികളേക്കാൾ രൂപയുടെ പ്രകടനം മികച്ചതാണ്' - ഔദ്യോഗിക സന്ദർശനത്തിനായി യുഎസിലെത്തിയ നിർമല പറഞ്ഞു.
കൂടുതൽ ചാഞ്ചാട്ടമുണ്ടാകാതിരിക്കാൻ വിപണിയിൽ ആർബിഐ ശക്തമായി ഇടപെടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച ഒരു ഡോളറിന് 82 രൂപ എന്ന നിലയിലാണ് ഇന്ത്യൻ കറൻസിയുടെ മൂല്യം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യമിടിവാണ് രൂപയ്ക്ക് നേരിട്ടു കൊണ്ടിരിക്കുന്നത്.
രണ്ടായിരത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയിലാണ് ഡോളർ. യൂറോയ്‌ക്കെതിരെ 13 ശതമാനത്തിന്റെയും യെന്നിനെതിരെ 22 ശതമാനത്തിന്റെയും മൂല്യവർധനയാണ് ഈ വർഷം തുടക്കത്തിൽ തന്നെ യുഎൻ കറൻസിക്കു കൈവരിക്കാനായത്. യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കുകൾ വർധിപ്പിച്ചതാണ് ഡോളറിന് ഗുണകരമായത്. ഇതോടെ നിക്ഷേപകർ കൂട്ടത്തോടെ യുഎസ് കറൻസിയിലേക്ക് മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്.