പേടിഎം വിലക്ക്, ഒന്നാം സ്ഥാനത്തിനായി മത്സരിച്ച് ജിപേയും ഫോൺപേയും
ഫോൺപേക്കും ജിപേക്കും ഇടപാടുകളിൽ 10.8 ബില്യൺ വർധന
ഇന്ത്യൻ യു.പി.ഐ ആപ്പുകളിൽ ഒന്നാം സ്ഥാനത്തിനായി മത്സരിച്ച് ഫോൺപേയും ജിപേയും. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പേടിഎമ്മിന്റെ വിലക്കോടെ ജിപേയിലും ഫോൺപേയിലും ഇടപാടുകളുടെ വൻ വർധനവാണുണ്ടായത്. നാഷനൽ പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യയാണ് കണക്കുകൾ പുറത്തുവിട്ടത്.
ഫോൺപേക്ക് 7.7 ശതമാനവും ജിപേക്ക് 7.9 ശതമാനവും വളർച്ചയുണ്ടായി. ഫെബ്രുവരി മാസത്തിൽ 6.1 ബില്യൺ ഇടപാടുകൾ ഫോൺപേയിലും, 4.7 ബില്യൺ ഇടപാടുകൾ ജി പേയിലും നടന്നു.
ഇടപാട് തുകയുടെ അളവിലും ഇരു ആപ്പുകൾക്കും വൻ വർധനവാണുണ്ടായി. വിലക്കിന് മുമ്പ് തന്നെ ആപ്പുകൾ ഇടപാട് കണക്കുകളിൽ പേടിഎമ്മിനൊപ്പമെത്തിയിരുന്നു.
ഫ്‌ലിപ്കാർട്ട് പേയും ആക്‌സിസ് ആപ്പുമാണ് പേടിഎമ്മിന്റെ വിലക്ക് കൊണ്ട് വളർന്ന മറ്റ് ആപ്പുകൾ.
റിസർവ് ബാങ്കിൻറെ ചട്ടങ്ങളിൽ തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുണ്ടെന്ന എക്‌സ്റ്റേണൽ ഓഡിറ്റ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്‌മെൻറ്‌സ് ബാങ്കിന് മേൽ റിസർവ് ബാങ്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയത്.
2024 ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്, പേടിഎം ബാങ്കിൻറെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് ആർ.ബി.ഐ പേടിമ്മിന് നൽകിയത്.