നഷ്ടത്തിലേക്ക് കൂപ്പുകുത്തി പേടിഎം; സിഇഒ വിജയ് ശേഖറിന്റെ പ്രതിദിന നഷ്ടം 128 കോടി!
85000 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യത്തിൽ നിന്ന് നഷ്ടമായിട്ടുള്ളത്
മുംബൈ: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനി പേടിഎമ്മിന്റെ ഓഹരി റെക്കോർഡ് നഷ്ടത്തിൽ. ഇന്ന് ഉച്ച വരെ മാത്രം രണ്ടു ശതമാനത്തിലേറെ ഇടിവാണ് കമ്പനിയുടെ ഓഹരിയിലുണ്ടായത്. ശരാശരി 830 രൂപയാണ് ഇപ്പോഴത്തെ ഓഹരി വില. 1,961 രൂപ വരെയുണ്ടായിരുന്ന ഓഹരിയാണ് ഇപ്പോൾ 50 ശതമാനത്തിലേറെ താഴ്ന്ന് 830യിൽ എത്തി നിൽക്കുന്നത്. കമ്പനിയുടെ വിപണി മൂല്യം 55,000 കോടിയിലേക്ക് താഴ്ന്നു. വൺ 97 കമ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്ന പേരിലാണ് പേടിഎം വിപണിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ദിനംപ്രതി കമ്പനി സിഇഒ വിജയ് ശേഖർ ശർമ്മയ്ക്ക് ശരാശരി 128 കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന് ധനകാര്യ മാധ്യമമായ മണി കൺട്രോൾ റിപ്പോർട്ടു ചെയ്യുന്നു. 8.9 ശതമാനം ഓഹരിയാണ് വിജയ് ശേഖറിന് കമ്പനിയിലുള്ളത്, 998 ദശലക്ഷം യുഎസ് ഡോളറിന്റെ ഓഹരി. നേരത്തെ ഇത് 1.5 ബില്യണായിരുന്നു. ഫോബ്‌സ് പട്ടിക പ്രകാരം 1.3 ബില്യൺ ഡോളറാണ് ശർമ്മയുടെ ആസ്തി.
1.39 ലക്ഷം കോടി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ വിപണിമൂല്യത്തിൽ നിന്ന് ഇതുവരെ 85000 കോടിയാണ് നഷ്ടമായിട്ടുള്ളത്. കഴിഞ്ഞ വർഷം നവംബർ 18നാണ് വൺ 97 കമ്യൂണിക്കേഷൻസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. കമ്പനി റിപ്പോര്‍ട്ടു പ്രകാരം ഡിസംബർ പാദത്തിൽ 778.50 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായിരുന്നത്. മുൻ വർഷം ഇത് 481.70 കോടി രൂപയായിരുന്നു. അതേസമയം, ഓപറേഷനുകളിൽ നിന്നുള്ള വരുമാനം 89 ശതമാനം വർധിച്ച് 1456 കോടിയായി.
വിഖ്യാത നിക്ഷേപകൻ വാറൻ ബഫറ്റിനും ജാക് മാ സ്ഥാപിച്ച ആലി ബാബ ഗ്രൂപ്പിനും നിക്ഷേപമുള്ള കമ്പനിയാണ് പേടിഎം. ആലിബാബ ഗ്രൂപ്പിന്റെ ഭാഗമായ ആന്റ് ഗ്രൂപ്പാണ് പേടിഎമ്മിലെ ഏറ്റവും വലിയ ഓഹരിയുടമ, ഏകദേശം 25 ശതമാനം ഓഹരികൾ ആന്റിന്റെ കൈയിലാണ്. ഇന്ത്യൻ വിപണിയിൽ നേരത്തെ എതിരാളികൾ ഇല്ലാതിരുന്ന പേടിഎം ഇപ്പോൾ ഗൂഗ്ൾ പേ, ഫോൺ പേ, ആമസോൺ പേ തുടങ്ങിയ ഫിൻടെക് കമ്പനികളിൽ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്.