സ്‌പൈസ് ജെറ്റിൽ കൂട്ട പിരിച്ചുവിടൽ; 1,400 പേർക്ക് ജോലി നഷ്ടമാവും
ശമ്പളയിനത്തിൽ വരുന്ന വൻ ബാധ്യത കുറയ്ക്കാനാണ് കമ്പനി കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നത്.
മുംബൈ: പ്രവർത്തനച്ചെലവ് വെട്ടിക്കുറയ്ക്കാൻ കൂട്ട പിരിച്ചുവിടലിനൊരുങ്ങി സ്‌പൈസ് ജെറ്റ്. ജീവനക്കാരുടെ എണ്ണം 15 ശതമാനം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. ഏകദേശം 1,400 തൊഴിലാളികൾക്ക് ഇതിലൂടെ ജോലി നഷ്ടപ്പെടുമെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
നിലവിൽ കമ്പനിക്ക് 30 വിമാനങ്ങളുടെ പ്രവർത്തനത്തിനായി ഏകദേശം 9000 ജീവനക്കാരാണുള്ളത്. ഇതിൽ എട്ട് വിമാനങ്ങൾ ജീവനക്കാരെയടക്കം വിദേശ കമ്പനികളിൽനിന്ന് ലീസിനെടുത്തതാണ്. ജീവനക്കാരെ പിരിച്ചുവിടുമെന്ന റിപ്പോർട്ടുകൾ സ്‌പൈസ് ജെറ്റ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
60 കോടി രൂപയോളമാണ് ജീവനക്കാരുടെ ശമ്പളയിനത്തിൽ കമ്പനിക്ക് ചെലവ് വരുന്നത്. ഇത് കുറയ്ക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. പലർക്കും ഇപ്പോൾ തന്നെ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
സ്‌പൈസ് ജെറ്റിൽ ഏതാനും മാസങ്ങളായി ജീവനക്കാരുടെ ശമ്പളം വൈകിയാണ് വിതരണം ചെയ്യുന്നത്. ജനുവരിയിലെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നാണ് വിവരം. 2,200 കോടി രൂപയുടെ നിക്ഷേപം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും എന്നാൽ ചില നിക്ഷേപകർ മടിക്കുന്നതുകൊണ്ടാണ് പ്രതിസന്ധി തുടരുന്നതെന്നുമാണ് കമ്പനി നൽകുന്ന വിശദീകരണം.