പുതുവത്സരത്തലേന്ന് ഓർഡറുകൾ കുതിച്ചുയർന്നു; ഡെലിവറിക്കിറങ്ങി സൊമാറ്റോ സി.ഇ.ഒ

ട്വിറ്റര്‍ ബയോയില്‍ ഡെലിവറി ബോയ് എന്ന് മാറ്റുകയും ചെയ്തു

Update: 2023-01-01 10:38 GMT
Editor : Lissy P | By : Web Desk
Advertising

പുതുവത്സരത്തലേന്ന് മിക്ക ആളുകളും കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ആഘോഷത്തിന്റെ തിരക്കിലായിരിക്കും. ഈ ആഘോഷങ്ങളുടെ ഭാഗമായി റെക്കോർഡ് ഓർഡറുകളായിരുന്നു ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോക്ക് ലഭിച്ചത്. ഒരു ഓർഡർ പോലും സമയം തെറ്റിക്കാതെ എത്തിക്കാനാനുള്ള തിരക്കിലായിരുന്നു എല്ലാ ജീവനക്കാരും. അവരോടൊപ്പം ഓർഡർ ചെയ്യാനായി മറ്റൊരാൾ കൂടി പോയി. അത് മറ്റാരുമല്ലായിരുന്നു സൊമൊറ്റോയുടെ സി.ഇ.ഒ ദീപീന്ദർ ഗോയലായിരുന്നു അത്.

ട്വിറ്ററിലൂടെയാണ് അദ്ദേഹം താൻ ഡെലിവറിക്കായി പോകുന്ന കാര്യം അറിയിച്ചത്. 'ഇപ്പോൾ ഞാൻ രണ്ട് ഓർഡറുകൾ ഡെലിവർ ചെയ്യാൻ പോകുന്നു. ഒരു മണിക്കൂറിനുള്ളിൽ തിരിച്ചെത്തും,' എന്നായിരുന്നു ദീപീന്ദർ ഗോയലിന്റെ ട്വീറ്റ്.

അതോടൊപ്പം തന്നെ സൊമാറ്റോ, ബ്ലിങ്കിറ്റ് എന്നിവയിലെ ബയോയിലും ഡെലിവറി ബോയ് എന്ന് ചേർക്കുകയും ചെയ്തു. സൊമാറ്റോയുടെ ചുവപ്പ് നിറമുള്ള ജാക്കറ്റ് ധരിച്ച ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്.

കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയ സൊമാറ്റോ സിഇഒ താൻ 4 ഓർഡറുകൾ ഡെലിവർ ചെയ്‌തെന്നും അതിൽ കൊച്ചുമക്കൾക്കൊപ്പം പുതുവത്സരാഘോഷം നടത്തുന്ന പ്രായമായ ദമ്പതികളുമുണ്ടായിരുന്നെന്നും ട്വീറ്റ് ചെയ്തു.

ഇത് ആദ്യമായിട്ടില്ല ദീപീന്ദർ ഗോയൽ ഡെലിവറി ബോയിയാകുന്നത്. വർഷത്തിൽ നാലുതവണയെങ്കിലും അദ്ദേഹം ഡെലിവറിക്കായി നിരത്തിലിറങ്ങാറുണ്ടെന്ന് നൗരി ഡോട്ട് കോമിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായ സഞ്ജീവ് ബിഖ്ചന്ദാനിയെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഒരിക്കൽ പോലും അദ്ദേഹത്തെ ആളുകൾ തിരിച്ചറിഞ്ഞിട്ടില്ലെന്നും സഞ്ജീവ് ബിഖ്ചന്ദാനി പറയുന്നു.

2021 ഡിസംബർ 31 നെക്കാൾ 45 ശതമാനം കൂടുതലായിരുന്നു ഇന്നലെ സൊമാറ്റോക്ക് ലഭിച്ചത്. ഏകദേശം 20 ലക്ഷത്തിലധികം ഓർഡറുകളാണ് സൊമാറ്റോ ഡെലിവറി ചെയ്തത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News